മലപ്പുറത്ത് നാല് പേര്‍ക്ക് കൂടി ഡിഫ്തീരിയ

മലപ്പുറം: ജില്ലയില്‍ നാല് ഡിഫ്തീരിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ രണ്ട് പേരില്‍ രോഗം സ്ഥിരീകരിച്ചു. നാലുപേരും കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. കൊണ്ടോട്ടി നഗരസഭാ പരിധിയില്‍ 14 വയസ്സുള്ള പെണ്‍കുട്ടി, ഓമാനൂരില്‍ 15 വയസ്സുള്ള ആണ്‍കുട്ടി എന്നിവരിലാണ് രോഗം സ്ഥിരീകരിച്ചത്. തിരൂരിലെ നാലരവയസ്സുകാരനും കൊണ്ടോട്ടി നഗരസഭയിലെ 17കാരിക്കുമാണ് രോഗബാധ സംശയിക്കുന്നത്. ഇതോടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം ഡിഫ്തീരിയ കേസുകള്‍ 42 ആയി. അതില്‍ രണ്ട് മരണം ഉള്‍പ്പെടെ 10 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വ്യാഴാഴ്ച 1,237 പേര്‍ക്ക് ടി.ഡി വാക്സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ബുധനാഴ്ച ലഭിച്ച 28,000 ഡോസ് വാക്സിന്‍ അതത് കേന്ദ്രങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. എട്ട് ആരോഗ്യ ബ്ളോക്കുകള്‍ കേന്ദ്രീകരിച്ചുള്ള ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി ജില്ല ആവശ്യപ്പെട്ടത് രണ്ടരലക്ഷം ടി.ഡി വാക്സിനാണ്.
ബുധനാഴ്ച ഒന്നര ലക്ഷം വാക്സിന്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 28,000 ഡോസ് മാത്രമാണ് ലഭിച്ചത്. ഒരാഴ്ചക്കകം ഒന്നരലക്ഷം വാക്സിന്‍ എത്തുമെന്ന് ഉറപ്പ് ലഭിച്ചതായി ആരോഗ്യവകുപ്പ് പറയുന്നു.
ഊര്‍ജിത കര്‍മപരിപാടി ആരംഭിച്ച കൊണ്ടോട്ടി, വെട്ടം, നെടുവ, വളവന്നൂര്‍, ഓമാനൂര്‍, കുറ്റിപ്പുറം, മങ്കട, വേങ്ങര ബ്ളോക്കുകളിലെ സ്കൂളുകളില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്തതിനാല്‍ പാണ്ടിക്കാട് ബ്ളോക് കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ ഈ ബ്ളോക്കുകളിലെ 10 മുതല്‍ 15 വരെ വയസ്സ് പ്രായമുള്ള 2,31,892 കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കുന്ന പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.


വയറിളക്കം പടരുന്നു; പാലക്കാട് ജില്ലയില്‍ മരണം മൂന്നായി
കൊല്ലങ്കോട് (പാലക്കാട്): ജില്ലയില്‍ വയറിളക്കം ബാധിച്ചുള്ള മരണം മൂന്നായി. പട്ടഞ്ചേരി പുള്ളിമാന്‍ചള്ളയില്‍ അപ്പുവിന്‍െറ മകന്‍ കുഞ്ചുവാണ് (75) വ്യാഴാഴ്ച മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കുഞ്ചു വയറിളക്കം ബാധിച്ച് ചികിത്സയിലായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് വീട്ടിലത്തെിയതിന് പിന്നാലെയാണ് മരണം. കഴിഞ്ഞദിവസം പട്ടഞ്ചേരി കടുചിറയില്‍ വയറിളക്കം ബാധിച്ച് സുപ്പു പണ്ടാരത്തിന്‍െറ ഭാര്യ തത്ത (80), പരേതനായ തങ്കപണ്ടാരത്തിന്‍െറ ഭാര്യ പെട്ടക്കാളി (തായമ്മ -80) എന്നിവരും മരിച്ചിരുന്നു.
കടുചിറ പ്രദേശത്ത് മാത്രം എഴുപതിലധികം ആളുകളാണ് വയറിളക്കം ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
ജില്ലയിലെ കിഴക്കന്‍ പ്രദേശങ്ങളിലാണ് വയറിളക്കം പടര്‍ന്നുപിടിക്കുന്നത്. ചിറ്റൂര്‍ താലൂക്കിലെ പട്ടഞ്ചേരി പഞ്ചായത്തിലാണ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. വൃത്തിയില്ലാത്ത പരിസരവും മലിനമായ കുടിവെള്ള സ്രോതസ്സുകളുമാണ് രോഗം പടരാന്‍ കാരണമെന്ന് ഡി.എം.ഒ നേതൃത്വം നല്‍കിയ സംഘം സ്ഥലം പരിശോധിച്ചശേഷം പറഞ്ഞു. പ്രദേശവാസികള്‍ക്ക് ബോധവത്കരണ ക്ളാസും നടത്തി. വരും ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ സംഘം അവിടെ ക്യാമ്പ് ചെയ്യുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
കടുചിറയിലെ ഒരു വീട്ടില്‍ വിരുന്നില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച പുള്ളിമാന്‍ചള്ളയിലെ ദേവിക്കാണ് (30) ആദ്യം രോഗം കണ്ടത്തെിയത്. തുടര്‍ന്ന് ദേവിയുടെ പിതാവ് കുഞ്ചുവിലേക്ക് രോഗം പടര്‍ന്നു. മരിച്ച കുഞ്ചുവിന്‍െറ ഭാര്യ രുഗ്മണി (70), മറ്റു മക്കളായ സൗദാമിനി (40), മുരുകന്‍ (38), ഷണ്‍മുഖന്‍ (37), ദേവകി (36) എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
വയറിളക്കം ദേവിയുടെ വൃക്കകളെ ബാധിച്ചതിനാല്‍ ഇവരെ ഡയാലിസിസിന് വിധേയമാക്കി. പട്ടഞ്ചേരിയിലെ മണി എന്ന യുവാവിനെയും വയറിളക്കം ബാധിച്ച് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസിന് വിധേയമാക്കിയിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.