കോഴിക്കോട്ടെ ടെര്‍മിനല്‍ വരുമാനം: കെ.എസ്.ആര്‍.ടി.സിയും കെ.ടി.ഡി.എഫ്.സിയും തമ്മില്‍ ശീതസമരം

കോഴിക്കോട്: ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മിച്ച കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി.സി സമുച്ചയത്തിലെ വരുമാനം സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സിയും കെ.ടി.ഡി.എഫ്.സിയും തമ്മില്‍ ശീതസമരം. ഇപ്പോഴത്തെ വരുമാനംകൊണ്ട് കറന്‍റ് ബില്ലുപോലും അടക്കാന്‍ കഴിയില്ളെന്ന് കെ.ടി.ഡി.എഫ്.സിയും നിര്‍മാണവും ടെന്‍ഡര്‍ നടപടികളും  വൈകിച്ചതാണ് പ്രശ്നകാരണമെന്ന് കെ.എസ്.ആര്‍.ടി.സിയും വാദിച്ച്  കൊമ്പുകോര്‍ക്കുമ്പോള്‍ വ്യാഴാഴ്ച ഇതുസംബന്ധിച്ച് തിരുവനന്തപുരത്ത് ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരിക്കുകയാണ്.

വരുമാനത്തില്‍നിന്ന് ചെലവ് കഴിച്ചുള്ള തുകയാണ് കെ.എസ്.ആര്‍.ടി.ക്ക് നല്‍കേണ്ടതെന്നും എന്നാല്‍, ഇപ്പോഴത്തെ വരുമാനം തുച്ഛമാണെന്നും  കെ.ടി.ഡി.എഫ്.സി എം.ഡി ഉഷാദേവി ബാലകൃഷ്ണന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. 18 മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറേണ്ട ടെര്‍മിനല്‍ ഏഴ് വര്‍ഷത്തിനുശേഷവും പൂര്‍ത്തിയാകാതെ ടെന്‍ഡര്‍ വൈകിയതാണ് വരുമാനം നഷ്ടമാകാന്‍ കാരണമെന്നും  കെ.എസ്.ആര്‍.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടര്‍ (ഓപറേഷന്‍സ്) കെ.എം. ശ്രീകുമാര്‍ പറഞ്ഞു. അന്ന് ഇരു കോര്‍പറേഷനുകളുടെയും  എം.ഡി ഒരാള്‍ ആയിരുന്നതിനാല്‍  പരസ്പരം കരാര്‍ ഒപ്പിട്ടിരുന്നില്ല.

2009 ഏപ്രിലിലാണ് പുതിയ കെ.എസ്.ആര്‍.ടി.സി സമുച്ചയത്തിന് തറക്കല്ലിട്ടത്. 18 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ച് കെ.എസ്.ആര്‍.ടി.സിക്ക് കൈമാറണമെന്നായിരുന്നു ധാരണ. പകരമായി,  ടെര്‍മിനലിലെ കടകളില്‍നിന്നുള്ള വരുമാനം മുപ്പത് വര്‍ഷം കെ.ടി.ഡി.ഫ്.സിക്ക് ലഭിക്കും. എന്നാല്‍,  2015 ജൂണിലാണ് ഉദ്ഘാടനം നടന്നത്. കടകളുടെ ടെന്‍ഡര്‍ നടപടികള്‍ അപ്പോഴും പൂര്‍ത്തിയായിരുന്നില്ല.  ഇതോടെ നേരത്തെ കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചിരുന്ന ഹോര്‍ഡിങുകള്‍, മില്‍മ ബൂത്ത് അടക്കം കടകള്‍ എന്നിവയില്‍നിന്നുള്ള വരുമാനം അടഞ്ഞു. ഹാള്‍ട്ടിങ് സെന്‍റര്‍ പാവങ്ങാട്ട് ആയതിനാല്‍ അങ്ങോട്ടുള്ള ഡീസല്‍ച്ചെലവും നഷ്ടമായി.

ടെര്‍മിനലിലെ മൂത്രപ്പുര 14 ലക്ഷം രൂപക്കാണ് ഈയിടെ കെ.ടി.ഡി.എഫ്.സി ടെന്‍ഡര്‍ ചെയ്തത്. പാര്‍ക്കിങ് ഏരിയയില്‍നിന്ന് പ്രതിദിനം പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയില്‍ വരുമാനമുണ്ട്. ഇവയുടെ വിഹിതമൊന്നും കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കുന്നില്ല. ഏഴു വര്‍ഷത്തിനിടെ അഞ്ചുകോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. രണ്ടു ചായക്കടകള്‍ ടെന്‍ഡര്‍ ചെയ്യാത്തതിനാല്‍  വരുമാനം ഇരു കോര്‍പറേഷനുകള്‍ക്കും ലഭിക്കുന്നില്ല.

കെ.ടി.ഡി.എഫ്.സിയുടെ 1300 കോടി വായ്പാ കുടിശ്ശിക ഈയിടെ കെ.എസ്.ആര്‍.ടി.സി അടച്ചുതീര്‍ത്തിരുന്നു. എന്നാല്‍, കെ.എസ്.ആര്‍.ടി.സിക്കുള്ള വരുമാനമാര്‍ഗങ്ങള്‍ കെ.ടി.ഡി.എഫ്.സി തടഞ്ഞുവെക്കുകയാണെന്നാണ് പരാതി.  ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍, എ. പ്രദീപ്കുമാര്‍ എം.എല്‍.എ,  മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കെ.ടി.എഫ്.സി, കെ.എസ്.ആര്‍.ടി.സി എം.ഡിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് വ്യാഴാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.