ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍െറ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ആഗസ്റ്റ് 12 വരെ നീളും. സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ സുമിത്രാ മഹാജന്‍ വിളിച്ച സര്‍വകക്ഷി യോഗം ഞായറാഴ്ച നടക്കും. സഭാ നടപടികള്‍ തടസ്സപ്പെടാതെ കൊണ്ടുപോകുന്നതിന് സഹകരണം തേടിയാണ് സ്പീക്കര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. എന്നാല്‍, മുന്‍ സെഷനുകളെപ്പോലെ പാര്‍ലമെന്‍റില്‍ ഇക്കുറിയും ബഹളത്തിനുള്ള സാധ്യതകളാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാട് നല്‍കുന്ന സൂചന അതാണ്. സുപ്രധാനമായ നികുതി പരിഷ്കാരം ഏകീകൃത ചരക്കുസേവന നികുതി (ജി.എസ്.ടി) ബില്‍ ഇക്കുറി പാസാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്‍െറ എതിര്‍പ്പ് മറികടക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി സര്‍ക്കാര്‍ ആദ്യവട്ട ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പ് ആയിട്ടില്ല. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ഭേദഗതി സര്‍ക്കാര്‍ എത്രത്തോളം അംഗീകരിക്കാന്‍ തയാറാകുന്നുവെന്നതിനെ ആശ്രയിച്ചാണ് ജി.എസ്.ടിയുടെ ഭാവി.
അതേസമയം, കശ്മീര്‍, അരുണാചല്‍, ഉത്തരാഖണ്ഡ് വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം സര്‍ക്കാറിനെതിരെ പാര്‍ലമെന്‍റില്‍ ആഞ്ഞടിക്കുമെന്ന് ഉറപ്പാണ്. കശ്മീരില്‍ സംഘര്‍ഷം ആളിക്കത്തുമ്പോള്‍ മോദി സര്‍ക്കാറിന്‍െറ തന്ത്രം പിഴച്ചുവെന്നും പാകിസ്താന് മുതലെടുപ്പിന് അവസരം നല്‍കിയെന്നുമുള്ള വിമര്‍ശമാണ് പ്രതിപക്ഷം ഉന്നയിക്കുക. അരുണാചല്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ച നീക്കത്തിന് കോടതിയില്‍ കനത്ത തിരിച്ചടിയാണ് ബി.ജെ.പിക്ക് ലഭിച്ചത്. മോദി സര്‍ക്കാര്‍ ജനാധിപത്യം കശാപ്പ് ചെയ്യുകയാണെന്ന തങ്ങളുടെ ആക്ഷേപം സുപ്രീംകോടതി വിധി ശരിവെച്ചുവെന്ന് കോണ്‍ഗ്രസ് വാദിക്കും.
ബീഫ് വിലക്കിന്‍െറ പേരില്‍ ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്ലാഖിന്‍െറ കുടുംബത്തിനെതിരെ കേസെടുക്കാനുള്ള ബി.ജെ.പി സര്‍ക്കാറിന്‍െറ നീക്കത്തിനെതിരായ പ്രതിഷേധവും പാര്‍ലമെന്‍റില്‍ ഉയരും. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഭീഷണിയാകുംവിധം കുളച്ചല്‍ തുറമുഖത്തിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള എം.പിമാര്‍ രംഗത്തുവരും. അങ്ങനെയുണ്ടായാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തിലെന്നപോലെ കേരള, തമിഴ്നാട് എം.പിമാരുടെ ഏറ്റുമുട്ടലിനും സഭാതലം ഇക്കുറി വേദിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.