23 വര്‍ഷത്തിനുശേഷം കോണ്‍സ്റ്റബ്ളിനെ സര്‍വിസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്

നീലേശ്വരം: പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച ചന്ദന തൈലം പച്ചവെള്ളമായ സംഭവത്തില്‍ പിരിച്ചുവിടപ്പെട്ട പൊലീസ് കോണ്‍സ്റ്റബ്ള്‍ വി.വി. കുമാരന്‍ 23 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ സര്‍വിസില്‍ തിരിച്ചത്തെുന്നു. ജോലി നഷ്ടപ്പെട്ട നീലേശ്വരം പള്ളിക്കര കല്ലുങ്കാല്‍ ഹൗസിലെ കുമാരന്‍ അവിവാഹിതനായി കൂലിവേല ചെയ്ത് ജീവിക്കുകയായിരുന്നു. റിട്ട. ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ ചെയര്‍മാനായുള്ള സംസ്ഥാന അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്‍േറതാണ് വിധി.

1993ല്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായിരുന്ന കുമാരനെ പിരിച്ചുവിട്ടത് സര്‍വിസ് ചട്ടലംഘനമാണെന്ന്  വിധിയില്‍ പറഞ്ഞു. 1993 മുതല്‍ 2016 വിധി വന്ന ദിവസം വരെയുള്ള മുഴുവന്‍ ശമ്പളവും പ്രമോഷനോട് കൂടിയുള്ള നിയമനവും നടത്തണമെന്ന് ഉത്തരവിലുണ്ട്. 1993ല്‍ ഏപ്രില്‍ 16നാണ് കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നടപടിക്ക് കാരണമായ സംഭവം നടന്നത്. അന്ന് കുമാരന്‍ പാറാവ് ഡ്യൂട്ടിയിലായിരുന്നു. ഒരു ഉന്നത വ്യക്തിയുടെ വീട്ടില്‍ അനധികൃതമായി  സൂക്ഷിച്ച ഒരു ബാരല്‍ ചന്ദനതൈലം എസ്.ഐ  പിടികൂടിയിരുന്നു. ബാരല്‍ സ്റ്റേഷനില്‍ എത്തിച്ച് ലോക്കപ്പ് മുറിയില്‍ സൂക്ഷിച്ചു. എന്നാല്‍, പിറ്റേദിവസം ചന്ദനതൈലം പച്ചവെള്ളമായതാണ് പിരിച്ചുവിടാനുള്ള കാരണം.

ഏപ്രില്‍ 18ന് കുമാരനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ടു. അന്ന് ജി.ഡി ചാര്‍ജുണ്ടായിരുന്ന കുഞ്ഞികോരന്‍, ദാമോദരന്‍ എന്നിവരെയും അന്വേഷണ വിധേയമായി പിരിച്ചുവിട്ടു. പൊലീസ് വകുപ്പുതല അന്വേഷണത്തില്‍ ചന്ദനതൈലം പച്ചവെള്ളമായത് ശരിയാണെന്ന കണ്ടത്തെലാണ് പിരിച്ചുവിടാനുള്ള കാരണം. 54 വയസ്സുള്ള കുമാരന്  രണ്ട് വര്‍ഷത്തെ സര്‍വിസ് മാത്രമേ ലഭിക്കൂ. ഇനി സര്‍ക്കാര്‍ കനിഞ്ഞാല്‍ വേഗം സര്‍വിസില്‍ കയറാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.