അശ്വതിക്ക് ഇനി എന്‍ഡോസ്കോപി വേണ്ട

കോഴിക്കോട്: കര്‍ണാടകയിലെ കലബുറഗിയില്‍ സീനിയര്‍ വിദ്യാര്‍ഥിനികളുടെ ക്രൂരമായ റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നഴ്സിങ് വിദ്യാര്‍ഥിനി അശ്വതിക്ക് ചികിത്സയില്‍ പുരോഗതി.
കഴിഞ്ഞ ദിവസം നടത്തിയ ബേരിയം സ്വാളോ പരിശോധനയില്‍ അശ്വതിയുടെ അന്നനാളത്തിലെ തടസ്സം നീങ്ങിയതായി കണ്ടത്തെി. ഇതോടെ അന്നനാളം ചുരുങ്ങിയത് വികസിപ്പിക്കാനായി ചെയ്യാന്‍ തീരുമാനിച്ചിരുന്ന എന്‍ഡോസ്കോപി ഇനി നടത്തേണ്ടതില്ളെന്ന് തീരുമാനമായി.
ദ്രവരൂപത്തിലുള്ള ബേരിയം വായിലൂടെ നല്‍കി എക്സ്റേയിലൂടെ നിരീക്ഷിച്ചപ്പോഴാണ് അന്നനാളത്തിലൂടെ ബേരിയം ഇറങ്ങി ആമാശയത്തിലത്തെിയതായി കണ്ടത്തെിയത്. ഉച്ചക്ക് 12.30നായിരുന്നു പരിശോധന നടത്തിയത്.
ചൊവ്വാഴ്ച ചെയ്യേണ്ടിയിരുന്ന എന്‍ഡോസ്കോപി ചെയ്യുന്നതിന്‍െറ തൊട്ടുമുമ്പാണ് ഈ പരിശോധന നടത്തിയത്. പരിശോധന വിജയകരമായതിനത്തെുടര്‍ന്ന് അശ്വതിക്ക് ചൂടുവെള്ളവും മറ്റും നല്‍കിയിട്ടുണ്ട്.
അടുത്തദിവസങ്ങളില്‍ത്തന്നെ ഭക്ഷണം നല്‍കാനാവുമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. വി.പി. ശശിധരന്‍ അറിയിച്ചു. എന്നാല്‍, പനി തുടങ്ങിയതോടെ അശ്വതിയുടെ ആരോഗ്യനില അല്‍പം വഷളായിട്ടുണ്ട്. സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്കിലെ ഗ്യാസ്്ട്രോ എന്‍ററോളജി വിഭാഗത്തിലെ ഐ.സി.യുവില്‍ പ്രത്യേക നിരീക്ഷണത്തിലാണ് പെണ്‍കുട്ടി. പനിയും ശാരീരികാസ്വാസ്ഥ്യവും വര്‍ധിച്ചതിനാല്‍ സന്ദര്‍ശകരെ കര്‍ശനമായി നിയന്ത്രിക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന ആന്‍റിബയോട്ടിക് മാറ്റി വീര്യം കൂടിയതാക്കിയിട്ടുണ്ട്.
ബുധനാഴ്ച ആരോഗ്യ പുരോഗതി വിലയിരുത്താനും തുടര്‍ചികിത്സയുടെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുമായി ചൊവ്വാഴ്ച പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ചേരുന്നുണ്ട്. ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി. സോമന്‍, സൂപ്പര്‍സ്പെഷാലിറ്റി സൂപ്രണ്ട് ഡോ.കെ.എം. കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കുന്ന ബോര്‍ഡില്‍ സര്‍ജറി വിഭാഗത്തിലെ ഡോ. എം.പി. ശ്രീജയന്‍, ഡോ. ഇ.വി. ഗോപി, മെഡിസിന്‍ വിഭാഗം മേധാവി ഡോ. എന്‍.കെ. തുളസീധരന്‍, ഗാസ്ട്രോ എന്‍ററോളജി വിഭാഗം മേധാവി ഡോ. വര്‍ഗീസ് തോമസ്, സര്‍ജിക്കല്‍ വിഭാഗം മേധാവി ഡോ. വി.കെ. പ്രതാപന്‍, മാനസികാരോഗ്യ വിഭാഗം മേധാവി ഡോ. ലളിതപ്രഭ എന്നിവരാണ് ബോര്‍ഡംഗങ്ങള്‍.
അതേസമയം, അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പൂര്‍ത്തിയായാല്‍ ഉടന്‍ റിപ്പോര്‍ട്ട് കലബുറഗി എസ്.പിക്ക് കൈമാറുമെന്നും അന്വേഷണസംഘത്തിന്‍െറ ചുമതലയുള്ള ഡിവൈ.എസ്.പി ജാന്‍വി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാലാംപ്രതി ശില്‍പ ജോസ് കസ്റ്റഡിയിലുണ്ടെന്ന പ്രചാരണം തെറ്റാണെന്നും, ഉടന്‍ പിടികൂടുമെന്നും അവര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.