ഗവേഷണ വിവാദം: ദലിത് വിദ്യാർഥിക്ക് 10 ദിവസത്തിനകം പി.എച്ച്.ഡി നൽകും: കൃഷി മന്ത്രി

തൃശൂർ: കേരള കാർഷിക സർവകലാശാലയിൽ തമിഴ്നാട്ടിൽ  നിന്നുള്ള ദലിത് ഗവേഷണ വിദ്യാർഥിക്ക് 10 ദിവസത്തിനകം പി.എച്ച്.ഡി നൽകാൻ അധികൃതരോട് നിർദേശിച്ചതായി പ്രോ ചാൻസലറായ കൃഷി മന്ത്രി വി.എസ് സുനിൽകുമാർ. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയുണ്ടാവും. ഇതുസംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും സുനിൽ കുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നെല്ല് സംഭരിച്ച ഇനത്തിൽ കർഷകർക്കുള്ള കുടിശ്ശിക ഉടൻ കൊടുക്കും. െനല്ല്, പച്ചത്തേങ്ങ സംഭരണം ഊർജിതമാക്കുമെന്നും മന്ത്രി അറിയിച്ചു.

ജാതീയമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടിൽ നിന്നുള്ള ദലിത് ഗവേഷണ വിദ്യാര്‍ഥി രാജേഷിന്‍റെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഹോര്‍ട്ടികള്‍ച്ചര്‍ കോളജിലെ പ്ലാന്‍റ് ബ്രീഡിങ് ആന്‍ഡ് ജനറ്റിക്സ് വകുപ്പ് അധ്യക്ഷ ഉള്‍പ്പെടെയുള്ളവർക്ക് എതിരെ രാജേഷ് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. പരാതി ഒതുക്കാനും അട്ടിമറിക്കാനും തുടക്കത്തില്‍ ശ്രമം നടന്നു. അന്വേഷണസമിതി അംഗങ്ങള്‍ അതിന് കൂട്ടുനില്‍ക്കാതെ വന്നപ്പോള്‍ അതില്‍ ചിലര്‍ക്കെതിരെ മറ്റു ചില ആരോപണങ്ങളുടെ പേരില്‍ കുടുക്കാന്‍ ശ്രമം നടന്നു.

രാജേഷിന് പി.എച്ച്.ഡി നല്‍കാനുള്ള നടപടിക്രമങ്ങള്‍ രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും പരാതി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ പറഞ്ഞിട്ട് മാസങ്ങളായെങ്കിലും ഇതുവരെ ഒന്നും ഉണ്ടായിട്ടില്ല. രാജേഷിനെ മാനസികമായി തളര്‍ത്താന്‍ സര്‍വകലാശാലയിലെ ചില കേന്ദ്രങ്ങള്‍ ബോധവപൂര്‍വം ശ്രമം നടത്തുന്നതായും ആക്ഷേപമുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രോ ചാൻസലർ കൂടിയായ കൃഷി മന്ത്രി റിപ്പോര്‍ട്ട് തേടിയത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.