എസ്.എന്‍.ഡി.പി യോഗം മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളിക്കെതിരെ എഫ്.ഐ.ആറെന്ന് സൂചന

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തിന്‍െറ മൈക്രോ ഫിനാന്‍സ് അഴിമതിക്കേസില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് സൂചന നല്‍കി വിജിലന്‍സ് ഇടക്കാല റിപ്പോര്‍ട്ട്. കേസിലെ പ്രാഥമിക അന്വേഷണം അന്തിമഘട്ടത്തിലെന്ന് അന്വേഷണസംഘം വിജിലന്‍സ് കോടതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന ആവശ്യം വിജിലന്‍സ് ജഡ്ജി എ. ബദറുദ്ദീന്‍ അനുവദിച്ചു. എന്നാല്‍, അന്വേഷണത്തില്‍ മതിയായ തെളിവുകള്‍  ലഭിച്ച സാഹചര്യത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍െറ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

കോടതി നിര്‍ദേശപ്രകാരം അന്വേഷണം ആരംഭിച്ചിട്ട് ഏഴുമാസം പൂര്‍ത്തിയായതായി അന്വേഷണസംഘം ഓര്‍മിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമോ വേണ്ടയോ എന്ന കാര്യം ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നും ഇത് നേരത്തേതന്നെ ഉത്തരവിട്ടിട്ടുള്ളതാണെന്നും കോടതി പറഞ്ഞു. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കുമ്പോള്‍ വിജിലന്‍സിന് നിലപാട് വ്യക്തമാക്കേണ്ടിവരുമെന്നും കോടതി ഓര്‍മിപ്പിച്ചു.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്‍റ് ഡോ.എം.എന്‍. സോമന്‍, യോഗം മൈക്രോഫിനാന്‍സ് സംസ്ഥാന കോഓഡിനേറ്റര്‍ കെ.കെ. മഹേശന്‍, പിന്നാക്കവികസന കോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍. നജീബ് എന്നിവര്‍ക്കെതിരെ വി.എസ്. അച്യുതാനന്ദനാണ് കോടതിയെ സമീപിച്ചത്. എസ്.എന്‍.ഡി.പി യോഗത്തിനുകീഴിലെ സ്വാശ്രയസംഘങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നെടുത്ത 15 കോടിരൂപയില്‍ ക്രമക്കേട് നടന്നെന്നാണ് ആരോപണം.

2003 മുതല്‍ 2015വരെയുള്ള കാലയളവിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടത്. പിന്നാക്ക വികസന കോര്‍പറേഷന്‍െറ നിബന്ധനപ്രകാരം അഞ്ചു ശതമാനം പലിശക്ക് സംഘങ്ങള്‍ നല്‍കേണ്ട വായ്പ 12 മുതല്‍ 18ശതമാനം പലിശക്ക് വിതരണം ചെയ്തതായി കോടതി കണ്ടത്തെിയിരുന്നു. ഗുണഭോക്താക്കളെന്ന പേരില്‍ പലരുടെയും വ്യാജരേഖകളുണ്ടാക്കി പണംതട്ടി തുടങ്ങിയ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി കോടതി വിലയിരുത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.