നര്‍മം വിടാതെ മാര്‍ ക്രിസോസ്റ്റം

കൊച്ചി: മമ്മൂട്ടി കോടതിയില്‍ വാദിച്ചിട്ടില്ലാത്ത, സിനിമയില്‍ മാത്രം വാദിച്ച വക്കീലാണെന്ന് വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം പറഞ്ഞപ്പോള്‍ ഗൗരവക്കാരനായ മമ്മൂട്ടി പോലും മനസ്സറിഞ്ഞു ചിരിച്ചു. ഇങ്ങനെ നുറുങ്ങു തമാശകളുമായി സ്വതസിദ്ധമായ ശൈലിയില്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തന്‍െറ നൂറാം പിറന്നാള്‍ ആഘോഷിച്ചു. നര്‍മത്തില്‍ ചാലിച്ച മഹാ ഇടയന്‍െറ പ്രഭാഷണം ചിരിയോടെയാണ് വേദിയും സദസ്സും സ്വീകരിച്ചത്.

മറ്റുള്ളവര്‍ കാരണമാണ് എല്ലാവരും വലിയവരാകുന്നത്. മറ്റുള്ളവരുടെ കഴിവു കാണാന്‍ കഴിയുന്നവരാകണം നല്ല മനുഷ്യരെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ചുമട്ടുതൊഴിലാളിയായി ജീവിച്ച കാലവും അദ്ദേഹം ഓര്‍ത്തെടുത്തു. നടന്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷനല്‍ ഫൗണ്ടേഷന്‍െറ ആഭിമുഖ്യത്തിലാണ് കൊച്ചി പനമ്പിള്ളി നഗര്‍ അവന്യൂ സെന്‍റര്‍ ഹോട്ടലില്‍ വലിയ മെത്രാപ്പോലീത്തയുടെ പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. ചടങ്ങുകള്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.

മെത്രാപ്പോലീത്ത ഇനിയും നൂറുവര്‍ഷം കൂടി ജീവിച്ചിരിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മമ്മൂട്ടി പറഞ്ഞു. ഓരോരുത്തരും അവനവനുള്ളിലെ തിന്മയോടാണ് പൊരുതേണ്ടത്. മനുഷ്യനെ വെളിച്ചത്തിലേക്ക് നയിച്ച വ്യക്തിയാണ് മെത്രാപ്പോലീത്ത. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍െറ നൂറാം പിറന്നാളാഘോഷം ഒരു ദിവസത്തില്‍ ഒതുങ്ങരുതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

കേക്ക് മുറിച്ചാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമിട്ടത്. മെത്രാപ്പോലീത്തക്ക് ജന്മദിന സമ്മാനമായി ക്ഷേമ പദ്ധതികളാണ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചത്. ആദിവാസി സമൂഹത്തിനിടയില്‍ 100 നേത്ര ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ആവശ്യമുള്ളവര്‍ക്ക് ചികിത്സ നല്‍കും. നേത്ര രോഗ വിദഗ്ധന്‍ ടോണി ഫെര്‍ണാണ്ടസ് ഇതിനുള്ള സഹായം ലഭ്യമാക്കും. ആദിവാസി ഊരുകളില്‍ ക്യാമ്പ് നടത്തി രോഗമുള്ളവര്‍ക്ക് ഹൃദയ ശസ്ത്രക്രിയയും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയും ചെയ്തു കൊടുക്കും. ഇതിന് കൊല്ലത്തെ ട്രാവന്‍കൂര്‍ മെഡിസിറ്റി സഹായം നല്‍കും.

കെയര്‍ ആന്‍ഡ് ഷെയറിന്‍െറ പൂര്‍വികത്തിന്‍െറ മേല്‍നോട്ടത്തിലായിരിക്കും ചികിത്സാ പദ്ധതികള്‍ നടപ്പാക്കുക. ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 0484 3103533 എന്ന ഹെല്‍പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഇത്തരം പദ്ധതികള്‍ നാടിന് മുതല്‍ക്കൂട്ടാണെന്നും സമ്മാനം സ്വീകരിച്ച വലിയ മെത്രാപ്പോലീത്ത പറഞ്ഞു. ഇന്ത്യന്‍ ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം മെത്രാന്‍ പദവിയില്‍ ഇരുന്ന വ്യക്തി എന്ന ബഹുമതിയുള്ള മാര്‍ ക്രിസോസ്റ്റം എട്ടുവര്‍ഷം മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷനായിരുന്നു. 2007ല്‍ അദ്ദേഹം സ്ഥാനം സ്വയം ഉപേക്ഷിക്കുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.