അന്താരാഷ്ട്ര ഫോക് ലോർ മേളയിൽ ഛത്തിസ്ഗഢിലെ കുരാക് ഗോത്രവർഗക്കാരായ സ്ത്രീകൾ അവതരിപ്പിച്ച ‘ഓറൻ’ ലൈവ് പെയിന്റിങ്
തിരുവനന്തപുരം: കലയുടെയും സംസ്കാരത്തിന്റെയും വൈവിധ്യങ്ങൾ വിളിച്ചോതി തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ നടക്കുന്ന അന്താരാഷ്ട്ര ഫോക് ലോർ മേള ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗോത്ര കലാരൂപങ്ങളും കരകൗശല വിദ്യകളും നേരിട്ടറിയാനുള്ള അപൂർവ അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
മുളയും ഓലയും ഉപയോഗിച്ചുള്ള പുരാതന നിർമാണ രീതികൾ സന്ദർശകരെ സ്വാഗതം ചെയ്യുന്നു. തത്സമയ മ്യൂറൽ പെയിന്റിങ്ങുകൾ, ഒഡിഷയിലെ തനത് ചിത്രകലകൾ, പ്രഗത്ഭരായ കലാകാരന്മാർ ഒരുക്കുന്ന ലൈവ് കാരിക്കേച്ചർ സ്റ്റാളുകൾ എന്നിവ മേളക്ക് മിഴിവേകുന്നു.
ഛത്തിസ്ഗഢിലെ കുരാക് ഗോത്രവർഗക്കാരായ സ്ത്രീകൾ അവതരിപ്പിക്കുന്ന ‘ഓറൻ’ ലൈവ് പെയിന്റിങ്ങും രാജ് ഗോന്ധി വിഭാഗത്തിന്റെ ഗോഡ്ന പെയിന്റിങ്ങുകളും ഗോത്രകലയുടെ തനിമ വിളിച്ചോതുന്നവയാണ്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തനത് ഉൽപന്നങ്ങളുടെയും ആഭരണങ്ങളുടെയും വൻ ശേഖരമാണ് ഷോപ്പിങ് സ്റ്റാളുകളിൽ ഒരുക്കിയത്. മഹാരാഷ്ട്രയിലെ വാർലി ചിത്രങ്ങൾ, ബിഹാറിലെ ഹാൻഡ്ലൂം ഉൽപന്നങ്ങൾ, പട്ടചിത്ര, അസമിലെ പുല്ല് പായകൾ, പശ്ചിമ ബംഗാളിൽ നിന്നുള്ള ടെറാക്കോട്ട ശിൽപങ്ങൾ, ചൂരൽ-മുള ഉൽപന്നങ്ങൾ എന്നിവ പ്രധാന ആകർഷണങ്ങളാണ്. മധ്യപ്രദേശിൽ നിന്നുള്ള ബൈഗ ക്രാഫ്റ്റ്, ലകടി പെയിന്റിങ്ങുകൾ എന്നിവക്കൊപ്പം കണ്ണൂരിൽ നിന്നുള്ള സ്പോഞ്ച് ക്രാഫ്റ്റുകൾ, മരത്തിൽ തീർത്ത എടാകൂടം പസിലുകൾ എന്നിവയും സന്ദർശകരെ വിസ്മയിപ്പിക്കുന്നു.
നേപ്പാളിൽ നിന്നുള്ള കരകൗശല വസ്തുക്കൾ വാങ്ങാനായി സ്ത്രീകളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഉസ്ബകിസ്താനിൽ നിന്നുള്ള കരകൗശല വസ്തുക്കൾ മേളക്ക് അന്താരാഷ്ട്ര പരിവേഷം നൽകുന്നു. മധ്യപ്രദേശിൽ നിന്നുള്ള ബൈഗ ക്യുലിനറി ആർട്ടും സന്ദർശകരെ ആകർഷിക്കുന്നു.
കാടിന്റെ രുചിയും ഉസ്ബക് വിഭവങ്ങളും
രുചിവൈവിധ്യങ്ങളുടെ കാര്യത്തിലും മേള സന്ദർശകർക്ക് വേറിട്ട അനുഭവമാണ്. ഉസ്ബകിസ്താന്റെ തനത് വിഭവങ്ങളായ ജ്യൂസ് കബാബ്, മോമോസ് എന്നിവക്കൊപ്പം കേരളത്തിലെ കാണി ഗോത്രവർഗക്കാരുടെ ‘വനവിഭവങ്ങൾ’ എന്ന ഗോത്ര ആഹാരശാലയും ജനശ്രദ്ധ നേടുന്നുണ്ട്. ഔഷധഗുണമേറിയ മരുന്നുകാപ്പി, പുഴുങ്ങിയ കപ്പയും ചമ്മന്തിയും, കാട്ടുക്കിഴങ്ങ് ചേർത്തുള്ള മുളക് കഞ്ഞി, മത്തങ്ങ പായസം തുടങ്ങിയവ നഗരവാസികൾക്ക് പുത്തൻ രുചിയനുഭവമാണ്.
അറിവിന്റെ അടയാളങ്ങൾ
ഭക്ഷണത്തിനും കലക്കും പുറമെ അറിവിന്റെ ലോകം തുറന്ന് വടക്കൻ പാട്ടുകളിലെ ചരിത്ര സ്വാധീനത്തെക്കുറിച്ചും പറയ ജീവിതത്തിന്റെ അടയാളങ്ങളെക്കുറിച്ചുമുള്ള പുസ്തക ശേഖരവും അനുഷ്ഠാന ഗാലറിയുടെ ഭാഗമായി മേളയിലുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ ആളുകൾ മേള സന്ദർശിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.