സ്കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിന് അവസരമില്ല; സ്പോട്സ് ക്വോട്ടയില്‍ പ്രവേശം നേടിയവര്‍ വെട്ടില്‍

മലപ്പുറം: സ്പോട്സ് ക്വോട്ടയില്‍ പ്ളസ്വണ്‍ പ്രവേശം നേടിയ കായിക താരങ്ങള്‍ക്ക് സ്കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിന് അവസരമില്ല. ആദ്യ ഘട്ട സ്കൂള്‍ മാറ്റങ്ങള്‍ക്ക് വേണ്ടി നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ വ്യാഴാഴ്ച ഉച്ചയോടെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ലഭിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നേടിയ സ്കൂളില്‍ തന്നെ മറ്റൊരു കോമ്പിനേഷനിലേക്കോ മറ്റൊരു സ്കൂളിലെ അതേ കോമ്പിനേഷനിലേക്കോ മറ്റൊരു കോമ്പിനേഷനിലേക്കോ അപേക്ഷ നല്‍കാമായിരുന്നു. എന്നാല്‍, ഏകജാലക രീതിയിലൂടെ മെറിറ്റ് സീറ്റില്‍ പ്രവേശം നേടിയവര്‍ക്ക് മാത്രമാണ് കോമ്പിനേഷന്‍ മാറ്റത്തിനും സ്കൂള്‍ മാറ്റത്തിനും കോമ്പിനേഷന്‍ മാറ്റത്തോടെയുള്ള സ്കൂള്‍ മാറ്റത്തിനും ഇക്കുറി അവസരമുള്ളത്.
കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം സ്പോട്സ് ക്വോട്ടക്കാരെ കൂടി പരിഗണിച്ചിരുന്നതിനാല്‍ വിവിധ വിദ്യാലയങ്ങളില്‍ പ്രവേശം നേടിയ കായികതാരങ്ങള്‍ക്ക് മാതൃവിദ്യാലങ്ങളില്‍ തിരിച്ചത്തൊനും  കായിക പരിശീലനം തുടരാനും സാധിച്ചിരുന്നു. കോമ്പിനേഷന്‍ മാറാനാവും എന്ന പ്രതീക്ഷയില്‍ പല കുട്ടികളും സ്പോട്സ് ക്വോട്ടയില്‍ സയന്‍സ് ബാച്ചിലാണ് പ്രവേശം നേടിയിട്ടുള്ളത്. ഈ വര്‍ഷം സ്പോട്സ് ക്വോട്ട അലോട്ട്മെന്‍റ് ആദ്യം നടന്നതിനാല്‍ മെരിറ്റില്‍ത്തന്നെ പ്രവേശം ലഭിക്കുമായിരുന്ന കുട്ടികളാണ് സ്പോട്സ് ക്വോട്ടയിലൂടെ പ്രവേശം നേടിയത്. ഇതോടെ സ്പോട്സ് ക്വോട്ടയുടെ ഉദ്ദേശ്യം അട്ടിമറിക്കപ്പെടുന്ന സ്ഥിതിയുമുണ്ടായി. ഇങ്ങനെ പ്രവേശം നേടിയ വിദ്യാര്‍ഥികളെയാണ് വിദ്യാഭ്യാസ വകുപ്പിന്‍െറ പുതിയ തീരുമാനം ദുരിതത്തിലാക്കിയത്.

പലരും കായിക പരിശീലനത്തിന് ഒട്ടും അവസരമില്ലാത്തതും വിദൂര സ്ഥലങ്ങളിലുള്ളതുമായി സ്കൂളുകളിലാണ് ഇപ്പോള്‍ പ്രവേശം നേടിയത്. മുന്‍ വര്‍ഷങ്ങളിലെ പോലെ സ്കൂള്‍ മാറാമെന്ന പ്രതീക്ഷയിലായിരുന്നു ഇവരും പരിശീലകരും.
സയന്‍സ് പോലുള്ള പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയങ്ങളിലാണ് കുറേ പേര്‍ ഇപ്പോള്‍ പ്രവേശം നേടിയത്. കോമ്പിനേഷന്‍ മാറ്റത്തിന് അവസരം നിഷേധിക്കപ്പെടുന്നത് ഇവരുടെ കരിയര്‍ തന്നെ ഇല്ലാതാക്കുമെന്ന് കായികാധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. കോമ്പിനേഷന്‍/ സ്കൂള്‍ മാറ്റത്തിന് സ്പോട്സ് ക്വോട്ടയിലൂടെ പ്രവേശം നേടിയ വിദ്യാര്‍ഥികളെക്കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ സംയുക്ത കായികാധ്യാപക സംഘടന വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചതായി ഡി.പി.ഇ.ടി.എ ജില്ലാ സെക്രട്ടറി വി. സജാദ് സാഹിര്‍ പറഞ്ഞു. ജൂലൈ നാലിന് ഉച്ചക്ക് രണ്ട് വരെ സ്കൂള്‍\കോമ്പിനേഷന്‍ മാറ്റത്തിനായി അപേക്ഷ സ്വീകരിക്കുക. ഇതിന് മുന്നേ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കായികതാരങ്ങള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.