അയോധ്യ –ഇരുളും വെളിച്ചവും

രാമന്‍െറ ജന്മസ്ഥലമായ അയോധ്യ എന്നും പ്രശ്നകലുഷിതമായിരുന്നു. നരവംശശാസ്ത്ര ഗവേഷകര്‍ക്കുപോലും അയോധ്യയുടെ ആസ്ഥാനം കൃത്യമായി നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. ചരിത്രഗവേഷകനായിരുന്ന കേസരി എ. ബാലകൃഷ്ണപിള്ള (1) സ്ഥലനാമങ്ങള്‍ പറിച്ചുനടപ്പെടും എന്ന സിദ്ധാന്തം അവതരിപ്പിച്ചയാളാണ്. ലങ്കയും അയോധ്യയുമെല്ലാം ഇത്തരത്തില്‍ സഞ്ചരിച്ച സ്ഥലനാമങ്ങളത്രെ. പ്രശസ്ത രാമായണ ഗവേഷകനായ സങ്കാലിയയുടെ (2) നിഗമനങ്ങള്‍ കേസരിയോട് യോജിക്കുന്നവയാണ്. മറ്റു പല പഠനങ്ങളിലും ഇന്നത്തെ അയോധ്യയുടെ പ്രത്യേകതകള്‍ രാമായണത്തോട് നീതി പുലര്‍ത്തുന്നില്ല എന്നും കണ്ടത്തെിയിരിക്കുന്നു.

രാമായണകഥയുടെ മൂലസ്രോതസ്സായ അയോധ്യ കാവ്യത്തിലും മറ്റൊരുതരത്തില്‍ വിവാദഭൂമിയാണ്. രാമന്‍െറ ജന്മംകൊണ്ട് പുണ്യഭൂമിയായ അയോധ്യയുടെ രാമണീയകം മുഴുവന്‍ ചോര്‍ന്നുപോകുംവിധം അധികാര വടംവലിയുടെയും ഗൂഢാലോചനയുടെയും കരിനിഴല്‍ വീണ രാജധാനിയാണെന്ന് അയോധ്യാ കാണ്ഡത്തിലെ സുദീര്‍ഘമായ ഭാഗങ്ങള്‍ വ്യക്തമാക്കുന്നു. ദേവന്മാരുടെ വിശാല മന$സ്ഥിതിക്കുപോലും ഇടംലഭിക്കാത്തവിധം കൊച്ചുമനുഷ്യരുടെ കുത്സിത പ്രവൃത്തികള്‍ വിജയിക്കുന്ന അസാധാരണമായ സംഭവവികാസങ്ങളില്‍നിന്നാണ് രാമായണകഥയുടെ വികാസം.

രാജപത്നിയായ കൈകേയി മന്ഥര എന്ന തോഴിയുടെ കൈകളില്‍ കളിപ്പാവയായി മാറുന്ന ദൃശ്യം രാമായണത്തെ മനുഷ്യസാധാരണമായ ഒരു കഥയാക്കിമാറ്റുന്നു. ദൈവാവതാരമായ രാമന്‍പോലും മാനുഷികമായ ഭാഗധേയത്തിന്‍െറ ഇരയാകാന്‍ നിന്നുകൊടുക്കുന്നു. കൃത്യമായ കാലഗണന ഇനിയും നടന്നിട്ടില്ലാത്ത ആദിരാമകഥ മനുഷ്യസംസ്കാരത്തിന്‍െറയും സംഘടിത ജീവിതത്തിന്‍െറയും ആഭ്യന്തര വൈരുധ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. അഭൗമമായ ചില സംഭവങ്ങളെ മാറ്റിനിര്‍ത്തിയാല്‍ രാമായണകഥ പച്ചയായ മനുഷ്യരുടെ ജീവിതകഥ കൂടിയാകുന്നു.

(1) കേസരിയുടെ ചരിത്രഗവേഷണങ്ങള്‍-കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
(2) രാമായണ പഠനങ്ങള്‍ -സങ്കാലിയ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.