കെ.എസ്.ആര്‍.ടി.സി ചതിച്ചു; വിദ്യാര്‍ഥിയുടെ പരീക്ഷ മുടങ്ങി

പേരാമ്പ്ര: കെ.എസ്.ആര്‍.ടി ബസ് ട്രിപ് മുടക്കിയതോടെ യാത്രക്ക് മുന്‍കൂട്ടി ബുക് ചെയ്തു കാത്തിരുന്ന വിദ്യാര്‍ഥിക്ക് മെഡിക്കല്‍ പ്രവേശ പരീക്ഷ മുടങ്ങി. മുളിയങ്ങല്‍ സുബഹ് മന്‍സിലില്‍ അബ്ദുള്‍ അസീസിന്‍െറ മകള്‍ അഷൂറ നൂറിനാണ് ഈ ദുര്‍ഗതിയുണ്ടായത്. ഞായറാഴ്ച രാവിലെ 9.15ന് ചാത്തന്നൂര്‍ എം.ഇ.എസ് കോളജിലാണ് ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ചിന്‍െറ എം.ബി. ബി.എസ് പ്രവേശ പരീക്ഷ നടന്നത്. പരീക്ഷക്ക് പോകാനായി മേയ് 31നാണ് ഓണ്‍ലൈനായി കെ.എസ്.ആര്‍.ടി.സി സ്കാനിയ മള്‍ട്ടി എക്സെലിന് റിട്ടേണുള്‍പ്പെടെ രണ്ട് ടിക്കറ്റ് ബുക് ചെയ്തത്. കോഴിക്കോട്ടുനിന്ന് കൊല്ലത്തേക്കും തിരിച്ചും 2300 രൂപയാണ് അടച്ചത്.

കോഴിക്കോട്ടുനിന്ന് ശനിയാഴ്ച  രാത്രി 10.15നാണ് ബസ് പുറപ്പെടേണ്ടത്. എന്നാല്‍, സമയം കഴിഞ്ഞിട്ടും ബസ് എത്താതായതോടെ അബ്ദുള്‍ അസീസ് അധികൃതരോട് അന്വേഷിച്ചപ്പോള്‍ ഉടന്‍ വരുമെന്ന മറുപടിയാണ് ലഭിച്ചത്. മണിക്കൂറുകളോളം കാത്തിരുന്നിട്ടും ബസ് എത്താതായതോടെ അസീസ് ടിക്കറ്റെടുത്തപ്പോള്‍ ലഭിച്ച എസ്.എം.എസിലെ നമ്പറില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ ബസ് ഉണ്ടാവില്ളെന്ന മറുപടിയാണ് ലഭിച്ചത്. അപ്പോഴേക്കും സമയം രാത്രി ഒരുമണി കഴിഞ്ഞിരുന്നു. ഈ സമയം കോഴിക്കോട്ടുനിന്ന് യാത്രതിരിച്ചാല്‍ പരീക്ഷാകേന്ദ്രത്തില്‍ എത്താന്‍കഴിയില്ല.

അതുകൊണ്ട് പരീക്ഷക്കുപോകാതെ അഷൂറക്കും പിതാവിനും തിരികെ വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. ബസില്ളെങ്കില്‍ നേരത്തെ അറിയിക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ ഇവര്‍ക്ക് പകരം സംവിധാനം ഉപയോഗപ്പെടുത്താമായിരുന്നു. ഒരുവര്‍ഷം കോച്ചിങ്ങിന് പോയിട്ടാണ് ഈ വിദ്യാര്‍ഥി പരീക്ഷക്ക് തയാറെടുത്തത്. കോഴിക്കോട് ഡിപ്പോയിലെ ജീവനക്കാരുടെ നിരുത്തരവാദപരമായ നടപടിമൂലമാണ് ഈ വിദ്യാര്‍ഥിക്ക് അവസരം നഷ്ടമായതെന്ന് രക്ഷിതാവ് ചൂണ്ടിക്കാട്ടുന്നു. മുന്‍കൂര്‍ ടിക്കറ്റെടുത്തിട്ടും യാത്രാ സൗകര്യമൊരുക്കാത്ത കെ.എസ്.ആര്‍.ടി.സി നടപടിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് അബ്ദുള്‍ അസീസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.