തദ്ദേശ സ്ഥാപനങ്ങള്‍ കാര്‍ഷിക ഉല്‍പാദന മേഖലയില്‍ 20 ശതമാനം ഫണ്ട് ചെലവഴിക്കണം

മഞ്ചേരി: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ 20 ശതമാനം തുക ഉല്‍പാദനത്തിനും 10 ശതമാനം മാലിന്യ സംസ്കരണത്തിനും വിനിയോഗിക്കണമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 22ന് ചേര്‍ന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാന തല കോഓഡിനേഷന്‍ കമ്മിറ്റി തീരുമാനവും ശിപാര്‍ശയും പരിഗണിച്ചാണിതെന്ന് തദ്ദേശ വകുപ്പ് ജോയന്‍റ് സെക്രട്ടറി എ.കെ. മോഹനകുമാര്‍ വെള്ളിയാഴ്ച ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. മുന്‍ വര്‍ഷത്തെ നടപടിക്രമങ്ങള്‍ തന്നെ ഈ വര്‍ഷവും പദ്ധതി നടത്തിപ്പിന് തുടരണം.

വികസന ഫണ്ടിന്‍െറ അഞ്ചുശതമാനം വയോജനസൗഹൃദ പദ്ധതികള്‍ക്കും അഞ്ചുശതമാനം ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും കുട്ടികള്‍ക്കുമായും വകയിരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുംമുമ്പ് ഉല്‍പാദന മേഖലയടക്കം നിര്‍ബന്ധമായി മാറ്റിവെക്കേണ്ടവ ഉറപ്പുവരുത്തും.

ജനകീയാസൂത്രണത്തിന്‍െറ ആദ്യഘട്ടത്തിലാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ചെലവഴിച്ചിരുന്ന മേഖലകളെ മൂന്നാക്കി തിരിച്ച് ഏറ്റവും കൂടുതല്‍ തുക ഉല്‍പാദനത്തിന് ചെലവഴിക്കാന്‍ കര്‍ശന സ്വഭാവം നിലനിര്‍ത്തിയത്. ജനകീയാസൂത്രണ ഘട്ടത്തില്‍ ഉല്‍പാദന മേഖലയില്‍ 40 ശതമാനവും പശ്ചാത്തല മേഖലക്കും സേവന മേഖലക്കും 30 ശതമാനം വീതവുമായിരുന്നു. പിന്നീട് ഇതില്‍ നിര്‍ബന്ധിതാവസ്ഥ ഒഴിവാക്കി. പരമാവധി 45 ശതമാനം വരെ പശ്ചാത്തല മേഖലക്ക് വിനിയോഗിക്കാമെന്നും കാര്‍ഷിക ഉല്‍പാദന മേഖലക്ക് എത്രവേണമെങ്കിലും വെക്കാമെന്നുമായി. ഇതോടെ കാര്‍ഷിക ഉല്‍പാദന മേഖലയെ തദ്ദേശ സ്ഥാപനങ്ങള്‍ കൈയൊഴിയുന്ന സ്ഥിതി വന്നു. നാമമാത്രമായ പദ്ധതികളെങ്കിലും കാര്‍ഷിക ഉല്‍പാദന രംഗത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ നിലനില്‍ക്കലാണ് ഉത്തരവിന്‍െറ ലക്ഷ്യം.

ജനകീയാസൂത്രണപദ്ധതി തുടങ്ങിയ ശേഷം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന ഫണ്ട് വെട്ടിക്കുറക്കുകയായിരുന്നു. മാത്രമല്ല കൂടുതല്‍ നിര്‍ബന്ധിത ചുമതലകള്‍ വരുത്തുകയും ചെയ്തു. ഇതോടെയാണ് ഉല്‍പാദന പദ്ധതികള്‍ നിലച്ചത്. അങ്കണവാടി കുട്ടികള്‍ക്ക് വര്‍ഷം മുഴുവന്‍ ഭക്ഷണം, എസ്.എസ്.എ വിഹിതം എന്നിവയായിരുന്നു തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ബന്ധമായും മാറ്റി വെക്കേണ്ടിയിരുന്നത്. അതിപ്പോള്‍ അങ്കണവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച വേതനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാത്രമല്ല, ഇത്തരത്തില്‍ പുതിയ ചുമതലകള്‍ വരുത്തുന്നതിന് ആനുപാതികമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വാര്‍ഷിക വികസന ഫണ്ട് വര്‍ധിപ്പിച്ച് നല്‍കുന്നുമില്ല. അങ്കണവാടി കുട്ടികളുടെ ഭക്ഷണം, ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച വേതനം എന്നിവ സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക നീതി വകുപ്പ് വഴി ബജറ്റ് വിഹിതം കൊണ്ട് നടപ്പാക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.