കൊച്ചി: ആറ്റിങ്ങലില്‍ കാമുകനൊപ്പം ചേര്‍ന്ന് മകളെയും ഭര്‍തൃമാതാവിനെയും കൊലചെയ്ത കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഐ.ടി സ്ഥാപനത്തിലെ ടീം ലീഡറായിരുന്ന അനുശാന്തി ഹൈകോടതിയില്‍ അപ്പീല്‍ ഹരജി നല്‍കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ മേയ് അഞ്ചിലെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
അനുശാന്തിയുടെ മൂന്നര വയസ്സുകാരിയായ മകളെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയ കേസിലാണ് കീഴ്കോടതി മുഖ്യപ്രതി നിനോ മാത്യുവിനും കൂട്ടുപ്രതിയും കാമുകിയുമായ അനുശാന്തിക്കും ശിക്ഷ വിധിച്ചത്. അനുശാന്തിയുടെ സ്ഥാപനത്തിലെ പ്രോജക്ട് മാനേജറായിരുന്ന നിനോ മാത്യുവാണ് കുഞ്ഞിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി ഇയാള്‍ക്ക് വധശിക്ഷയാണ് വിധിച്ചത്.
ഇയാളുമായി ഗൂഢാലോചന നടത്തിയെന്നതാണ് അനുശാന്തിക്കെതിരായ കുറ്റം. 2014 ഏപ്രില്‍ 14ന് ഉച്ചക്കാണ് അനുശാന്തിയുടെ കുഞ്ഞിനെയും ഭര്‍തൃമാതാവിനെയും അനുശാന്തിയുടെ സഹപ്രവര്‍ത്തകനായ നിനോ മാത്യു കൊലപ്പെടുത്തിയത്. കൊലപാതക ശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട അനുശാന്തിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ് നടന്നത്.
അനുശാന്തിക്കും പങ്കുണ്ടെന്ന് കണ്ടതോടെ അവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കി ഒരുമിച്ച് ജീവിക്കുന്നതിന് ഇരുവരും ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നായിരുന്നു കേസ്.
അപൂര്‍വങ്ങളില്‍ അപൂവമായ കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുക്കാത്തതിനാലും ആരോഗ്യസ്ഥിതി കണക്കിലെടുത്തും സ്ത്രീയായതിനാലുമാണ് അനുശാന്തിക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയത്. ഇരുവരും 50 ലക്ഷം രൂപ വീതം പിഴയടക്കണമെന്നും കീഴ്കോടതി ഉത്തരവിട്ടു. എന്നാല്‍, കുറ്റകൃത്യത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്നും തന്നോടുള്ള പക മൂലമാണ് നിനോ ഈ കുറ്റകൃത്യം ചെയ്തതെന്നുമാണ് അപ്പീല്‍ ഹരജിയിലെ വാദം.
അപ്പീല്‍ നല്‍കാന്‍ വൈകിയതിനാല്‍ കാലതാമസം വകവെച്ച് അനുവദിക്കണമെന്ന ആവശ്യം ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം, ജസ്റ്റിസ് കെ. സുധീന്ദ്രകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ചൊവ്വാഴ്ച പരിഗണിച്ചു. കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.