ഒരു വര്‍ഷത്തിനകം 6000തോളം പേര്‍ക്ക് രക്തം; വാട്സ്ആപ്പിലുണ്ട് കണ്ണില്‍ച്ചോരയുള്ള യൗവനം

മലപ്പുറം: സഹൃദയരായ ഒരു കൂട്ടം യുവാക്കള്‍ വലിയ ആസൂത്രണമൊന്നുമില്ലാതെയാണ് കഴിഞ്ഞ വര്‍ഷത്തെ ലോക രക്തദാതാക്കളുടെ ദിനത്തില്‍ മലപ്പുറം കോട്ടക്കുന്നില്‍ ഒത്തുചേര്‍ന്നത്. ജീവകാരുണ്യരംഗത്ത് താല്‍പര്യം പ്രകടിപ്പിച്ച് ക്ളബുകളിലും സന്നദ്ധ സംഘടനകളിലും പ്രവര്‍ത്തിക്കുന്നവരുടെ ചെറിയ കൂട്ടായ്മ മാത്രമായിരുന്നു ലക്ഷ്യം. അന്ന് രൂപീകൃതമായ കെയര്‍ കേരള ചാരിറ്റബ്ള്‍ സൊസൈറ്റിയും കെയര്‍ കേരള ബ്ളഡ് ഡോണേഴ്സ് ഫോറവും ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ കടല്‍കടന്നും പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നു. ഇതുവരെ രക്തം നല്‍കിയത് ആറായിരത്തോളം പേര്‍ക്ക്.

കെയര്‍ കേരള ബ്ളഡ് ഡോണേഴ്സ് ഫോറത്തില്‍ രണ്ടായിരത്തിലധികം അംഗങ്ങളുണ്ട്. വിവിധ മേഖലകളാക്കി തിരിച്ചുണ്ടാക്കിയ വാട്സ്ആപ് ഗ്രൂപ്പുകള്‍ വഴിയാണ് ഇവര്‍ രക്തം നല്‍കാന്‍ സന്ദേശം കൈമാറുന്നത്. രക്തം ആവശ്യമുള്ളവരില്‍നിന്ന് അംഗങ്ങളിലേക്ക് വിളിയത്തെുന്നു. യഥാര്‍ഥമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം രോഗിയുടെ പേര്, രക്തഗ്രൂപ്, ആശുപത്രി, കൂട്ടിരിപ്പുകാരുടെ നമ്പര്‍ മുതലായ വിവരങ്ങള്‍ അതത് മേഖലയിലെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യും. ബ്ളഡ് ഡോണേഴ്സ് ഫോറത്തിലെ അംഗങ്ങളോ രക്തദാനത്തിന് സന്നദ്ധരായ മറ്റുള്ളവരോ താമസിയാതെ ആശുപത്രിയിലത്തെും. തുടര്‍ന്ന് രക്തം നല്‍കിയ വിവരവും പോസ്റ്റ് ചെയ്യും.

രോഗിയുടെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചാല്‍ പോലും ഒരു തുകയും വാങ്ങാതെയാണ് രക്തദാനം. രക്തം നല്‍കാന്‍ തയാറായത്തെുന്ന വിദ്യാര്‍ഥികള്‍ പലപ്പോഴും വണ്ടിക്കൂലി കൈയിലില്ലാത്തവരാകും. ഇത് ബ്ളഡ് ഡോണേഴ്സ് ഫോറം ഭാരവാഹികള്‍ കൊടുക്കും. കേരളത്തില്‍ മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ചും ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും രക്തദാനസേനയുടെ പ്രവര്‍ത്തനം സജീവമാണ്. രണ്ട് മാസംമുമ്പ് സൗദി അറേബ്യയിലും യൂനിറ്റ് രൂപവത്കരിച്ചു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഉടന്‍ ആരംഭിക്കും. വാട്സ്ആപ് ഗ്രൂപ്പില്‍ വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടാതിരിക്കാന്‍ അഡ്മിന്മാര്‍ ജാഗരൂകരാണ്. ബ്ളഡ് ഡോണേഴ്സ് ഫോറത്തിന്‍െറ പ്രവര്‍ത്തകര്‍ സ്ത്രീകളുള്‍പ്പെടെ തങ്ങളുടെ കുടുംബാംഗങ്ങളെയും ഇതുമായി സഹകരിപ്പിക്കുന്നുണ്ട്.

ജീവകാരുണ്യ സന്ദേശം എല്ലാവരിലുമത്തെിക്കുകയും രക്തദാനത്തിന് പ്രേരിപ്പിക്കുകയുമാണ് ലക്ഷ്യം. കെയര്‍ കേരള ചാരിറ്റബ്ള്‍ സൊസൈറ്റിക്കാണ് ബ്ളഡ് ഡോണേഴ്സ് ഫോറത്തിന്‍െറ നിയന്ത്രണം. മാറാരോഗികളെയും കിടപ്പിലായവരെയും സഹായിക്കാന്‍ ‘കെയര്‍ കേരള സ്പര്‍ശ’വും പ്രവര്‍ത്തിക്കുന്നു. മഹത്സന്ദേശം ജനങ്ങളിലത്തെിക്കാന്‍ കെയര്‍ കേരള ബ്ളഡ് ഡോണേഴ്സ് ഫോറം ലോക രക്തദാതാക്കളുടെ ദിനമായ ചൊവ്വാഴ്ച വാഹനജാഥ നടത്തുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.