ദേവസ്വം നിയമനങ്ങൾ പി.എസ്.സിക്ക് വിടരുത് -എൻ.എസ്.എസ്

കോട്ടയം: ദേവസ്വം നിയമനങ്ങൾ പി.എസ്.സിക്ക് വിടരുതെന്ന് എൻ.എസ്.എസ്. നിയമനങ്ങൾ പി.എസ്.സി വഴിയാക്കുമെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശപരമാണ്. സർക്കാറിന്‍റെ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും ബജറ്റ് സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കുന്നു.

ദേവസ്വം നിയമനങ്ങൾ സംബന്ധിച്ച് ധാരാളം വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. ചർച്ചകൾക്കും കമീഷൻ റിപ്പോർട്ടുകൾക്കും ശേഷമാണ് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന് രൂപം നൽകിയത്. ബോർഡിന്‍റെ പ്രവർത്തനം ശൈശവദശയിലാണ്. മതേതര സ്ഥാപനമായ പി.എസ്.സി ഒരു ഹൈന്ദവ സ്ഥാപന നിയമനത്തിൽ ഇടപെടുന്നതായി ആക്ഷേപം ഉയരുമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശം വിഷയത്തിലെ നിലപാട് വ്യക്തമാക്കുന്ന പ്രമേയവും ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ചു. ഒാരോ ആരാധനാലയങ്ങളിലും നിലനിൽക്കുന്ന ആചാരാനുഷ്ടാനങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത അതാത് സമൂഹത്തിനുണ്ട്. ശബരിമലയിലെ ആചാരാനുഷ്ടാനങ്ങൾ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. മറ്റ് നിലപാടുകൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും ഈ പ്രമേയത്തിൽ വിശദീകരിക്കുന്നു.

ഇടതു സർക്കാറിന്‍റെ തെറ്റായ നയങ്ങളെ എതിർക്കുമെന്ന് എൻ.എസ്.എസ് മുന്നറിയിപ്പ് നൽകി. യു.ഡി.എഫ് സർക്കാറിന്‍റെ തെറ്റായ നയങ്ങളെ സംഘടന എതിർത്തിരുന്നു. വർഗീയതയോടുള്ള യു.ഡി.എഫിന്‍റെ മൃദുസമീപനമാണ് തെരഞ്ഞെടുപ്പിൽ കനത്ത തോൽവിക്ക് കാരണമെന്നും പ്രമേയത്തിൽ വ്യക്തമാക്കി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.