ഇതരസംസ്ഥാന പെണ്‍കുട്ടികളെ കൊണ്ടുവന്നത് കൊച്ചി റാക്കറ്റെന്ന് സൂചന

പാലക്കാട്: മത്സ്യസംസ്കരണ ഫാക്ടറികളിലെ ജോലിയുടെ മറവില്‍ ഝാര്‍ഖണ്ഡ്, ഒഡീഷ സ്വദേശിനികളായ പെണ്‍കുട്ടികളെ കൊച്ചിയില്‍ കൊണ്ടുവന്നത് പെണ്‍വാണിഭത്തിനാണെന്ന് റെയില്‍വേ പൊലീസിന്‍െറ പ്രാഥമിക നിഗമനം.പെണ്‍കുട്ടികള്‍ ചൂഷണത്തിനിരയായിട്ടുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍െറ വെളിച്ചത്തില്‍ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് ഈ നിലക്കാണ് അന്വേഷിക്കുന്നത്. കടുത്ത ദാരിദ്ര്യം മുതലെടുത്താണ് ഒഡീഷ, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ കുഗ്രാമങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ എജന്‍റുമാര്‍ വഴി വലവീശുന്നത്. കൊച്ചിയില്‍ ചെമ്മീന്‍ സംസ്കരണമടക്കം വിവിധ മേഖലകളില്‍ നൂറുകണക്കിന് അന്യസംസ്ഥാനക്കാരായ സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. പലരും പ്രായപൂര്‍ത്തിയാവാത്തവരാണ്.

വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കി വയസ്സ് തിരുത്തിയാണ് ഏജന്‍റുമാര്‍ പെണ്‍കുട്ടികളെ എത്തിക്കുന്നത്. ചുരുങ്ങിയ മാസങ്ങള്‍ മാത്രം ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ പിന്നീട് എവിടേക്ക് പോകുന്നെന്നത് ദുരൂഹമാണ്. ഷൊര്‍ണൂരില്‍ പിടിയിലായ സ്ത്രീകള്‍ ഇടക്ക് ജോലി സ്ഥലത്തുനിന്ന് അപ്രത്യക്ഷരാകാറുണ്ടെന്ന് തൊഴിലുടമ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്‍െറ വെളിച്ചത്തിലാണ് കൊച്ചിയിലെ പെണ്‍വാണിഭ റാക്കറ്റുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. റിമാന്‍ഡിലുള്ള അന്യസംസ്ഥാനക്കാരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും. ഏജന്‍റായി പ്രവര്‍ത്തിച്ച സ്ത്രീയുമായി ബന്ധപ്പെട്ടും പൊലീസ് സമാന്തര അന്വേഷണം നടത്തുന്നുണ്ട്. 6000 രൂപയാണ് ഒരു പെണ്‍കുട്ടിയെ എത്തിക്കാന്‍ ഇവര്‍ക്ക് ലഭിക്കുന്നതത്രെ. പെണ്‍കുട്ടികളെ പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ചൂഷണത്തിന് വിധേയമാക്കിയതായി സൂചനയുണ്ട്. പല പെണ്‍കുട്ടികളും പലതവണ ചൂഷണത്തിനിരയായതായി പാലക്കാട് ജില്ലാ ആശുപത്രിയില്‍നിന്ന് ശിശുക്ഷേമസമിതിക്ക് ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.