തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ തമിഴ്നാട്ടില്‍നിന്നുള്ള ദലിത് ഗവേഷണ വിദ്യാര്‍ഥിക്ക് ഗവേഷണത്തിന് നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് പ്രോ ചാന്‍സലറായ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ റിപ്പോര്‍ട്ട് തേടി. തന്നെ ജാതീയമായി പീഡിപ്പിക്കുന്നുവെന്ന രാജേഷ് എന്ന വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍ വിവാദമായ ശേഷം സര്‍വകലാശാല രൂപവത്കരിച്ച പട്ടികജാതി-വര്‍ഗ സെല്ലിന്‍െറ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടുമാസമായിട്ടും വെളിച്ചം കാണുകയോ നടപടി ഉണ്ടാവുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടത്തെലുകള്‍ സൂചിപ്പിക്കാതെ സംഭവം മാത്രം മന്ത്രിയെ അറിയിച്ച് തടിയൂരാന്‍ സര്‍വകലാശാലയില്‍ ശ്രമം നടക്കുന്നതായി അറിയുന്നു.

ഹോര്‍ട്ടികള്‍ച്ചര്‍ കോളജിലെ പ്ളാന്‍റ് ബ്രീഡിങ് ആന്‍ഡ് ജനറ്റിക്സ് വകുപ്പ് അധ്യക്ഷ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് രാജേഷ് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നത്. പരാതി ഒതുക്കാനും അട്ടിമറിക്കാനും തുടക്കത്തില്‍ ശ്രമം നടന്നിരുന്നു. അന്വേഷണസമിതി അംഗങ്ങള്‍ അതിന് കൂട്ടുനില്‍ക്കാതെ വന്നപ്പോള്‍ അതില്‍ ചിലര്‍ക്കെതിരെ മറ്റു ചില ആരോപണങ്ങളുടെ പേരില്‍ കുടുക്കാന്‍ ശ്രമം നടന്നു. രാജേഷിന് പി.എച്ച്ഡി നല്‍കാനുള്ള നടപടിക്രമങ്ങള്‍ രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നും പരാതി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ പറഞ്ഞിട്ട് മാസങ്ങളായി. ഇതുവരെ ഒന്നും ഉണ്ടായിട്ടില്ല.

കുറ്റാരോപിതയായ അധ്യാപികയെ വകുപ്പില്‍തന്നെ നിലനിര്‍ത്തിയാണ് അന്വേഷണം നടന്നത്. പുറത്തുവരാത്ത റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അധ്യാപികക്ക് ലഭിക്കുകയും അന്വേഷണ സമിതിക്കെതിരെ അവര്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്‍െറ പേരില്‍ സമിതി അധ്യക്ഷനോട് വിശദീകരണം തേടാനും ശ്രമമുണ്ടായി. ഭരണസമിതി ചേരാന്‍ കഴിയാത്തതാണ് നടപടി വൈകുന്നതിന് കാരണമായി വി.സി പറഞ്ഞത്.

കഴിഞ്ഞമാസം അവസാനം രജിസ്ട്രാര്‍ പദവിയില്‍നിന്ന് വിരമിച്ച ഡോ. പി.വി. ബാലചന്ദ്രന്‍ അതിനു മുമ്പ് ഭരണസമിതിക്കായി തയാറാക്കിയ കുറിപ്പ് റിപ്പോര്‍ട്ട് വളച്ചൊടിക്കുന്ന തരത്തിലാണെന്ന് പറയപ്പെടുന്നു. രാജേഷിനെ മാനസികമായി തളര്‍ത്താന്‍ സര്‍വകലാശാലയിലെ ചില കേന്ദ്രങ്ങള്‍ ബോധവപൂര്‍വം ശ്രമം നടത്തുന്നതായും ആക്ഷേപമുണ്ട്. ഈ പശ്ചാത്തലത്തിലാണ് കൃഷിമന്ത്രി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.