തിരുവനന്തപുരം: എറണാകുളം പ്രിൻസിപ്പൽ ജില്ല ജഡ്ജി ഹണി എം വർഗ്ഗീസിനെയും കേരള ഹൈകോടതിയിലെ മൂന്ന് ജഡ്ജിമാരുടെയും പേര് വ്യക്തമാക്കി പ്രചരിച്ച ഊമക്കത്തിൽ അന്വേഷണം ആവിശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയെ സമീപിച്ച ഡിവൈഎസ്പി ബൈജു കെ പൗലോസിനെതിരെ പരാതി. ജുഡീഷ്യറിയെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി.വൈ.എസ്.പിയുടെ നടപടിയെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് നൽകിയ പരാതി അന്വേഷണത്തിനും തുടർ നടപടികൾക്കുമായി ഡിജിപിക്ക് കൈമാറി.
നടിയെ ആക്രമിച്ച കേസിൽ വിധിന്യായം പുറപ്പെടുവിച്ച എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയെയും ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരെയും അധിക്ഷേപിച്ച് കൊണ്ടുള്ള ഊമ കത്തിന്റെ ആമുഖം സഖാവ് ഹണി എം വർഗ്ഗീസിന്റെ വിക്രിയകൾ എന്നാണ്. എറണാകുളം എം ജി റോഡിലെ പോസ്റ്റ് ഓഫിസിൽ നിന്നാണ് ഊമ കത്തുകൾ കഴിഞ്ഞ മൂന്നാം തീയതി രജിസ്‌ട്രേഡ് പോസ്റ്റലായി അയച്ചത്.
‘കേരള ഹൈകോടതി മുൻ ജഡ്ജി കമാൽ പാഷ, ഹൈകോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയവർക്കും ഊമ കത്തുകൾ ലഭിച്ചു. വ്യക്തികളെ അപമാനിച്ച് കൊണ്ടുള്ള ഊമ കത്തുകൾ നിയമപരമായി നിലനിൽക്കുന്നതല്ല. ഇതിൻമേൽ തുടർ നടപടിക്ക് ജുഡീഷ്യറിക്ക് പോലും നിയമപരമായി കഴിയില്ല. കോടതി വിധിന്യായങ്ങൾക്ക് അപ്പീൽ പോകുവാൻ ശുപാർശ നൽകുക എന്നതിൽ നിന്ന് വ്യത്യസ്തമായി ജഡ്ജിമാരെയും കോടതി നടപടി ക്രമങ്ങളെയും സംശയത്തോടെ അന്വേഷണ ഉദ്യോഗസ്ഥന് കാണാൻ കഴിയില്ല. ഇതിന്റെ ലംഘനമാണ് ബൈജു കെ പൗലോസ് നടത്തിയത്. നടിയെ ആക്രമിച്ച കേസിൽ രണ്ടാമത്തെ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്ത സംഘത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ബൈജു കെ പൗലോസ്. മേലധികാരികൾ മുഖേനയല്ല സംസ്ഥാന പൊലീസ് മേധാവിക്ക് ഇത്തരത്തിൽ പരാതി നൽകിയത്. ഊമ കത്തിൽ ജഡ്ജിമാർക്കെതിരെ ആക്ഷേപം നടത്തിയ ആളെ കണ്ടെത്തുക എന്ന ആവശ്യമല്ല ബൈജു മുന്നോട്ട് വെച്ചത്. ജഡ്ജിമാർക്കെതിരെയുള്ള നുണ കഥയിൽ സത്യമുണ്ടോയെന്ന് അന്വേഷിക്കണമെന്ന നിയമവിരുദ്ധ ആവശ്യമാണ് ഉന്നയിച്ചിട്ടുള്ളത്. അതിനാൽ ബൈജു കെ പൗലോസിനെതിരെ നടപടി വേണം’ -അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെട്ടു.
ഊമക്കത്ത് തയ്യാറാക്കി അയച്ചവരെ കണ്ടെത്തണമെന്ന ആവശ്യവുമായി ജയ്‌സിങ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.