മന്ത്രിക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് സജീവ് കുമാറിന്‍െറ അമ്മ

കക്കോടി: ‘ന്‍െറ മോനെ ന്‍െറ മുന്നില്‍ കൊണ്ടത്തരണം ങ്ങള്... ഓനാ ഞങ്ങളെ പോറ്റുന്നത്... എന്നെ കെട്ടിപ്പിടിച്ച് പോയതാ ന്‍െറ മോന്‍... എനിക്ക് വയ്യന്‍െറ പടച്ചോനേ...’ ചെന്നൈയില്‍ വെള്ളിയാഴ്ച കാണാതായ വിമാനത്തില്‍ യാത്ര ചെയ്ത നാവികസൈനികന്‍ കാക്കൂര്‍ നെല്ലിക്കുന്നുമ്മല്‍ തട്ടൂര് സജീവ് കുമാറിന്‍െറ (48) മാതാവ് ചന്ദ്രമതിയുടെ മാറത്തടിച്ചുള്ള അലമുറ ആരുടെയും നെഞ്ചുപിളര്‍ക്കുന്നതായിരുന്നു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ശനിയാഴ്ച രാവിലെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വീട്ടിലത്തെിയപ്പോഴായിരുന്നു കേട്ടുനിന്നവരെ കണ്ണീരണിയിച്ച മാതൃവിലാപം. മകന്‍ തിരിച്ചുവരുമെന്ന പ്രാര്‍ഥനയിലും പ്രതീക്ഷയിലുമാണ് മാതാപിതാക്കളും ബന്ധുക്കളുമെല്ലാം. ഹൃദ്രോഗിയായ പിതാവ് രാജനെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ പാടുപെടുകയാണ് ബന്ധുക്കളും നാട്ടുകാരും.

ഏറെക്കാലം കവരത്തിയില്‍ ജോലിക്കാരനായിരുന്നു രാജന്‍. സജീവ് കുമാറിന്‍െറ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും ജോലിയില്‍ പ്രവേശിച്ചതുമെല്ലാം കവരത്തിയില്‍നിന്നാണ്. 17 വര്‍ഷമായി സജീവ് നേവിയില്‍ ചേര്‍ന്നിട്ട്. കുറച്ചുകാലം മുമ്പാണ് രാജനും ഭാര്യ ചന്ദ്രമതിയും മക്കളായ അജിത്തും രാജീവും നാട്ടിലേക്ക് പോന്നത്. ഭാര്യ ജസീനയും മകള്‍ അനുവും സജീവിനോടൊപ്പം പോര്‍ട്ട്ബ്ളയറിലാണ്.  പ്രിയതമന്‍ അപകടത്തില്‍പെട്ട വിവരം ഭാര്യയെ അറിയിച്ചിട്ടില്ല.  മുംബൈയിലെ നേവല്‍ ബേസില്‍ ജോലിനോക്കുന്ന സജീവിന്‍െറ സഹോദരന്‍ അജിത് ജസീനയെ അന്തമാനില്‍നിന്ന് നാട്ടിലേക്ക് കൊണ്ടുവരാന്‍ ഇന്നലെ യാത്രതിരിച്ചിട്ടുണ്ട്.  

മൂത്രസംബന്ധമായ രോഗം കാരണം ജൂണ്‍ ഏഴിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ് പോര്‍ട്ട്ബ്ളയറിലേക്ക് പോയതായിരുന്നു സജീവ്. ഒരാഴ്ച മുമ്പ് തുടര്‍ചികിത്സക്ക് ബംഗളൂരുവിലെ സൈനിക ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് വെള്ളിയാഴ്ച രാവിലെ തിരിച്ചുപോകുന്നതിനിടെയാണ് യാത്ര ചെയ്ത വിമാനം കാണാതാവുന്നത്. വിമാനത്തില്‍ സജീവ് കുമാര്‍ യാത്ര ചെയ്തെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു സജീവെന്ന് സുഹൃത്ത് കുരുവട്ടൂര്‍ അരീക്കര അവനീഷ് പറയുന്നു. മുംബൈയിലായിരുന്ന അജിത് ശനിയാഴ്ച കൊച്ചിയിലത്തെി പോര്‍ട്ട്ബ്ളയറിലേക്ക് തിരിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.