ആനകള്‍ക്ക് ആശുപത്രി: അപേക്ഷ കേന്ദ്രം തള്ളി

തൃശൂര്‍: ആനകള്‍ക്ക് ആശുപത്രി തുടങ്ങാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. പത്ത് ആനകള്‍ക്ക് ഒരേസമയം ‘കിടത്തി’ ചികിത്സ ലഭ്യമാക്കുന്ന അത്യാധുനിക സൗകര്യങ്ങളോടെ വിഭാവനം ചെയ്ത ‘ഇന്‍റര്‍നാഷനല്‍ എലിഫന്‍റ് ഹോസ്പിറ്റല്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക് ലാബ്’ തുടങ്ങാനുള്ള അപേക്ഷ കേന്ദ്രം തള്ളി. 2014ല്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ പകുതി അനുമതി ലഭിച്ചിരുന്നു. നിര്‍ദിഷ്ട ആശുപത്രിയില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ പങ്ക് വ്യക്തമാക്കാത്തതിനാലാണ് അപേക്ഷ തള്ളിയത്. ആന ഉടമകളും കരാറുകാരും വെറ്ററിനറി ഡോക്ടര്‍മാരും ചേര്‍ന്നാണ് 10 കോടി രൂപ ചെലവില്‍ മൂന്ന് വര്‍ഷംകൊണ്ട് പൂര്‍ത്തിയാവുന്ന വിധത്തില്‍ രാജ്യത്തെ ആദ്യത്തെ ആന ആശുപത്രി എന്ന പദ്ധതി തയാറാക്കിയത്.

വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലുള്ള മണ്ണുത്തിയിലെ അഞ്ച് ഏക്കര്‍ സ്ഥലത്ത് ആനകളെ പരിശോധിക്കാനും പത്ത് ആനകളെ ഒരേസമയം പ്രവേശിപ്പിക്കാനും സൗകര്യമുള്ള, ലബോറട്ടറി അടക്കമുള്ള ആശുപത്രി എന്ന അവകാശവാദമാണ് അതിന് പിന്നിലുള്ളവര്‍ ഉന്നയിച്ചത്. ആന ഉടമ സംഘടനാ പ്രസിഡന്‍റ് കൂടിയായ കെ.ബി. ഗണേഷ്കുമാര്‍ മന്ത്രിയായപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെക്കൂടി സഹകരിപ്പിച്ച് ആശുപത്രി യാഥാര്‍ഥ്യമാക്കാനായിരുന്നു പരിപാടി. സംസ്ഥാന സര്‍ക്കാറിന്‍െറ ആനുകൂല്യങ്ങള്‍ നേടാന്‍ പദ്ധതിയിട്ടെങ്കിലും ആശുപത്രിയില്‍ സര്‍ക്കാറിനുള്ള പങ്ക് വ്യക്തമാക്കിയില്ല.

2015 മേയില്‍ വ്യക്തമായ വിവരം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന വനംവകുപ്പിന് കത്തയച്ചിരുന്നു. തുടര്‍ന്ന് വനംവകുപ്പിന്‍െറ നേതൃത്വത്തില്‍ ആനയുടമകള്‍, കരാറുകാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍ എന്നിവരുടെ യോഗം വിളിച്ചുചേര്‍ത്തു. ആ യോഗത്തില്‍, നിര്‍ദിഷ്ട ആശുപത്രിയില്‍ സംസ്ഥാന സര്‍ക്കാറിന് പങ്കുണ്ടാവില്ളെന്ന് ആനയുടമകള്‍ വ്യക്തമാക്കിയതോടെ യോഗം തീരുമാനത്തിലത്തൊതെ പിരിഞ്ഞു. ഇക്കാര്യം വനംവകുപ്പ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചതോടെയാണ് ആശുപത്രിക്കുള്ള അനുമതി അപേക്ഷ കേന്ദ്രം തള്ളിയത്.

ചില ആന ഉടമകളും വെറ്ററിനറി ഡോക്ടര്‍മാരും അസോസിയേഷന്‍െറ ആശുപത്രി സംരംഭത്തില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇക്കൂട്ടര്‍ തൃശൂര്‍ വെങ്ങാനൂരില്‍ 30 ഏക്കര്‍ സ്ഥലത്ത് കേന്ദ്ര ആയുഷ് വകുപ്പിന്‍െറ അനുമതിയോടെ ആനകള്‍ക്ക് വിപുലമായ ചികിത്സാകേന്ദ്രം ഒരുക്കുമെന്നും ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തറക്കല്ലിടുമെന്നും പറഞ്ഞെങ്കിലും അതും ഉണ്ടായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.