റിസോഴ്സ് അധ്യാപകരുടെ പുനര്‍നിയമനത്തിന് അനുമതി

തിരുവനന്തപുരം: റിസോഴ്സ് അധ്യാപകരുടെ പുനര്‍നിയമനത്തിന് സര്‍ക്കാര്‍ അനുമതി. 717 അധ്യാപകരുടെ നിയമനത്തിനാണ് അനുമതിയായത്. ഇതുസംബന്ധിച്ച ഫയലില്‍ വിദ്യാഭ്യാസമന്ത്രിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഒപ്പിട്ടതോടെയാണ് പുനര്‍നിയമനത്തിന് വഴിയൊരുങ്ങിയത്. ബന്ധപ്പെട്ട ഫയല്‍ ഐ.ഇ.ഡി ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ വെച്ചുതാമസിപ്പിച്ചതോടെയാണ് അധ്യയനവര്‍ഷാരംഭത്തിന് മുമ്പ് പുനര്‍നിയമനം നടത്താന്‍ കഴിയാതെ പോയത്.

അതേസമയം, പുനര്‍നിയമനത്തിന് അനുമതിയായതോടെ റിസോഴ്സ് അധ്യാപകരെ കൂട്ടത്തോടെ സ്ഥലംമാറ്റാനുള്ള നീക്കം ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ നടക്കുന്നതായി ആരോപണമുണ്ട്. ഇതിനായി നിയമന ഉത്തരവ് വൈകിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്രെ. റിസോഴ്സ് അധ്യാപകരെ നേരത്തേ ജോലി ചെയ്തിരുന്ന സ്കൂളുകളില്‍ത്തന്നെ നിയമിക്കാനാണ് സര്‍ക്കാര്‍ ഉത്തരവെങ്കിലും ഇത് മറികടന്ന് വൈകല്യമുള്ള കുട്ടികള്‍ കുറവാണെന്ന കാരണം നിരത്തിയാണ് സ്ഥലംമാറ്റത്തിന് നീക്കംനടക്കുന്നത്. വര്‍ഷങ്ങളായി ഇത്തരംകുട്ടികളെ നിരീക്ഷിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരെ സ്ഥലംമാറ്റുന്നത് വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കും.

മാറിവരുന്ന അധ്യാപകര്‍ക്ക് കുട്ടികളെ പഠിക്കാന്‍ ഏറെ സമയംവേണ്ടിവരും. ഇതൊന്നും പരിഗണിക്കാതെയാണ് ഇപ്പോള്‍ സ്ഥലംമാറ്റത്തിന് നീക്കം നടക്കുന്നത്. നിയമന ഉത്തരവ് വൈകിയത് കാരണം സ്കൂളുകള്‍ തുറന്ന് ആഴ്ച പിന്നിട്ടിട്ടും വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.