തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ പോകുന്ന ബി.ജെ.പി കൗൺസിലർമാരുടെ സംഘത്തിനൊപ്പം ആർ.ശ്രീലേഖയില്ല. മറ്റ് കൗൺസിലർമാരോടൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്നതിന് ആർ.ശ്രീലേഖ അസൗകര്യമറിയിച്ചുവെന്നാണ് റിപ്പോർട്ട്. കൗൺസിലർമാർക്ക് പ്രധാനമന്ത്രി സ്വീകരണമൊരുക്കുന്ന ഫെബ്രുവരി 12ന് അവർ വിമാനമാർഗം ഡൽഹിയിലെത്തും.
തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാർ ഇന്ന് ഉച്ചക്ക് കേരള എക്സ്പ്രസിലാണ് ഡൽഹിയിലേക്ക് യാത്ര തിരിക്കുക. ട്രെയിൻ കടന്നുപോകുന്ന പ്രധാന സ്റ്റേഷനുകളിലും കൗൺസിലർമാർക്ക് ബി.ജെ.പി സ്വീകരണമൊരുക്കും. സ്റ്റാൻഡിങ് കമിറ്റി അംഗം എം.ആർ ഗോപനും സംഘത്തിൽ ഉണ്ടാവില്ല. മാതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണം വരാനാവില്ലെന്ന് അദ്ദേഹം ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം.
അതേസമയം, സ്വതന്ത്ര കൗൺസിലറും ബി.ജെ.പി സംഘത്തിനൊപ്പമുണ്ടാവുമെന്നാണ് സൂചന. ബി.ജെ.പി കൗൺസിലർമാർക്കായി പ്രധാനമന്ത്രി അത്താഴ വിരുന്നും ഒരുക്കുന്നുണ്ട്.
അടുത്തിടെ തിരുവനന്തപുരത്ത് ബിജെപി പൊതുസമ്മേളന വേദിയിലും പ്രധാനമന്ത്രി മോദിയുടെ അടുത്തെത്താതെ ശ്രീലേഖ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മേയർ വി.വി. രാജേഷും കെ. സുരേന്ദ്രനും ഉൾപ്പെടെയുള്ള നേതാക്കൾ മോദിയെ യാത്രയാക്കുന്ന ഘട്ടത്തിലും ശ്രീലേഖ ആ പരിസരത്തേക്ക് പോലും പോകാതെ ഒറ്റയ്ക്കു മാറിനിൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.