കൊച്ചി: ഇക്കുറിയും കേന്ദ്ര ബജറ്റിൽ കേരളത്തിന്‍റെ മിച്ചം അവഗണനയാണ്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഞായറാഴ്ച അവതരിപ്പിച്ച ബജറ്റിലെ സ്റ്റാർ പ്രഖ്യാപനങ്ങളായ അതിവേഗ റെയിൽ പദ്ധതിയിൽ ഉൾപ്പെടാതിരിക്കുകയും ചിരകാല ആവശ്യമായ ‘എയിംസ്’ അനുവദിക്കാതിരിക്കുകയും ചെയ്തതോടെയാണ് ഇക്കുറിയും അവഗണനയെന്ന ആരോപണം ഉയർന്നത്. കേന്ദ്ര നികുതി വിഹിതം ഉയർത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. എന്നാൽ, കേരളത്തിനും വേണമെങ്കിൽ ഈ ബജറ്റിൽനിന്ന് നേട്ടമുണ്ടാക്കാം. അതിനായി ശ്രമിക്കണമെന്ന് മാത്രം.
ഇക്കുറി ബജറ്റിൽ ചുരുക്കം പദ്ധതികൾ മാത്രമാണ് സംസ്ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞ് പ്രഖ്യാപിച്ചത്. ബാക്കി ഭൂരിപക്ഷവും കേരളം ഉൾപ്പെടെ ഏത് സംസ്ഥാനത്തിനും പ്രയോജനകരമാകും വിധമാണ്. ഇതിൽ പലതും കേരളത്തിന് ഏറെ സാധ്യതയുള്ളതാണ്. ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയ്മിങ് തുടങ്ങി ‘ഓറഞ്ച് ഇക്കണോമി’ എന്നറിയപ്പെടുന്ന മേഖലക്ക് ബജറ്റിൽ വലിയ പ്രാധാന്യമാണ് നൽകിയത്. 2030 ഓടെ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കേരളത്തിന്‍റെ സാഹചര്യങ്ങളിൽ ഏറ്റവും അനുയോജ്യമായ മേഖലയാണിത്. ഈ രംഗത്ത് വൈദഗ്ധ്യമുള്ള വലിയ തൊഴിൽ ശക്തിയും കേരളത്തിലുണ്ട്. അതുകൊണ്ടു തന്നെ സംസ്ഥാന തലത്തിൽ പദ്ധതികൾ ആവിഷ്കരിച്ചാൽ ഈ കേന്ദ്ര പിന്തുണ കേരളത്തിന് പ്രയോജനപ്പെടുത്താനാവും.
ചെറുകിട-ഇടത്തര വ്യവസായങ്ങൾ ശക്തിപ്പെടുത്താൻ 10,000 കോടി രൂപ നീക്കിവെച്ചതും ഇത്തരത്തിലുള്ള നിരവധി വ്യവസായങ്ങളുള്ള കേരളത്തിന്‍റെ സാഹചര്യങ്ങൾക്ക് ഇണങ്ങുന്നതാണ്. ബജറ്റിൽ പ്രഖ്യാപിച്ച ‘ഒരു ജില്ല, ഒരു ഉൽപന്നം’, 200 പൈതൃക വ്യവസായ ക്ലസ്റ്ററുകളുടെ പുനരുദ്ധാരണം തുടങ്ങിയ പദ്ധതികൾ കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളുടെ പുരോഗതിക്ക് ഏറെ പ്രയോജനപ്പെടുത്താനാകും.
ഇത്തവണത്തെ ബജറ്റ് 20 പുതിയ ജലപാതകൾ വികസിപ്പിക്കാനും ലക്ഷ്യമിടുന്നു. അഞ്ച് റീജനൽ മെഡിക്കൽ ടൂറിസം ഹബ്ബുകൾ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക മേഖലയിൽ കശുവണ്ടി, നാളികേരം, കൊക്കോ തുടങ്ങിയ വിളകളുടെ കയറ്റുമതി വർധിപ്പിക്കുന്നതിനും പദ്ധതികളുണ്ട്. ഇവ മൂന്നും കേരളത്തെക്കാൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന മറ്റൊരു സംസ്ഥാനമില്ല.
എയിംസ് ആവശ്യം വീണ്ടും നിരാകരിക്കപ്പെട്ടെങ്കിലും മൂന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ പ്രഖ്യാപിക്കപ്പെട്ടത് സംസ്ഥാനത്തിന് ഏറെ പ്രതീക്ഷ നൽകുന്നു. ആയുർവേദത്തിന്‍റെ പ്രധാന കേന്ദ്രമായ കേരളത്തെ ഇക്കാര്യത്തിലെങ്കിലും അവഗണിക്കില്ലെന്ന് കരുതാം.
രാജ്യത്തെ എല്ലാ ജില്ലകളിലും വനിത ഹോസ്റ്റൽ സ്ഥാപിക്കാനുള്ള പദ്ധതിയും പഠനത്തിനും ജോലിക്കുമായി വീടു വിട്ട് നിൽക്കുന്ന പെൺകുട്ടികൾ ഏറെയുള്ള കേരളത്തിൽ പ്രയോജനകരമാണ്. സ്പോർട്സ് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പിന്തുണയും കേരളത്തിന് ഗുണകരമാക്കാവുന്നതാണ്.
16ാം ധനകാര്യ കമീഷൻ കേന്ദ്ര നികുതികളിൽനിന്നുള്ള സംസ്ഥാന വിഹിതം 41 ശതമാനമായി അടുത്ത അഞ്ചുവർഷത്തേക്ക് മാറ്റമില്ലാതെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് 50 ശതമാനമാക്കണമെന്നായിരുന്നു കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം. തോത് വർധിപ്പിച്ചിട്ടില്ലെങ്കിലും കേരളത്തിനുള്ള വിഹിതം മൂന്നു ശതമാനത്തോളമായി വർധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഫലത്തിൽ കേരളത്തിലെ വിഹിതം കുറച്ചെങ്കിലും ധനസഹായം വർധിക്കാൻ ഇടയാക്കും.
1,000 കോടി രൂപ വരെയുള്ള മുനിസിപ്പൽ ബോണ്ടുകൾക്ക് 100 കോടി രൂപവരെ ഇൻസെന്‍റീവ് പ്രഖ്യാപിച്ചതും അടിസ്ഥാന സൗകര്യ വികസനത്തിന് പ്രതീക്ഷ നൽകുന്നു. ഇത് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ ധനസമാഹരണം കാര്യക്ഷമമാക്കും. പലിശ ഭാരം കുറയുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.