സംസ്ഥാനം താല്‍പര്യമെടുത്തില്ലെങ്കില്‍ കായംകുളം നിലയം പൂട്ടുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ വേണ്ട താല്‍പര്യമെടുത്തില്ളെങ്കില്‍ കായംകുളം താപവൈദ്യുതി നിലയം അടച്ചുപൂട്ടേണ്ടിവരുമെന്ന് ഊര്‍ജവകുപ്പിന്‍െറ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി പിയൂഷ് ഗോയല്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഫ്തക്ക് പകരം പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണം. പ്രകൃതിവാതകത്തിലേക്ക് മാറിയാലും കായംകുളം നിലയം നേരിടുന്ന പ്രതിസന്ധിക്ക് പൂര്‍ണ പരിഹാരമാകില്ല. എങ്കിലും ഉല്‍പാദനം പോലും നടത്താന്‍ കഴിയാത്തവിധമുള്ള ഇപ്പോഴത്തെ അവസ്ഥയെക്കാള്‍ മെച്ചപ്പെടുത്താന്‍ കഴിയും.

പ്രകൃതിവാതകം ഉപയോഗിക്കാന്‍ വേണ്ട നടപടികള്‍ക്ക് കേരളത്തെ സഹായിക്കാന്‍ കേന്ദ്രം തയാറാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാറില്‍നിന്ന് താല്‍പര്യപൂര്‍വമുള്ള തുടക്കം ഉണ്ടാകുന്നില്ല. ഊര്‍ജ സംബന്ധമായ വിഷയങ്ങളില്‍ പുതുതായി അധികാരത്തിലത്തെിയ മുഖ്യമന്ത്രിയോ അതിന് മുമ്പുണ്ടായിരുന്ന മുഖ്യമന്ത്രിയോ തന്നെ ഇതുവരെ കണ്ടിട്ടില്ളെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. നാഫ്തക്ക് പകരം പ്രകൃതിവാതകം ഇന്ധനമാക്കാത്തിടത്തോളം കായംകുളം താപവൈദ്യുതി നിലയം കേരളത്തിന് ബാധ്യതയാണ്. എന്നാല്‍, അതിനുള്ള നടപടികള്‍ അനിശ്ചിതമായി നീളുകയാണ്. ഗുണഭോക്താവ് എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാറാണ് ഊര്‍ജ മാറ്റത്തിനായുള്ള പദ്ധതി തയാറാക്കേണ്ടത്.

പ്രതിവാതകം ഉപയോഗിച്ചാല്‍ ഉല്‍പാദനച്ചെലവ് കുറക്കാനാകും. അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്ക് എന്തു സഹായം നല്‍കാനും മന്ത്രാലയം തയാറാണ്. പാരിസ്ഥിതിക വിഷയങ്ങളിലെ ആശങ്ക സംബന്ധിച്ച്  മന്ത്രാലയവുമായി ചര്‍ച്ച നടത്താവുന്നതാണ്. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയമുണ്ടാക്കാന്‍ ശ്രമിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. ‘ഒരു രാജ്യം ഒരു ഗ്രിഡ്’പദ്ധതി നടപ്പാക്കിയതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതിക്ഷാമം പരിഹരിച്ചുവെന്നും വൈദ്യുതി നിരക്ക് കുത്തനെ കുറഞ്ഞെന്നും മന്ത്രി അവകാശപ്പെട്ടു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 3450 മെഗാവാട്ട് വൈദ്യുതിയാണ് ഉത്തരേന്ത്യന്‍ നിലയങ്ങളില്‍നിന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നത്. രണ്ടുവര്‍ഷം കൊണ്ട് അത് 5900 മെഗാവാട്ട് ആയി ഉയര്‍ത്തി. രണ്ടുവര്‍ഷം കൊണ്ട് 10,000 മെഗാവാട്ടും 2020ല്‍ 18,000 മെഗാവാട്ടുമായി ഉയര്‍ത്താനാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.