മുന്‍സര്‍ക്കാര്‍ അട്ടപ്പാടിയില്‍ കൃഷിക്ക് ചെലവഴിച്ചത് എട്ടരക്കോടി

തിരുവനന്തപുരം: മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് അട്ടപ്പാടിയില്‍ കൃഷി അഭിവൃദ്ധിക്കായി ചെലവഴിച്ചത് എട്ടരക്കോടി രൂപയെന്ന് കണക്കുകള്‍. കൃഷി വകുപ്പിന്‍െറ സഹകരണത്തോടെ പട്ടികവര്‍ഗ വകുപ്പാണ് ഇത്രയുംതുക ചെലവഴിച്ചത്. കുട്ടിമരണം തുടര്‍ക്കഥയായപ്പോഴാണ് പാരമ്പര്യ കൃഷി തിരിച്ചുപിടിക്കാന്‍ കോടികള്‍ ചെലവഴിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, പദ്ധതി ലക്ഷ്യമിട്ടതിന്‍െറ 10 ശതമാനംപോലും പ്രയോജനമുണ്ടാക്കിയില്ളെന്നാണ് വിലയിരുത്തല്‍. തെങ്ങ്, അടയ്ക്ക, കശുവണ്ടി, മാതളം, സപ്പോട്ട, മാങ്ങ, കാപ്പി, കുരുമുളക്, വാഴ, ഇഞ്ചി, മഞ്ഞള്‍, ഏലം, ജാതിക്ക എന്നിവ കൃഷിചെയ്തെന്നാണ് വകുപ്പിന്‍െറ കണക്ക്. കര്‍മപദ്ധതികളിലൂടെയും സാര്‍ഥകമായ ഇടപെടലിലൂടെയും വിവിധവകുപ്പുകളുടെ ഏകോപനത്തിലൂടെയും ആദിവാസികളുടെ ദാരിദ്ര്യത്തിനും പട്ടിണി മരണത്തിനും അറുതിവരുത്താന്‍ കഴിഞ്ഞെന്ന് സര്‍ക്കാര്‍ വിലയിരുത്തുമ്പോഴും കുട്ടിമരണം തുടര്‍ന്നു. പദ്ധതികള്‍ നടക്കുന്നതിനിടയില്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് 2015വരെ 76 കുട്ടികള്‍ മരിച്ചു.

പദ്ധതികള്‍ ഏകോപിപ്പിക്കാന്‍ ഒറ്റപ്പാലം സബ്കലക്ടറെ നോഡല്‍ ഓഫിസറായി നിയോഗിച്ചിരുന്നു. പദ്ധതിനിര്‍വഹണം നിരീക്ഷിക്കാന്‍ സ്ഥലം എം.പി, എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ്, അട്ടപ്പാടി പ്രദേശത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജില്ലാ പഞ്ചായത്തംഗം എന്നിവരടങ്ങുന്ന ഒമ്പതംഗ സമിതിയും രൂപവത്കരിച്ചു. ഇവര്‍ പ്രതിമാസ അവലോകനയോഗവും നടത്തി. ഇതെല്ലാം നടന്നിട്ടും കൃഷി മാത്രം മെച്ചപ്പെട്ടില്ല. നഴ്സറി നടത്താന്‍ ആദിവാസികള്‍ക്ക് പരിശീലനം നല്‍കി അവര്‍ കൃഷിചെയ്യുന്ന തൈകള്‍ വിതരണംചെയ്യാനായിരുന്നു തീരുമാനം.

അതനുസരിച്ച് വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രമോഷന്‍ കൗണ്‍സില്‍ അട്ടപ്പാടിയില്‍നിന്ന് 18 ആദിവാസികളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി. ഇവര്‍ക്ക് നഴ്സറി ആരംഭിക്കാന്‍ 75,000 രൂപവീതം നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും 15പേര്‍ക്കും തുക നല്‍കിയില്ല. ഇതോടെ സര്‍ക്കാര്‍ സ്വകാര്യ നഴ്സറികളില്‍നിന്ന് തൈകള്‍ വാങ്ങി വിതരണംചെയ്തെന്നാണ് വൗച്ചറുകള്‍ വ്യക്തമാക്കുന്നത്. അതേസമയം കൃഷിവകുപ്പ് നല്‍കിയ രേഖകള്‍ അനുസരിച്ച് വയനാട്ടിലെ ‘വൃക്ഷ’ നഴ്സറിയില്‍നിന്നാണ് തൈകള്‍ അട്ടപ്പാടിയില്‍ എത്തിച്ചത്. ഊരുകളില്‍ റാഗി വിത്ത് വിതരണം ചെയ്തെങ്കിലും മുളപൊട്ടാത്ത പതിരായിരുന്നെന്നാണ് ആദിവാസികളുടെ അഭിപ്രായം. ഫലത്തില്‍ റാഗി കൃഷി സമ്പൂര്‍ണ പരാജയമായി. മറ്റ് തൈകളുടെ വിതരണവും ഗുണംചെയ്തില്ല.

വെള്ളം ലഭിക്കാത്ത ഊരുകളില്‍ കൃഷിചെയ്യാന്‍ ഇറിഗേഷന്‍ സംവിധാനം വേണമെന്ന ആവശ്യത്തിനും പരിഹാരമുണ്ടായില്ല. എട്ടരക്കോടി ആരുടെ കൈകളിലേക്ക് ഒഴുകിയെന്ന് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.