?????? ?????? ???????

പ്രതിരോധ കുത്തിവെപ്പുമായി സഹകരിക്കാന്‍ ലീഗ്, സമസ്ത ആഹ്വാനം

മലപ്പുറം: ഡിഫ്തീരിയയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുസ്ലിം ലീഗിന്‍െറയും സമസ്ത ഇ.കെ വിഭാഗത്തിന്‍െറയും തീരുമാനം. ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ‘മിഷന്‍ മുക്തി’ സംഘടന സംഘടിപ്പിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.  ലീഗ് നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ് എന്നിവര്‍ക്ക് പുറമെ സമസ്തയുടെയും പോഷക സംഘടനകളുടെയും ഭാരവാഹികളും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക് എന്നീ സംഘടനകളുടെ പ്രതിനിധികളുമാണ് പങ്കെടുത്തത്. പ്രതിരോധ കുത്തിവെപ്പുമായി എല്ലാവരും സഹകരിക്കണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെടുന്നതായി ഹൈദരലി തങ്ങള്‍ പറഞ്ഞു. അതേസമയം, കുത്തിവെപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്ക സംബന്ധിച്ച നേതാക്കളുടെ സംശയങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം ഡോക്ടര്‍മാരില്‍നിന്നുണ്ടായില്ളെന്ന് പരാതിയുണ്ടായി. സംശയങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം ആരോഗ്യവകുപ്പിന്‍െറ ഭാഗത്തുനിന്നുണ്ടാകണമെന്ന് സമസ്ത നേതാക്കളുടെ ഭാഗത്തുനിന്ന് അഭിപ്രായമുയര്‍ന്നു.

കുത്തിവെപ്പിനോട് ആര്‍ക്കും എതിര്‍പ്പില്ളെന്നും എന്നാല്‍, പ്രചാരണമുണ്ടാകുമ്പോള്‍ സംശയങ്ങള്‍ ദൂരീകരിക്കേണ്ട ബാധ്യത ആരോഗ്യ പ്രവര്‍ത്തകര്‍ക്കുണ്ടെന്നും കോട്ടുമല ബാപ്പു മുസ്ലിയാര്‍ പറഞ്ഞു.വാക്സിനില്‍ ഒരു ശതമാനം വിഷാംശമുണ്ടാകാമെന്നും നമ്മള്‍ കഴിക്കുന്ന പഴവര്‍ഗങ്ങളിലും വിഷാംശമുണ്ടെന്നും ഡോക്ടര്‍മാര്‍ മറുപടി നല്‍കി. തര്‍ക്കം മുറുകിയപ്പോള്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെടുകയും ചടങ്ങ് സിമ്പോസിയമാക്കരുതെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ എല്ലാവരും തയാറാകണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹൈദരലി തങ്ങളും കോട്ടുമല ബാപ്പു മുസ്ലിയാരും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍, ഈ യോഗം സംബന്ധിച്ച് തങ്ങള്‍ക്കറിയില്ളെന്ന് ഡി.എം.ഒ ഡോ. ഉമറുല്‍ ഫാറൂഖ് വ്യക്തമാക്കി. മറ്റ് മതസംഘടനകളുടെ യോഗങ്ങളും ഉടന്‍ നടത്തുമെന്ന് ‘മിഷന്‍ മുക്തി’ കണ്‍വീനര്‍ ഡോ. ബിനൂപ് പറഞ്ഞു.

കുത്തിവെപ്പ് വിഷയത്തില്‍ മുന്‍വിധി വേണ്ട –മന്ത്രി കെ.കെ. ശൈലജ
കോഴിക്കോട്: പ്രതിരോധ കുത്തിവെപ്പ് വിഷയത്തില്‍ മുന്‍വിധിയുടെ ആവശ്യമില്ളെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മതസംഘടനകളൊന്നും കുത്തിവെപ്പിന് എതിരല്ളെന്നും സഹകരണമാണ് വാഗ്ദാനം ചെയ്തതെന്നും കാലിക്കറ്റ് പ്രസ്ക്ളബിന്‍െറ മുഖാമുഖം പരിപാടിയില്‍ അവര്‍ പറഞ്ഞു. കുത്തിവെപ്പ് എടുക്കാത്തവര്‍ക്കാണ് ഡിഫ്തീരിയ ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്ത് ആണെന്നേയുള്ളൂ. മറ്റ് ജില്ലകളില്‍നിന്നും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല കാരണങ്ങളാല്‍ വലിയൊരു വിഭാഗം കുത്തിവെപ്പില്‍നിന്ന് മാറിനില്‍ക്കുന്നു. എന്നാല്‍, പരസ്യമായി ആരും കുത്തിവെപ്പിനെ എതിര്‍ക്കുന്നില്ല. മതസംഘടനകളാണ് തടസ്സമാവുന്നതെന്ന് പറയാനാവില്ല. സംഘടനാ നേതാക്കളുമായി ബന്ധപ്പെട്ടപ്പോള്‍ സഹകരണമാണ് വാഗ്ദാനം ചെയ്തത്. പ്രകൃതിചികിത്സ തുടങ്ങിയ പേരുകളില്‍ ചിലര്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്. കുത്തിവെപ്പ് തടയുന്നവര്‍ക്കെതിരെ നിയമനടപടിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രതിരോധ മരുന്നിന്‍െറ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. സ്കൂളില്‍ ചേര്‍ക്കണമെങ്കില്‍ കുത്തിവെപ്പ് എടുത്തിരിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്‍െറ നിലപാട് ഈ വിഷയത്തില്‍ ആരോഗ്യവകുപ്പിന് ഏറെ സഹായകരമാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളജുകളെയും മികവിന്‍െറ കേന്ദ്രങ്ങളാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യം കൂട്ടി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റും. ജില്ലാ ആശുപത്രികള്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളാക്കി ഉയര്‍ത്തും. ആയുര്‍വേദ, ഹോമിയോ, സിദ്ധ, യൂനാനി ഡിസ്പെന്‍സറികളില്ലാത്ത എല്ലാ പഞ്ചായത്തുകളിലും അവ അനുവദിക്കും. ആശുപത്രികളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ട്. 200 ഡോക്ടര്‍മാര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിട്ട് 54 പേര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്.
അങ്കണവാടി ജീവനക്കാര്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച ശമ്പളവര്‍ധന ഈ വര്‍ഷം നടപ്പാക്കാന്‍ സാമ്പത്തികസ്ഥിതി അനുവദിക്കുന്നില്ളെന്നും കെ.കെ. ശൈലജ കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.