കാറില്‍ കടത്തിയ 50 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

അടിമാലി: കാറില്‍ കടത്തുകയായിരുന്ന 25 ലക്ഷം രൂപ വിലവരുന്ന 50 കിലോ ഉണക്ക കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ഉപ്പുതോട് പേഴത്താനിയില്‍ റെജിയെയാണ് (37) അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് സാഹസികമായി പിടികൂടിയത്. രണ്ടുപേര്‍ രക്ഷപ്പെട്ടു. കാറും കഞ്ചാവും കസ്റ്റഡിയിലെടുത്തു. കാറിന്‍െറ ഡിക്കിയില്‍ മൂന്നു പ്ളാസ്റ്റിക് ചാക്കിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് തിങ്കളാഴ്ച രാത്രി 7.30ന് മുരിക്കാശേരി ചെമ്പകപാറയിലാണ് എക്സൈസ് സി.ഐ കെ.ആര്‍. ബാബുവിന്‍െറ നേതൃത്വത്തില്‍ പിടികൂടിയത്. വാത്തിക്കുടി ചെമ്പകപ്പാറ ഇലമ്പിതോട്ടത്തില്‍ ഷാജി (45), ചെമ്പകപ്പാറ സ്വദേശി വീരപ്പന്‍ എന്ന സുനീഷ് (30) എന്നിവരാണ് രക്ഷപ്പെട്ടത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പെരിഞ്ചാംകുട്ടി വനത്തില്‍ വന്‍ കഞ്ചാവ് ശേഖരമുണ്ടെന്ന റെജിയുടെ മൊഴിപ്രകാരം ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ കെ.എന്‍. നെല്‍സന്‍െറ നേതൃത്വത്തില്‍ പരിശോധന നടക്കുന്നുണ്ട്. കര്‍ണാടകത്തിലെ കഞ്ചാവ് തോട്ടങ്ങളില്‍നിന്ന് ഷാജിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന കഞ്ചാവ് പെരിഞ്ചാംകുട്ടി വനത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് സൂചന.

ചെമ്പകപ്പാറയില്‍നിന്ന് രാജാക്കാട്ടേക്ക് വരികയായിരുന്ന മാരുതി 800 കാറില്‍നിന്നാണ് കഞ്ചാവ് പിടിച്ചത്. കൈകാണിച്ചിട്ടും നിര്‍ത്താതെപോയ വാഹനം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. എക്സൈസ് സംഘത്തെ തള്ളിവീഴ്ത്തിയാണ് രണ്ടുപേര്‍ മഴയുടെയും ഇരുട്ടിന്‍െറയും മറവില്‍ രക്ഷപ്പെട്ടത്. പെരിഞ്ചാംകുട്ടി പുഴയരികില്‍ കുഴിച്ചിട്ടിരുന്ന കഞ്ചാവ് ഷാജിയുടെ നേതൃത്വത്തില്‍ രാജാക്കാട്ടെ കച്ചവടക്കാര്‍ക്ക് കൈമാറാന്‍ കൊണ്ടുവരികയായിരുന്നു. റെജി ഇടനിലക്കാരനാണ്. ഷാജിയെ പിടികൂടിയാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ പറഞ്ഞു.

കഴിഞ്ഞമാസം എട്ടിന് 11കോടി വിലവരുന്ന 11 കിലോ ഹാഷിഷ് ഓയിലുമായി അടിമാലിയില്‍ രണ്ടുപേര്‍ പിടിയിലായിരുന്നു.
പ്രിവന്‍റിവ് ഓഫിസര്‍മാരായ കെ.ഡി. സജിമോന്‍, കെ.എം. അഷ്റഫ്, സി.സി. സാഗര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എ.സി. നെബു, ബിജു മാത്യു, നെല്‍സണ്‍ മാത്യു എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.