മലപ്പുറത്തെ മങ്ങാട്ടുമുറി സ്കൂൾ അടച്ചുപൂട്ടി; സംഘർഷം

കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മങ്ങാട്ടുമുറി എ.എം.എൽ.പി സ്കൂൾ അടച്ചുപൂട്ടി. രാവിലെ ഏഴോടെ സ്കൂളിലെത്തിയ കൊണ്ടോട്ടി എ.ഇ.ഒ ആഷിഷ് പുളിക്കലിന്‍റെ നേതൃത്വത്തിലാണ് അടച്ചുപൂട്ടൽ നടപടി പൂർത്തിയാക്കിയത്. പ്രധാന ഒാഫീസിന്‍റെ പൂട്ട് പൊളിച്ചാണ് ഉദ്യോഗസ്ഥർ ഉള്ളിൽ കടന്നത്. രേഖകൾ എടുത്ത ശേഷം ഒാഫീസ് പൂട്ടി എ.ഇ.ഒ സീൽ ചെയ്യുകയും ചെയ്തു. ഹൈകോടതി നിർദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അടച്ചുപൂട്ടാൻ നടപടി സ്വീകരിച്ചത്.

സ്കൂൾ അടച്ചു പൂട്ടുന്നത് തടയാൻ നാട്ടുകാരും എസ്.എഫ്.ഐ പ്രവർത്തകരും ശ്രമിച്ചത് സംഘർഷത്തിന് വഴിവെച്ചു. പ്രതിഷേധക്കാരെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന പൊലീസ് സംഘം നീക്കം ചെയ്തു. കഴിഞ്ഞ മെയ് 29ന് മങ്ങാട്ടുമുറി സ്കൂൾ അടച്ചുപൂട്ടാൻ എ.ഇ.ഒ എത്തിയെങ്കിലും നാട്ടുകാരും പി.ടി.എയും അധ്യാപക സംഘടനകളും നടത്തിയ പ്രതിഷേധത്തെ തുടർന്ന് മടങ്ങിപോയിരുന്നു.

പുതിയതായി പ്രവേശം നേടിയ 19 കുട്ടികളടക്കം 66 കുട്ടികൾ പഠിക്കുന്ന മങ്ങാട്ടുമുറി എ.എം.എൽ.പി സ്കൂൾ 1930ലാണ് സ്ഥാപിച്ചത്. ലാഭകരമല്ലെന്ന പേരില്‍ സ്കൂൾ അടച്ചുപൂട്ടാന്‍ 2009ലാണ് മാനേജര്‍ നടപടി തുടങ്ങിയത്. 2011-ല്‍ മാനേജര്‍ക്ക് അനുകൂലമായി കോടതി വിധിയുണ്ടായി. ഈ വിധി മേല്‍കോടതി സ്റ്റേ ചെയ്തതോടെ മാനേജര്‍ ഹൈകോടതിയെ സമീപിച്ചു. സ്കൂൾ അടച്ചുപൂട്ടാൻ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.