അംഗവൈകല്യമുള്ളവര്‍ക്കുള്ള നികുതിയിളവ് 1.74 കോടിയുടെ കാറിന് നല്‍കണമെന്ന ഹരജി തള്ളി

കൊച്ചി: അംഗവൈകല്യമുള്ളവര്‍ക്കുള്ള വാഹനങ്ങള്‍ക്ക് ലഭിക്കുന്ന നികുതിയിളവ് അഞ്ച് ലക്ഷത്തിന് മുകളില്‍ വിലവരുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് ബാധകമല്ളെന്ന് ഹൈകോടതി. മോട്ടോര്‍ വാഹന നികുതിയിളവ് അഞ്ച് ലക്ഷത്തില്‍ താഴെ വിലയുള്ള വാഹനങ്ങളുടെ ഉടമകളായ അംഗവൈകല്യമുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ സര്‍ക്കാര്‍ ഭേദഗതി ചോദ്യംചെയ്യുന്ന ഹരജി തള്ളിയാണ് ജസ്റ്റിസ് എ.എം. ഷഫീഖിന്‍െറ ഉത്തരവ്.
അനുയോജ്യമായ തരത്തില്‍ ചട്ടഭേദഗതിക്ക് സര്‍ക്കാറിന് അധികാരമുണ്ടെന്നിരിക്കെ നികുതിയിളവ് പരിമിതപ്പെടുത്തിയ ഭേദഗതി വിജ്ഞാപനം വിവേചനപരമോ വിവേകശൂന്യതയോ അല്ളെന്ന് കോടതി വ്യക്തമാക്കി. 1.74 കോടി രൂപ വിലയുള്ള മേഴ്സിഡസ് ബെന്‍സ് കാറിന് നാലുലക്ഷം രൂപ നികുതി അടക്കണമെന്ന രജിസ്ട്രേഷന്‍ വകുപ്പിന്‍െറ ഉത്തരവ് ചോദ്യംചെയ്ത് കോഴിക്കോട് പന്നിയങ്കര സ്വദേശിനിയായ പഹലിഷ കള്ളിയത്ത് നല്‍കിയ ഹരജിയാണ് തള്ളിയത്.
75 ശതമാനം വികലാംഗയായ ഹരജിക്കാരിക്ക് നികുതിയിളവ് നല്‍കണമെന്നും മോട്ടോര്‍ വാഹന നികുതി നിയമത്തില്‍ അഞ്ച് ലക്ഷം രൂപക്കുതാഴെ വിലവരുന്ന വാഹനങ്ങള്‍ക്ക് മാത്രം ഇളവ് അനുവദിക്കുന്നത് വിവേചനപരമാണെന്നുമായിരുന്നു ഹരജിയിലെ വാദം. എന്നാല്‍, സര്‍ക്കാറിന് പൊതുജനസേവനം മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അധികാരമുണ്ടെന്നും അതിനായി നിയമത്തില്‍ ഭേദഗതി വരുത്താവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തികനിലയുടെ അടിസ്ഥാനത്തില്‍ പൊതുതാല്‍പര്യം കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇത്തരമൊരു ഭേദഗതി കൊണ്ടുവന്നത്. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതക്കുള്ള അവകാശത്തിന്‍െറ ലംഘനമല്ളെന്ന് കോടതി നിരീക്ഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.