ആലുവ: വ്യാപാരികളുടെ ഹർത്താലിൽ ആലുവയിൽ അക്രമം. ബാങ്ക് കവലയിലെ കമ്മത്ത് റസ്റ്റോറൻറാണ് ഒരു സംഘം ഹർത്താൽ അനുകൂലികൾ ആക്രമിച്ചത്. ആക്രമണത്തിൽ ഉടമക്കും ജീവനക്കാരനും പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് ആക്രമണമുണ്ടായത്. ഹോട്ടൽ പ്രവർത്തിക്കുന്നത് കണ്ട് ഇവിടെയെത്തിയ സംഘം ഉടൻ അടച്ചില്ലെങ്കിൽ ശരിയാക്കുമെന്ന് ഭീഷണിപ്പെടുത്തി പോയത്രേ. 10 മിനിറ്റിനു ശേഷം തിരിച്ചെത്തിയ സംഘം ക്യാഷ് കൌണ്ടറിനു സമീപമുണ്ടായിരുന്ന സാധനങ്ങൾ തട്ടിക്കളയുകയും ഉടമയുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. വാക്കേറ്റത്തെ തുടർന്നാണ് ഉടമ സുധാകര കമ്മത്തിനെ ആക്രമിച്ചത്. ഇതിനിടയിൽ ഇത് ഫോൺ ക്യാമറയിൽ പകർത്തിയ ജീവനക്കാരൻ ശ്രീരാമിനേയും ആക്രമിച്ചു. ഇയാളുടെ 20000 രൂപയുടെ മൊബൈൽ ഫോൺ തകർക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് പോലിസ് എത്തിയപ്പോഴേക്കും അക്രമികൾ പോയിരുന്നു. പരിക്കേറ്റ രണ്ട് പേരും സമീപത്തെ നജാത്ത് ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.