അശ്രദ്ധമായി വാഹനമോടിച്ചുണ്ടാകുന്ന അപകടം: ഒത്തുതീര്‍പ്പാക്കിയാലും കേസ് റദ്ദാക്കാനാവില്ല

കൊച്ചി: അശ്രദ്ധമായോ മദ്യപിച്ചോ സാഹസികമായോ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയാലും കേസ് റദ്ദാക്കാനാവില്ളെന്ന് ഹൈകോടതി. അശ്രദ്ധമൂലമുള്ള വാഹനാപകടങ്ങള്‍ സമൂഹത്തോടുള്ള വലിയ കുറ്റകൃത്യമാണെന്നും ഇത്തരം കേസുകള്‍ പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കിയാലും സമൂഹത്തോട് ചെയ്യുന്ന കുറ്റം അവസാനിക്കുന്നില്ളെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍െറ ഉത്തരവ്. കേസ് പുറത്ത് ഒത്തുതീര്‍പ്പായ സാഹചര്യത്തില്‍ മഞ്ചേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ്  കോടതിയിലുള്ള നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് അഷറഫ് എന്നയാള്‍ നല്‍കിയ ഹരജി തള്ളിയാണ് ഉത്തരവ്. 2011 ഡിസംബറില്‍ ഹരജിക്കാരന്‍ ഓടിച്ച ജീപ്പ് എതിരെ വന്ന ബൈക്കിലിടിച്ച് ഒരാള്‍ മരണപ്പെടുകയും ഒപ്പമുണ്ടായിരുന്ന ഇയാളുടെ മകന് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് അപകടകരമായ വാഹനമോടിക്കല്‍ മരണകാരണമായതിന് ഐ.പി.സി 304 എ വകുപ്പ് പ്രകാരം മഞ്ചേരി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.

എന്നാല്‍, മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കളും ഹരജിക്കാരനും കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കി. തുടര്‍ന്നാണ് തനിക്കെതിരെ കീഴ് കോടതിയിലുള്ള കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്് ഹരജിക്കാരന്‍ ഹൈകോടതിയെ സമീപിച്ചത്. എന്നാല്‍, അപകടകരമായി വാഹനം ഓടിച്ചതിലൂടെ സമൂഹത്തോട് ചെയ്ത തെറ്റിന്‍െറ പേരിലുള്ള കേസ് പ്രതിയും ഇരയും ചേര്‍ന്ന് ധാരണയാകുന്നതിലൂടെ ഇല്ലാതാകുന്നില്ളെന്ന് കോടതി ചൂണ്ടിക്കാട്ടി. സമൂഹത്തോടുള്ള കുറ്റക്യത്യം പണം നല്‍കി തീര്‍പ്പാക്കാനാവില്ല. ഇത്തരം തെറ്റുകള്‍ കോടതിക്ക് പുറത്ത് തീര്‍പ്പാക്കിയാലും ഇല്ലാതാകുന്നുമില്ല. ഇങ്ങനെ കേസുകള്‍ ഇല്ലാതാക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാകും നല്‍കുക. ഒത്തുതീര്‍പ്പിന്‍െറ പേരില്‍  ഇത്തരം കേസുകള്‍ റദ്ദാക്കുന്നത് നിയമത്തോടുള്ള അനീതിയുമാകും. മറ്റുള്ളവരെ പരിഗണിക്കാതെ സാഹസികമായും അപകടകരമായും വാഹനം ഓടിക്കാനും തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാന്‍ ഇത് ഇടയാക്കുമെന്നും കോടതി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.