ഗ്രാമസഭകള്‍ക്ക് കണ്‍വീനറെ ചുമതലപ്പെടുത്തണമെന്ന് ആസൂത്രണ ബോര്‍ഡ് റിപ്പോര്‍ട്ട്

കൊല്ലം: അധികാരവികേന്ദ്രീകരണം ശക്തിപ്പെടാന്‍ ഗ്രാമസഭകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍െറ റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരിലൊരാളെ ഗ്രാമസഭ കണ്‍വീനറായി ചുമതലപ്പെടുത്തണം. വാര്‍ഷിക പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കാന്‍ പഞ്ചായത്ത്, നഗരകാര്യ ഡയറക്ടറേറ്റുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പത്തെണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമസഭകള്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ മാത്രമുള്ള സംവിധാനമായി മാറി. തദ്ദേശീയമായ പ്രശ്നങ്ങളൊന്നും ചര്‍ച്ച ചെയ്യുന്നില്ല.

തൊഴിലവസരങ്ങള്‍, വ്യവസായങ്ങള്‍ തുടങ്ങിവയെക്കുറിച്ചും ചര്‍ച്ചയില്ല. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് പ്രതിനിധികള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവരും ഗ്രാമസഭകളില്‍ എത്തുന്നില്ല. ഗ്രാമസഭകളില്‍ ജനപങ്കാളിത്തം കുറവാണ്. അഭ്യസ്തവിദ്യരായ യുവജനങ്ങളെ ഗ്രാമസഭകളില്‍ പങ്കാളികളാക്കണം.

അയല്‍സഭകള്‍ വഴി ബോധവത്കരണം നടത്തുന്നതും ഗ്രാസഭകളിലെ പങ്കാളിത്തം വര്‍ധിക്കാന്‍ സഹായിക്കും. കണ്‍വീനറെ നിശ്ചയിക്കുന്നതിലൂടെ ഗ്രാമസഭകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാകും. പ്രസിഡന്‍റും നിര്‍വഹണ ഉദ്യോഗസ്ഥരും എല്ലാ ഗ്രാമസഭകളിലും സംബന്ധിക്കണം. ഗ്രാമസഭാ വാരം സംഘടിപ്പിച്ച് അതത് പഞ്ചായത്ത് ഗ്രാമസഭകള്‍ ചേരുന്നതും പരിഗണിക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വികസന സെമിനാറുകളില്‍ മേഖല തിരിച്ചുള്ള ചര്‍ച്ച നടക്കുന്നില്ല. ഗ്രാമസഭകള്‍, വികസന സെമിനാറുകള്‍ എന്നിവിടങ്ങളില്‍ ഉയരുന്ന വിഷയങ്ങള്‍ പരിഗണിക്കപ്പെടുന്നില്ളെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ത്രിതല പഞ്ചായത്തുകളുടെ പദ്ധതികള്‍ ഏകീകരിച്ച് നടപ്പാക്കുന്നതില്‍ പലരും താല്‍പര്യം കാട്ടുന്നില്ല. ആസൂത്രണമില്ലായ്മയും പദ്ധതി പരാജയപ്പെടാന്‍ കാരണമാണ്. സബ്സിഡി മാനദണ്ഡം ഏകീകരിക്കണമെന്നും നിര്‍ദേശമുണ്ട്. തദ്ദേശഭരണ സ്ഥാപനത്തിന്‍െറയും വകുപ്പിന്‍െറയും സബ്സിഡി മാനദണ്ഡങ്ങളില്‍ വ്യത്യാസമുണ്ട്. പട്ടിക വിഭാഗങ്ങള്‍ക്ക് ഭൂമി വാങ്ങാനുള്ള സബ്സിഡി തുക ഉയര്‍ത്തണം.

ബയോഗ്യാസ് പ്ളാന്‍റിനുള്ള സബ്സിഡി 50 ശതമാനമാക്കി നിജപ്പെടുത്തണം. ജില്ലാ പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതികള്‍ തയാറാക്കണം. അസറ്റ് രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് 11ാം പദ്ധതിയില്‍ നിര്‍ദേശിച്ചിട്ടും ഭൂരിഭാഗം പഞ്ചായത്തുകളും പാലിച്ചിട്ടില്ല. വര്‍ക്കിങ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം തൃപ്തികരമല്ളെന്നും അംഗസംഖ്യ പരിമിതപ്പെടുത്തണമെന്നും ശിപാര്‍ശ ചെയ്യുന്നു. സമ്മതമില്ലാതെ അംഗങ്ങളാക്കുന്ന പ്രവണത ഗുണകരമല്ല. ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് ആസൂത്രണ ബോര്‍ഡിന്‍െറ നേതൃത്വത്തില്‍ പഠനം നടത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.