10 വര്‍ഷം കൊണ്ട് വാങ്ങിക്കൂട്ടിയത് ഒരു ലക്ഷം കോടി രൂപയുടെ കടം

തിരുവനന്തപുരം: സംസ്ഥാനം 10 വര്‍ഷംകൊണ്ട് വാങ്ങിക്കൂട്ടിയത് ഒരു ലക്ഷം കോടിയിലേറെ രൂപയുടെ കടം. പലിശ ബാധ്യതയും മൂന്നിരട്ടിയായി വര്‍ധിച്ചു. ഇരുമുന്നണികളും ധവളപത്രത്തിന്‍െറ പേരില്‍ വാഗ്വാദം നടത്തുമ്പോഴും സംസ്ഥാനം വന്‍ കടക്കെണിയിലേക്ക് നീങ്ങുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളം രൂപംകൊണ്ട് 43 വര്‍ഷം വരെ ആകെ വാങ്ങിയത് 23918.98 കോടി രൂപ മാത്രമായിരുന്നു. അതിനു ശേഷമുള്ള 15 വര്‍ഷംകൊണ്ട് വാങ്ങിയത് 131470.35 കോടി രൂപയും. യഥേഷ്ടം കടം കിട്ടുമെന്നായപ്പോള്‍ മാറിമാറി വന്ന സര്‍ക്കാര്‍ കിട്ടാവുന്നിടത്ത് നിന്നൊക്കെ കടം വാങ്ങി ചെലവിട്ടു. ചെലവ് നിയന്ത്രിക്കാതെയും വരുമാനം ഉയര്‍ത്താതെയും പണം കടം വാങ്ങുന്ന രീതിയാണ് നിലനില്‍ക്കുന്നത്. ധവളപത്രമൊക്കെ പുറപ്പെടുവിച്ചെങ്കിലും വരും വര്‍ഷങ്ങളിലും കടം കുതിച്ചുയരും. ഇപ്പോള്‍ വാങ്ങുന്നത് വന്‍ തുകകളായതിനാല്‍ കടത്തിന്‍െറ വലുപ്പവും പെട്ടെന്ന് ഉയരും.  

ആദ്യകാലങ്ങളില്‍ കടം വാങ്ങി ചെലവിടുന്ന രീതി സംസ്ഥാനത്തുണ്ടായിരുന്നില്ല. വരുമാനത്തിനനുസരിച്ചായിരുന്നു ചെലവിടല്‍. 1970-71ല്‍ പൊതുകടം 217.34 കോടി രൂപ മാത്രമായിരുന്നു. അന്ന് വരുമാനവും വളരെ കുറഞ്ഞ തുകയായിരുന്നു. 1991-92 കാലത്ത് പൊതുകടം വര്‍ധിച്ച് 5466.56 കോടിയിലത്തെി. 2000-01 ആയപ്പോള്‍ 20176 കോടിയിലത്തെി. അതിനുശേഷം കടം കുതിച്ചുയരുകയായിരുന്നു. 2000-01ല്‍ 23918.98 കോടിയായി പൊതുകടം ഉയര്‍ന്നത് വലിയ വിവാദമായിരുന്നു. ഇടത് സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ തോറ്റശേഷം അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിച്ചു.

ഇടതുമുന്നണിയെ കുറ്റപ്പെടുത്തുന്നതായിരുന്നു അത്. വെറും കാല്‍ലക്ഷം കോടിയില്‍ താഴെ രൂപയുടെ കടമുള്ളപ്പോഴായിരുന്നു ഇത്. ആ കടം തന്നെ വലിയ ആശങ്കയോടെയാണ് സംസ്ഥാനം കണ്ടത്. ധവളപത്രമിറക്കിയ യു.ഡി.എഫ് സര്‍ക്കാറും ഇഷ്ടം പോലെ കടം വാങ്ങി ചെലവിടുകയായിരുന്നു. അവര്‍ അധികാരമൊഴിയുമ്പോള്‍ കടം 45000 കോടി കവിഞ്ഞിരുന്നു. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടിയിലേറെ (109460.48 കോടി) രൂപയാണ് കടമായി വാങ്ങിക്കൂട്ടി ചെലവിട്ടത്. ആദ്യ വര്‍ഷങ്ങളില്‍ കടം 15000 കോടിയിലത്തൊന്‍ 40 വര്‍ഷം വേണ്ടിവന്നു.

കഴിഞ്ഞ വര്‍ഷം മാത്രം (15-16) വാങ്ങിക്കൂട്ടിയ കടം 155389.33 കോടി രൂപയായിരുന്നു. വരും വര്‍ഷങ്ങളിലും കടത്തിന്‍െറ തോത് കുത്തനെ ഉയരും. കടം കൂടുന്നതിനൊപ്പം സംസ്ഥാനത്തിന്‍െറ പലിശ ബാധ്യതയും കുത്തനെ വര്‍ധിക്കുകയാണ്. 1957-58ല്‍ 2.01 കോടി രൂപയായിരുന്നു സംസ്ഥാനം പലിശയായി നല്‍കിയിരുന്ന തുക. 1996-97ലാണ് അത് ക്രമേണ വര്‍ധിച്ച് 1000 കോടിയിലത്തെിയത്. 2001-2002ല്‍ 2489.47 കോടിയിലത്തെി. തുടര്‍വര്‍ഷങ്ങളില്‍ കടം കൂടിക്കൊണ്ടിരുന്നു. അതിനനുസരിച്ച് പലിശ ബാധ്യതയും. 2015-16ല്‍ ഒരു വര്‍ഷം മാത്രം കൊടുത്ത പലിശ 9114.38 കോടി രൂപയായിരുന്നു. ശമ്പളം, പെന്‍ഷന്‍ എന്നിവയിലും വന്‍ വര്‍ധനയാണ് സംസ്ഥാനത്ത് വന്നത്. വികസന ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് തുകയെല്ലാം കടം വാങ്ങിയതെങ്കിലും ഭൂരിഭാഗവും മറ്റ് ചെലവുകള്‍ക്കാണ് വിനിയോഗിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.