ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസുകളും വിജിലന്‍സ് പുന:പരിശോധിക്കുന്നു

കോട്ടയം: ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതും പിന്നീട് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഫയല്‍ പൂഴ്ത്തിവെക്കുകയോ അട്ടിമറിക്കപ്പെടുകയോ ചെയ്ത മുഴുവന്‍ കേസുകളും പുന$പരിശോധിക്കാനും തടസ്സപ്പെട്ട അന്വേഷണം പുനരാരംഭിക്കാനും വിജിലന്‍സ് തീരുമാനം. ആരോപണവിധേയര്‍ എത്ര ഉന്നതരായാലും അന്വേഷണത്തില്‍ വിട്ടുവീഴ്ച പാടില്ളെന്ന കര്‍ശന നിര്‍ദേശവും വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

വിവിധ തലങ്ങളില്‍ അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥര്‍ പ്രതികളായ നിരവധി കേസുകള്‍ നടപടിയൊന്നുമില്ലാതെ വിജിലന്‍സില്‍ കെട്ടിക്കിടക്കുകയായിരുന്നു. ഇതെല്ലാം പൊടി തട്ടിയെടുത്താണ് പുതിയ അന്വേഷണത്തിന് നിര്‍ദേശിച്ചിട്ടുള്ളത്. ഈ കേസുകളില്‍ പലതിലും കാലങ്ങളായി അന്വേഷണം ആരംഭിച്ചിരുന്നില്ല. പേരിന് അന്വേഷണം നടത്തിയ ഏതാനും കേസുകളില്‍ തുടര്‍നടപടി സ്വീകരിച്ചിട്ടുമില്ല.

ഈ കേസുകളുടെയെല്ലാം ഫയലുകളാണ് വീണ്ടും പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മുന്‍ മന്ത്രിമാരും പ്രതികളായ കേസുകളുടെ പൂര്‍ണവിവരങ്ങള്‍ വിജിലന്‍സിന്‍െറ കമ്പ്യൂട്ടറില്‍  രേഖപ്പെടുത്തിക്കഴിഞ്ഞു. വിജിലന്‍സ് മേഖലാ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ കേസുകളിലും ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കും. നിലവില്‍ സര്‍വിസിലുള്ള പലരുടെയും ഉറക്കംകെടുത്തുന്ന തീരുമാനത്തില്‍നിന്ന് പിന്നാക്കം പോകരുതെന്ന കര്‍ശന നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതോടെ പല പ്രമുഖരും നെട്ടോട്ടത്തിലാണ്.

കേസ് വിവരങ്ങള്‍ മറച്ചുവെച്ച് സ്ഥാനക്കയറ്റം നേടിയവരും വിജിലന്‍സിന്‍െറ രഹസ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിദേശയാത്രകള്‍ക്കും പ്രമോഷനും വേണ്ടി സ്വന്തം പേരിലുള്ള അന്വേഷണ വിവരങ്ങള്‍ മറച്ചുവെച്ചവര്‍ നിരവധിയാണെന്നാണ്  വിവരം. ഇവരില്‍ പലരും ഇപ്പോള്‍ ഉയര്‍ന്ന തസ്തികകളിലാണ്.
അതിനിടെ, വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കാന്‍ കൂട്ടുനിന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ശിപാര്‍ശയും വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാറിന് നല്‍കി. എസ്.പിമാരടക്കം ഇതില്‍ ഉള്‍പ്പെടും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.