തെരഞ്ഞെടുപ്പ് ഫലം: കെ.പി.സി.സി മേഖലാ ഉപസമിതികളുടെ റിപ്പോര്‍ട്ട് ജൂലൈ അഞ്ചിനകം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും പരാതികളും പരിശോധിക്കാന്‍ കെ.പി.സി.സി നിയോഗിച്ച നാല് മേഖലാ ഉപസമിതികള്‍ ജൂലൈ അഞ്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പ്രസിഡന്‍റ് വി.എം. സുധീരന്‍. മുന്‍കാല റിപ്പോര്‍ട്ടുകളുടെ ഗതി ഇതിന് ഉണ്ടാവില്ളെന്നും ഉപസമിതിയംഗങ്ങളുടെ സംയുക്തയോഗ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പരാതികള്‍ നീതിപൂര്‍വമായും നിഷ്പക്ഷമായും സത്യസന്ധമായും അന്വേഷിക്കും. അതിനൊപ്പം  തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടി ഘടകങ്ങളുടെ വീഴ്ചയും പരിശോധിക്കും. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ വിവിധ തലങ്ങളിലെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍  നടപടികളെടുക്കും. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഹൈകമാന്‍ഡിന്‍െറ പ്രത്യേക നിര്‍ദേശങ്ങളൊന്നുമില്ല.

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കുനേരെ ഭരണ പിന്‍ബലത്തില്‍ സി.പി.എമ്മിന്‍െറ വ്യാപകമായ അക്രമം നടക്കുകയാണ്. മുഖ്യമന്ത്രിയുടെ നാട്ടില്‍ പോലും അക്രമം നടക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ചവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് സി.പി.എം ശൈലിയായി മാറി. എല്ലാവരെയും ഒന്നായിക്കാണുമെന്നും ക്രിമിനലുകളെ സംരക്ഷിക്കില്ളെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍  അതിനനുസൃതമായ നടപടി പൊലീസിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടും ഫലമില്ല. കേന്ദ്രത്തില്‍ സംഘ്പരിവാറിന്‍െറ  അതേ അസഹിഷ്ണുതയാണ് ഇവിടെ സി.പി.എം സ്വീകരിച്ചിരിക്കുന്നത്. ബി.ജെ.പി വര്‍ഗീയ ഫാഷിസവും സി.പി.എം രാഷ്ട്രീയ ഫാഷിസവുമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അക്രമത്തില്‍നിന്ന് സി.പി.എം പിന്തിരിയുന്നില്ളെങ്കില്‍ പ്രക്ഷോഭപാത സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകും.

യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് ഹൈകമാന്‍ഡില്‍ നിന്ന് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചെയര്‍മാന്‍ സ്ഥാനത്ത് തുടരണമെന്നാണ് മുന്നണിയില്‍ ഐകകണ്ഠ്യേനയുള്ള അഭിപ്രായം. തിങ്കളാഴ്ച  ചേര്‍ന്ന ഉപസമിതികളുടെ സംയുക്തയോഗം ബൂത്തുമുതല്‍ ജില്ലാതലം വരെയുള്ള കമ്മിറ്റികളുടെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താന്‍ തീരുമാനിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.