കെ.പി.സി.സി നിര്‍വാഹകസമിതി: ചര്‍ച്ച ബഹളമയം; രാഹുലിനെതിരെയും വിമര്‍ശം

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താന്‍ നെയ്യാര്‍ഡാമില്‍ ചേര്‍ന്ന കെ.പി.സി.സി യുടെ ക്യാമ്പ് നിര്‍വാഹകസമിതിയോഗത്തില്‍ ചില നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബഹളത്തില്‍ കലാശിച്ചു. രാഹുല്‍ഗാന്ധിക്കെതിരെ മുതിര്‍ന്ന നേതാവ് എന്‍. വേണുഗോപാല്‍ നടത്തിയ പരാമര്‍ശം കെ.പി.സി.സി പ്രസിഡന്‍റ് ഇടപെട്ട് വിലക്കി. പാര്‍ട്ടി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഡി.സി.സി പ്രസിഡന്‍റുമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശവും ബഹളത്തില്‍ കലാശിച്ചു. ശനിയാഴ്ച രാത്രി നടന്ന യോഗത്തിലായിരുന്നു വാഗ്വാദം. കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, സുലൈമാന്‍ റാവുത്തര്‍ എന്നിവരുടെ പ്രസംഗങ്ങളും ബഹളത്തില്‍ മുങ്ങി. ചര്‍ച്ചയില്‍ കെ.പി.സി.സി പ്രസിഡന്‍റിനെ പരോക്ഷമായി പിന്തുണച്ചാണ് എന്‍. വേണുഗോപാല്‍ സംസാരിച്ചത്.

സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ മാനദണ്ഡം പാലിച്ചില്ളെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുത്ത യോഗത്തില്‍ നിന്ന് തുടക്കത്തില്‍ വിട്ടുനിന്ന കെ. മുരളീധരന്‍െറ നടപടിയെയും വിമര്‍ശിച്ചു. തുടര്‍ന്നാണ് രാഹുല്‍ഗാന്ധിയുടെ നേതൃപാടവത്തില്‍ സംശയം പ്രകടിപ്പിച്ച് വേണുഗോപാല്‍ സംസാരിക്കാന്‍ തുടങ്ങിയത്. രാഹുലിനെ നേതാവാക്കിയാലും പാര്‍ട്ടി രക്ഷപ്പെടില്ളെന്ന് അദ്ദേഹം പറഞ്ഞതോടെ കെ.പി.സി.സി പ്രസിഡന്‍റ് പ്രസംഗം വിലക്കി. മതേതരത്വത്തെപ്പറ്റി ആ കുടുംബത്തെ ആരും പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ സുധീരന്‍, പാര്‍ട്ടിക്ക് നാളെ ഭാവി ഉണ്ടാകണമെന്ന മുന്നറിയിപ്പും നല്‍കി.
സുധീരനെ പിന്തുണച്ചാണ് രാജ്മോഹന്‍ ഉണ്ണിത്താനും സംസാരിച്ചത്. എല്ലാ ഡി.സി.സി പ്രസിഡന്‍റുമാരും കെ.പി.സി.സി പ്രസിഡന്‍റിന് എതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടതോടെ കെ.പി.സി.സി സെക്രട്ടറി ജയന്ത് പ്രതിഷേധവുമായി എഴുന്നേറ്റു. അദ്ദേഹത്തെ പിന്തുണച്ച് മറ്റുള്ളവരും പ്രതിഷേധസ്വരം ഉയര്‍ത്തിയതോടെ  സുധീരന്‍ ഇടപെട്ട് ഉണ്ണിത്താനെ തിരുത്തി.

പാര്‍ട്ടിയില്‍ രണ്ടുഗ്രൂപ്പുകളാണ് പ്രശ്നമെന്ന് പറഞ്ഞ കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നവരില്‍ ഒരാള്‍ പ്രതിപക്ഷനേതാവായെന്നും അടുത്തയാള്‍ യു.ഡി.എഫ് ചെയര്‍മാന്‍ ആകാന്‍ പോകുന്നെന്നും പറഞ്ഞതോടെ യോഗം കൂട്ട ബഹളത്തില്‍ മുങ്ങി. മാസ്റ്റര്‍ക്കെതിരെ ഇരുഗ്രൂപ്പുകളിലെയും നേതാക്കള്‍ ചില ആക്രോശങ്ങളും ഉയര്‍ത്തി. അതോടെ മാസ്റ്റര്‍ പ്രസംഗം അവസാനിപ്പിച്ച് തടിതപ്പി. സമാനസാഹചര്യമാണ് സുലൈമാന്‍ റാവുത്തറുടെ പ്രസംഗത്തിനിടയിലും ഉണ്ടായത്. സുധീരനെ ഗ്രൂപ്പുമായി ബന്ധപ്പെടുത്തി എം.ഐ. ഷാനവാസ് നടത്തിയ പ്രസംഗത്തോടെ യോഗം ശബ്ദമുഖരിതമായി. ഷാനവാസിന്‍െറ അഭിപ്രായത്തിനെതിരെ സുധീരന്‍ തന്നെ രംഗത്തുവന്നു. സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ്ഫണ്ട് കൈമാറുന്നത് സംബന്ധിച്ച് വിശദീകരിക്കുന്നതിനിടെ കെ.പി.സി.സി പ്രസിഡന്‍റ് സുധീരന് അദ്ദേഹത്തിന്‍േറതായി ഗ്രൂപ്പുണ്ടെന്ന് ഷാനവാസ് ചൂണ്ടിക്കാട്ടി. ക്ഷുഭിതനായ സുധീരന്‍ അസംബന്ധം പറയരുതെന്ന് ശബ്ദം ഉയര്‍ത്തി ആവശ്യപ്പെട്ടു. സുധീരന് ഗ്രൂപ്പുണ്ടെന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നെന്നും അതിന് തെളിവുണ്ടെന്നും ഷാനവാസ് തിരിച്ചടിച്ചു.

വയനാട്ടില്‍ കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞത് താന്‍ അംഗീകരിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പറയുന്നത് കേള്‍ക്കാന്‍ കെ.പി.സി.സി പ്രസിഡന്‍റ് ക്ഷമ കാട്ടണമെന്ന് എ.പി. അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ആസൂത്രണ ബോര്‍ഡില്‍ കോണ്‍ഗ്രസിന്‍െറ രാഷ്ട്രീയപ്രതിനിധി ഇല്ലാതിരുന്നത് പോരായ്മയായിരുന്നെന്ന് അനില്‍ അക്കര ചൂണ്ടിക്കാട്ടി. ആദര്‍ശരാഷ്ട്രീയത്തിന് വിലയില്ളെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ചര്‍ച്ചകളില്‍ നടക്കുന്നതെന്ന് ജോണ്‍സണ്‍ എബ്രഹാം ചൂണ്ടിക്കാട്ടി. ആദര്‍ശം പണംകൊടുത്ത് വാങ്ങാനാവില്ളെന്ന മുന്നറിയിപ്പും സുധീരന്‍െറ ഉറ്റ അനുയായിയായ ജോണ്‍സണ്‍ എബ്രഹാം നല്‍കി. സ്ഥാനാര്‍ഥിനിര്‍ണയഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടി ഹൈകമാന്‍ഡിനെ വെല്ലുവിളിച്ചെന്നും വേഗത്തില്‍ ഫലം കിട്ടാന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഭരണത്തില്‍ ബുദ്ധിമുട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ചുവര്‍ഷം കഴിഞ്ഞ് തെരഞ്ഞെടുപ്പ് നടക്കുമെന്ന് അറിയാമായിരുന്നിട്ടും പ്രചാരണത്തിനാവശ്യമായ ഫണ്ടുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ളെന്നും സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഐ.എന്‍.ടി.യു.സിക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ളെന്നും കെ. സുരേഷ്ബാബു ചൂണ്ടിക്കാട്ടി.

നേതൃമാറ്റം ആവശ്യമില്ളെന്നും അക്കാര്യം നിര്‍വാഹകസമിതിയോഗത്തില്‍ ചര്‍ച്ചചെയ്യേണ്ട കാര്യമില്ളെന്നും പി.ടി. തോമസ് വ്യക്തമാക്കി. അഭിപ്രായം പറയുന്നവരെ തകര്‍ക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിച്ചതെന്ന് ഐ.എന്‍.ടി.യു.സി പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ കുറ്റപ്പെടുത്തി. ഘടകകക്ഷിമന്ത്രിമാര്‍ വകുപ്പുകള്‍ സ്വന്തം സാമ്രാജ്യമാക്കുകയായിരുന്നു. കെ. കരുണാകരനെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇന്നും പാര്‍ട്ടിയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം വിഭാഗം നിലമ്പൂരില്‍ രഹസ്യമായി ഇടതുപക്ഷത്തെ സഹായിച്ചെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

തോല്‍വി വിലയിരുത്തിയപ്പോള്‍ ഗ്രൂപ്പുകളെപ്പറ്റി ആരും പറയാതിരുന്നതെന്ത് –സുധീരന്‍
തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തിയപ്പോള്‍ പാര്‍ട്ടിയിലെ ഗ്രൂപ്പുകളെപ്പറ്റി ആരും ഒന്നും പറയാതിരുന്നത് എന്താണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. രണ്ടുദിവസത്തെ ചര്‍ച്ചക്കൊടുവില്‍ മറുപടി പറയുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍െറ മുനവെച്ച ചോദ്യം.
പാര്‍ട്ടിയിലെ ഗ്രൂപ്പിസം തോല്‍വിക്ക് കാരണമായിട്ടുണ്ട്. ഇനി എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. പാര്‍ട്ടിക്ക് ഓര്‍ക്കാപ്പുറത്തുണ്ടായ തിരിച്ചടിയായിരുന്നു. ചര്‍ച്ചയില്‍ ഉയര്‍ന്ന വിമര്‍ശങ്ങളെ അതിന്‍െറ സ്പിരിറ്റില്‍ത്തന്നെ ഉള്‍ക്കൊള്ളുന്നു.ഓരോരുത്തരും പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി പരിശോധിച്ച്  നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.