തിരുവനന്തപുരം: മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയെ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാർഥിയായി രംഗത്തിറക്കിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ എൽ.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്ത് എം.എൽ.എയും തിരിച്ചുപിടിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനും കൂടി എത്തുന്നതോടെ തീപാറും പോരാട്ടത്തിനാണ് വട്ടിയൂര്‍കാവ് സാക്ഷിയാകുന്നത്.ബി.ജെ.പി വൈസ് പ്രസിഡന്റും ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ആര്‍. ശ്രീലേഖയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു നാളെ തുടക്കം കുറിക്കും.
കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ശ്രീലേഖയെ വീട്ടിലെത്തി കണ്ട് സംസാരിച്ചിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശഭരണ തെരഞ്ഞെടുപ്പിലും വട്ടിയൂര്‍കാവില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെ.പി. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ 2497 വോട്ടിന്റെ ഭൂരിപക്ഷം എൻ.ഡി.എക്ക് ലഭിച്ചിരുന്നു. എസ്.ഐ.ആര്‍ പ്രക്രിയ കഴിഞ്ഞതോടെ മണ്ഡലത്തില്‍ ഈ വര്‍ഷം നാല്‍പതിനായിരത്തിലധികം വോട്ടര്‍മാരുടെ കുറവുണ്ടായിട്ടുണ്ട്.
മണ്ഡലം രൂപീകരിക്കപ്പെട്ടതു മുതല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്ന വട്ടിയൂര്‍കാവ്. 2019ലെ ഉപതെരഞ്ഞെടുപ്പിലാണ് ഇടത്തേക്ക് ചാഞ്ഞത്. 2011 ല്‍ കെ.മുരളീധരന്‍ 16,167 വോട്ടുകള്‍ക്ക് എൽ.ഡി.എഫ് സ്ഥാനാര്‍ഥി ചെറിയാന്‍ ഫിലിപ്പിനെ പരാജയപ്പെടുത്തി. 2016 ലെ തിരഞ്ഞെടുപ്പില്‍ മുരളീധരന്‍ 7,622 വോട്ടുകൾക്ക് ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ തോൽപിച്ചു.
എന്നാല്‍ 2019ല്‍ കെ.മുരളീധരന്‍ വടകര ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ പോയതിനെത്തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ വി.കെ.പ്രശാന്ത് 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചു.2021ല്‍ കോണ്‍ഗ്രസിന്റെ വീണ എസ്.നായരെയും ഇപ്പോഴത്തെ മേയര്‍ വി.വി.രാജേഷിനെയും പരാജയപ്പെടുത്തിയാണ് പ്രശാന്ത് മണ്ഡലം നിലനിര്‍ത്തിയത്. 21,515 വോട്ടായിരുന്നു ഭൂരിപക്ഷം.
ഹിന്ദു വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ നായര്‍ സമുദായമാണ് എണ്ണത്തില്‍ മുന്നില്‍. ഈഴവ, ദലിത് വിഭാഗങ്ങൾക്കും സ്വാധീനമുണ്ട്. തിരുവനന്തപുരം നോര്‍ത്ത് മണ്ഡലമാണ് പിന്നീട് വട്ടിയൂര്‍ക്കാവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.