ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച നിര്‍ദേശം തയാറാക്കുന്നതിനുള്ള നടപടികള്‍ നിയമ കമീഷന്‍ തുടങ്ങി. കഴിഞ്ഞ ദിവസം ചേര്‍ന്ന കമീഷന്‍െറ യോഗം ഇക്കാര്യം പ്രാഥമികമായി ചര്‍ച്ചചെയ്തതായി കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബല്‍ബീര്‍ സിങ് ചൗഹാന്‍ പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച നിര്‍ദേശം തയാറാക്കി സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ കമീഷനോട് ഈയിടെ നിര്‍ദേശിച്ചിരുന്നു. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കാനും ബന്ധപ്പെട്ട വിഭാഗങ്ങളും വിദഗ്ധരുമായി ചര്‍ച്ചചെയ്യാനും കമീഷന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കാലാവധി തീരുമാനിച്ചിട്ടില്ല.
റിപ്പോര്‍ട്ട് തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കുകയെന്നത് നീണ്ട പ്രക്രിയയാണ്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ട ശേഷമായിരിക്കും റിപ്പോര്‍ട്ട് തയാറാക്കുക. പുതിയ നിയമം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് മുന്നില്‍ വെക്കുക മാത്രമാണ് നിയമ കമീഷന് ചെയ്യാനുള്ളത്. അത് നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്ത് തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്‍റും സര്‍ക്കാറുമാണ്. മുത്തലാഖ് സംബന്ധിച്ച ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ചക്ക് പറ്റിയ സമയമാണിതെന്ന് നിയമ കമീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. മതവിശ്വാസം വ്രണപ്പെടുത്താതെ എങ്ങനെ സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കാനും ഉയര്‍ത്താനും കഴിയുമെന്നതാണ് ചോദ്യം.
ഏകീകൃത സിവില്‍ കോഡ് തയാറാക്കുന്നതിനെ ഭരണഘടനയുടെ ആര്‍ട്ടിക്ള്‍ 44 പ്രകാരമുള്ള മാര്‍ഗനിര്‍ദേശകതത്ത്വം നടപ്പാക്കുന്നു എന്ന നിലക്കല്ല കാണേണ്ടത്. മറിച്ച്, ജീവനും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള ആര്‍ട്ടിക്ള്‍ 21 പ്രകാരമുള്ള നടപടിയായാണ് കാണേണ്ടതെന്നും ചെയര്‍മാന്‍ പറഞ്ഞു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന ഇനങ്ങളിലൊന്നാണ് ഏകീകൃത സിവില്‍ കോഡ്. ഇതനുസരിച്ചാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ മാസം മോദി സര്‍ക്കാര്‍ നിയമ കമീഷനോട് ആവശ്യപ്പെട്ടത്. ഇതിനെതിരെ മുസ്ലിംകളില്‍നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. മതവിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമെന്ന ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമായാണ് മുസ്ലിംകള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ കാണുന്നത്.
അതേസമയം, ഏക സിവില്‍കോഡിനു പിന്നില്‍ രാഷ്ട്രീയമില്ളെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.