‘നടിയെ ദിലീപ് ഭീഷണിപ്പെടുത്തിയതിന് തെളിവില്ല, സാക്ഷിയില്ല’; വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയെ ദിലീപ് ഭീഷണിപ്പെടുത്തിയെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്നും അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്നും വിധിന്യായത്തിൽ പറയുന്നു. അവസരങ്ങൾ നിഷേധിച്ചതിന് ഏതെങ്കിലും സംഭവങ്ങൾ എടുത്തുപറയാൻ നടിക്ക് സാധിച്ചിട്ടില്ല. മലയാള സിനിമയിൽനിന്ന് പുറത്താക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിന് കൃത്യമായ സാക്ഷിമൊഴികളോ തെളിവുകളോ ഇല്ല. വർഷം രണ്ടോ മൂന്നോ സിനിമകളിൽ അഭിനയിച്ചിരുന്നതായി നടി തന്നെ മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ആരോപണം വിശ്വാസയോഗ്യമല്ല.

ദിലീപ് ഭീഷണിപ്പെടുത്തിയെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്ന് വിധിപ്രസ്താവത്തിൽ പറയുന്നു. കാവ്യയുമായി ദിലീപിന് ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജു വാര്യരോട് അത് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടെന്നായിരുന്നു അതിജീവിതയുടെ മൊഴി. തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. എന്നാൽ ഇതിന് സാക്ഷികളില്ല. ഇതേക്കുറിച്ച് നടി ആരോടും പറഞ്ഞതായി തെളിവില്ലെന്നും വിധിന്യായത്തിൽ പറയുന്നു. അതേസമയം, കേസിൽ അതിവേഗ അപ്പീൽ നീക്കവുമായി മുന്നോട്ട് പോവുകയാണ് സംസ്ഥാന സർക്കാർ. അപ്പീൽ നടപടികൾക്ക് ശുപാർശ ചെയ്ത് സ്പെഷൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.

അതിനിടെ, കോടതി വിധിയിൽ പ്രതികരിച്ച് അതിജീവിത രംഗത്തെത്തിയിരുന്നു. പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. കോടതി വിധി പലരെയും നിരാശപ്പെടുത്തിയിരിക്കാം. എന്നാൽ തനിക്ക് ഒട്ടും അത്ഭുതമില്ല എന്നായിരുന്നു അതിജീവിതയുടെ പ്രതികരണം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. തന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുകയാണ്.

പ്രസ്തുത ജഡ്ജിയിൽ നിന്ന് കേസ് മാറ്റണമെന്നുള്ള എല്ലാ ഹരജികളും നിഷേധിക്കപ്പെട്ടു. 2020ന്റെ അവസാനം തന്നെ ചില അന്യായങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയിൽ നിന്ന് മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസിലായ കാര്യമാണെന്നും അതിജീവിത ചൂണ്ടിക്കാട്ടി.

കേസിലെ ഒന്നാംപ്രതി പൾസർ സുനി തന്റെ പേഴ്സനൽ ഡ്രൈവറായിരുന്നുവെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരോട് അത് ശുദ്ധനുണയാണെന്നും നടി പറയുന്നു. പൾസർ സുനി തന്റെ പേഴ്സനൽ ഡ്രൈവറോ ജീവനക്കാരനോ ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ ആയിരുന്നില്ല. 2016ൽ താൻ വർക്ക് ചെയ്തിരുന്ന സിനിമക്ക് വേണ്ടി പ്രൊഡക്ഷനിൽനിന്ന് നിയമിക്കപ്പെട്ട ഒരാൾ മാത്രമാണ്.

നിയമത്തിന്റെ മുമ്പിൽ ഈ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ല എന്നാണ് നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ തിരിച്ചറിയുന്നുവെന്നും അതിജീവിത കുറിച്ചു. തന്നെ അധിക്ഷേപിക്കുന്ന നുണക്കഥകൾ പ്രചരിപ്പിക്കുന്നവർ അത് തുടരുകയെന്നും കുറിപ്പിൽ പറയുന്നുണ്ട്. പോരാട്ടത്തിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags:    
News Summary - 'No Evidence for Dileep Threatening Actress'; Court says in judgement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.