പത്തനംതിട്ട: കോയിപ്രം പഞ്ചായത്തിൽ ചട്ടലംഘിച്ച് ബി.ജെ.പിയുടെ സത്യപ്രതിജ്ഞ. കോയിപ്രം ഗ്രാമപഞ്ചായത്ത് 4, 5, 9, 11,12 വാർഡുകളിൽ നിന്ന് വിജയിച്ച ബി.ജെ.പി അംഗങ്ങളാണ് ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞയിൽ ദൈവനാമത്തോടൊപ്പം ‘ബലിദാനികളുടെ’ എന്നുകൂടി ചേർത്ത് സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞ ചടങ്ങ് പുല്ലാട് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് നടന്നത്.
മുതിർന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത് റിട്ടേണിങ് ഓഫിസറാണ്. പിന്നീട് മുതിർന്ന അംഗം ജോൺ ചാണ്ടി മറ്റുള്ള അംഗങ്ങൾക്ക് ചൊല്ലിക്കൊടുത്തു. ചിലരെല്ലാം ദൈവനാമത്തിലും ദൃഢപ്രതിജ്ഞയും എടുത്തു. ആ സമയത്താണ് ഇങ്ങനെയൊരു പ്രതിജ്ഞ ബി.ജെ.പി അംഗങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായത്.
ഈ നടപടി ഭരണാഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടികാട്ടി സി.പി.എം ഇരവിപേരൂർ ഏരിയ കമ്മിറ്റിയംഗം എ.കെ. സന്തോഷ് കുമാർ ജില്ല കലക്ടർക്കും വരണാധികാരിക്കും പരാതി നൽകി.
ചാലക്കുടി നഗരസഭയിലെ അഞ്ചാം വാർഡ് കൗൺസിലർ നിധിൻ പുല്ലന്റെ സത്യപ്രതിജ്ഞയും വരാണാധികാരി റദ്ദാക്കി, വീണ്ടും ചൊല്ലിച്ചു. രക്തസാക്ഷികളുടെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ധീര രക്തസാക്ഷികളുടെ നാമത്തിൽ ദൃഢപ്രതിഞ്ജ ചെയ്യുന്നുവന്നാണ് എൽ.ഡി.എഫ് അംഗം നിധിൻ പറഞ്ഞത്. എന്നാൽ, വരണാധികാരിയായ ഡി.എഫ്.ഒ വെങ്കിടേശ്വരൻ ഇത് ചട്ടലംഘനാണെന്ന് ചൂണ്ടിക്കാണിച്ച് വീണ്ടും ചൊല്ലാൻ ആവശ്യപ്പെടുകയായിരുന്നു.
സത്യപ്രതിജ്ഞക്കിടെ കൗൺസിലർക്ക് വയോധികന്‍റെ മർദനം
കൂത്താട്ടുകുളം: സത്യപ്രതിജ്ഞക്കിടെ നഗരസഭ കൗൺസിലർക്ക് വയോധികന്‍റെ മർദനം. കൂത്താട്ടുകുളം നഗരസഭയിലെ സത്യപ്രതിജ്ഞക്കിടെയാണ് 16ാം വാർഡ് കൗൺസിലർ കോൺഗ്രസിലെ ജോമി മാത്യുവിനെ കൂത്താട്ടുകുളം മംഗലത്തുതാഴ പുതുപ്പറമ്പിൽ ജോസഫ് കുര്യൻ (85) ആക്രമിച്ചത്. വലതുവശത്ത് ചെവിക്ക് താഴെയായി ചെറിയ മുറിവേറ്റിട്ടുണ്ട്.
14ാം ഡിവിഷനിലെ കൗൺസിലറെ സത്യപ്രതിജ്ഞക്ക് ഉദ്യോഗസ്ഥർ വിളിക്കുന്നതിനിടെയാണ് ആൾക്കൂട്ടത്തിലിരുന്ന ജോമി മാത്യുവിനെ ജോസഫ് കുര്യൻ ആക്രമിച്ചത്.
ജോമി മാത്യുവിനെ പരാജയപ്പെടുത്താൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ ജോസഫ് ശ്രമിച്ചെന്നാരോപിച്ച് ഇരുവരും തമ്മിൽ ടൗണിൽ വാക്തർക്കവും ചീത്തവിളിയും ഉണ്ടായെന്നും ഇത് തനിക്ക് ഏറെമനോവിഷമം ഉണ്ടാക്കിയെന്നും ജോസഫ് പറയുന്നു. മർദനത്തിനുശേഷം പുറത്തേക്കിറങ്ങിയ ജോസഫ് ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ നടത്തിയ ശ്രമം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജോമി മാത്യുവിനെ ആശുപത്രിയിലേക്കും മാറ്റി.
സത്യപ്രതിജ്ഞക്ക് ക്ഷണിച്ചപ്പോൾ അദ്ദേഹം ആശുപത്രിയിൽ പോയിരുന്നു. 25 അംഗങ്ങളുടെയും സത്യപ്രതിജ്ഞ പൂർത്തിയായ ശേഷമാണ് ജോമി ആശുപത്രിയിൽനിന്ന് തിരികെയെത്തി സത്യപ്രതിജ്ഞ ചെയ്തത്. ഇദ്ദേഹത്തെ തുടർചികിത്സക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂത്താട്ടുകുളം പൊലീസ് ആശുപത്രിയിലെത്തി ജോമി മാത്യുവിന്‍റെ മൊഴി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.