ആലപ്പുഴ: ഫേസ്ബുക്ക് കുറിപ്പിലൂടെ പാർട്ടിയെ വെട്ടിലാക്കിയും അംഗത്വം പുതുക്കില്ലെന്നും നിലപാട് സ്വീകരിച്ച മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം സജീവമാക്കി സി.പി.എം. പാർട്ടി വിട്ടാൽ ആലപ്പുഴയിൽ ഉണ്ടാകുന്ന ‘പ്രത്യാഘാതം’ മുന്നിൽകണ്ട് സംസ്ഥാന നേതൃത്വം ഇടപെട്ട് നിയോഗിച്ച സി.പി.എം കേന്ദ്രകമ്മിറ്റിയംഗം സി.എസ്. സുജാതയും ജില്ല സെക്രട്ടറിയേറ്റ് അംഗവും ബന്ധുവുമായ ജി. ഹരിശങ്കറും പറവൂരിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച അരമണിക്കൂറിലേറെ നീണ്ടു. അംഗത്വം പുതുക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. അംഗത്വം പുതുക്കില്ലെന്ന നിലപാട് ആവർത്തിച്ചു. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങുകളിൽ സംബന്ധിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. പരിക്കേറ്റ് വിശ്രമത്തിലായതിനാൽ അതിന് കഴിയില്ലെന്നായിരുന്നു മറുപടി. എന്നാൽ, സുധാകരൻ ഉന്നയിച്ച മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പു നൽകിയെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് വിവരം. സഖാവിനെ ഇടക്കിടെ കാണാൻ വരാറുണ്ടെന്നും ഇത് പതിവ് സന്ദർശനമാണെന്നുമായിരുന്നു സി.എസ്. സുജാതയുടെ പ്രതികരണം.
ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ല സെക്രട്ടറി ആർ. നാസർ എന്നിവർ ഫോൺ വിളിച്ചുള്ള അനുനയനീക്കം പാളിയതോടെയാണ് ഇവർ നേരിട്ടെത്തിയത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പാർട്ടിയിൽനിന്ന് പിണങ്ങിയ സമയത്തുപോലും ഇത്തരം അനുനയനീക്കം ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ സി.പി.എമ്മിന്‍റെ ഉറച്ചകോട്ടയായ ആലപ്പുഴയിലും പ്രശ്നമുണ്ടാകുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കം. അതിനിടെ, വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് ശനിയാഴ്ച ആലപ്പുഴയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സുധാകരനുമായി ആശയവിനിമയം നടത്തുമോയെന്ന കാര്യത്തിലും ആകാംക്ഷയേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.