മലാപ്പറമ്പ് സ്കൂള്‍ പൂട്ടി; പഠനം ഇനി കലക്ടറേറ്റില്‍

കോഴിക്കോട്: നിയമത്തിന്‍െറ സാങ്കേതികതകള്‍ക്കും ജനകീയ പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍  മലാപ്പറമ്പ് എ.യു.പി സ്കൂളിന് താഴ് വീണു. ബുധനാഴ്ച വൈകീട്ട് ഏഴരയോടെ എ.ഇ.ഒ കെ.എസ്. കുസുമം കെട്ടിടം സീല്‍ ചെയ്തു. രാവിലെ മുതല്‍ നിലനിന്ന അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും ഒടുവില്‍ സ്കൂള്‍ ഏറ്റെടുക്കാനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവും വരെ പൂട്ടാനും തീരുമാനമാവുകയായിരുന്നു. സംരക്ഷണ സമിതിയുടെ പ്രതിഷേധമില്ലാതെയാണ് സ്കൂള്‍ പൂട്ടിയത്. മറ്റൊരു സംവിധാനമാകുംവരെ സ്കൂള്‍ കലക്ടറേറ്റിലേക്ക് മാറ്റി.
സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് രാവിലെ ഉത്തരവിറക്കിയിരുന്നെങ്കിലും ആദ്യം സ്കൂള്‍ പൂട്ടട്ടെ, അതിനുശേഷമാകാം ഏറ്റെടുക്കല്‍ എന്നായിരുന്നു  ഹൈകോടതി നിര്‍ദേശം. ഇതോടെ കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങുമെന്ന അവസ്ഥ വന്നതോടെയാണ് പ്രതിഷേധക്കാര്‍ സമരത്തില്‍നിന്ന് പിന്‍വാങ്ങിയത്.  വൈകീട്ട് 3.45ന് സ്കൂള്‍ വിട്ടതിന് പിന്നാലെ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, എ. പ്രദീപ്കുമാര്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ ജില്ലാ കലക്ടറേറ്റിലേക്ക് കൊണ്ടുപോയി. കോടതിവിധി നടപ്പാക്കാതിരുന്നാല്‍ കോടതിയലക്ഷ്യം നേരിടുമെന്നും ഇത് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ ബാധിക്കുമെന്നും അദ്ദേഹം സമരസമിതി നേതാക്കളെ അറിയിച്ചു.
 സ്കൂളിന് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടി ഫാസ്റ്റ്ട്രാക് സംവിധാനത്തില്‍ നടപ്പാക്കുമെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.