സ്റ്റാര്‍ട്ടപ്പുകളുടെ വഴിയടക്കാതെ ഐസക്

കൊച്ചി: പുത്തന്‍ സ്ഥാപനങ്ങള്‍ക്കും തസ്തികകള്‍ക്കും ബജറ്റില്‍ റെഡ് സിഗ്നല്‍ നല്‍കിയെങ്കിലും തൊഴില്‍ വരുന്ന സ്റ്റാര്‍ട്ടപ്പുകളുടെ വഴിയടക്കാതെ ധനമന്ത്രി തോമസ് ഐസക്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സംസ്ഥാനത്തിന് ഇനി പ്രതീക്ഷിക്കാവുന്ന കൃഷി, ടൂറിസം, ഐ.ടി  രംഗങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എക്കാലത്തേയും മുന്തിയ പരിഗണന നല്‍കുന്ന ബജറ്റാണ് ഇത്തവണത്തേത്.

യുവസംരംഭകര്‍ക്ക് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് ആശയം രൂപം കൊണ്ടതെങ്കിലും സ്റ്റാര്‍ട്ടപ്മിഷന്‍െറ കീഴില്‍ രാജ്യത്തിന് മാതൃകയായ സ്റ്റാര്‍ട്ടപ് വില്ളേജ്-സംരംഭകത്വമെന്ന പുതുവഴിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കുകയാണ് ഈ സര്‍ക്കാറും. ബജറ്റില്‍ 305 കോടിയോളം രൂപയാണ് സ്റ്റാര്‍ട്ടപ്പുകളുടെ അടിസ്ഥാന വികസനത്തിനും ഭാവി വികസനത്തിനുമായി ഉള്‍കൊള്ളിച്ചത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണക്കാന്‍ ചുമതലയുള്ള കേന്ദ്ര മന്ത്രാലയങ്ങളായ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, നീതി ആയോഗ് എന്നിവ പോലും മാറ്റി വെക്കാന്‍ തയാറാവാത്ത തുകയാണിതെന്ന് സ്റ്റാര്‍ട്ടപ് വില്ളേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

അടിസ്ഥാന വികസനം, വിപണി കണ്ടത്തൊനുള്ള നൂതന പദ്ധതികള്‍, ധനസഹായം എന്നിവയാണ് സ്റ്റാര്‍ട്ടപ്പുകള്‍ കയറേണ്ട അനിവാര്യമായ പടവുകള്‍. ഈ രംഗങ്ങളില്‍ പ്രതീക്ഷയുണര്‍ത്തുന്ന സൂചകങ്ങള്‍ ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി അഞ്ച് വര്‍ഷത്തിനകം മൂന്നരലക്ഷം ചതുരശ്ര അടി വികസിപ്പിക്കാന്‍ 225 കോടി മാറ്റി വെക്കുമെന്നാണ് പ്രഖ്യാപനം. ഒന്നര ലക്ഷം ചതുരശ്ര അടി സ്റ്റാര്‍ട്ടപ് വില്ളേജിന്‍െറ നിര്‍മാണം നടന്നുവരുന്ന കൊച്ചി ഇന്നവേഷന്‍ സോണില്‍ ഇത് കൂടിയാവുമ്പോള്‍ അഞ്ച് ലക്ഷം ചരുതരശ്ര അടിയുടെ വികസനം സാധ്യമാകും. ഇവിടെ മാറ്റിവെച്ചിട്ടുള്ള 15 ഏക്കര്‍ ഭൂമിയിലാണ് ഇത് യാഥാര്‍ഥ്യമാവുക. ബജറ്റിലെ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമായാല്‍ ഇവിടം 1000 സ്റ്റാര്‍ട്ടപ് സംരംഭങ്ങളുടെ ഹബ് ആയി മാറുമെന്നതാണ് ഭാവിയിലെ ഗുണഫലം.

സംരംഭകത്വ മനസ്സുണര്‍ത്താന്‍ സ്കൂള്‍ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ 30 കോടി മാറ്റി വെച്ചപ്പോള്‍ ഇക്കുറി അത് 60 ലക്ഷമാക്കി. നല്ല ആശയങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും സംരംഭങ്ങള്‍ തുടങ്ങാന്‍ ഈടില്ലാതെ  ഒരു കോടി വരെയും ധനസഹായം ബജറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാം എന്‍ജിനീയറിങ് കോളജുകളിലും സ്റ്റാര്‍ട്ടപ് രംഗത്തെ അനുഭവസ്ഥരുടെ ടെലി പ്രസന്‍േറഷനുകള്‍ക്കായി 150 കോടി മാറ്റി വെച്ചതും ഗുണം ചെയ്യും. ഐ.ടി രംഗത്ത് കഴിഞ്ഞ 20 വര്‍ഷം കൊണ്ട് സാധ്യമായ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് സൃഷ്ടിക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.