ട്രാഫിക് പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന

തിരുവനന്തപുരം: കേരളത്തിലെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലും ട്രാഫിക് യൂനിറ്റുകളിലും  ‘ഓപറേഷന്‍ സിഗ്നല്‍ ലൈറ്റ്സ്  എന്ന പേരില്‍ ശനിയാഴ്ച വിജിലന്‍സ് ആന്‍ഡ്  ആന്‍റി കറപ്ഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി.
വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദേശാനുസരണം റെയ്ഞ്ച് എസ്.പിമാരുടെ മേല്‍നോട്ടത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്.
ട്രാഫിക് കേസുകളില്‍ തീര്‍പ്പുകല്‍പിക്കുന്നതില്‍ അനാവശ്യ കാലതാമസം വരുത്തുക, വാഹനങ്ങള്‍, ഡ്രൈവിങ് ലൈസന്‍സുകള്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ മുതലായ രേഖകള്‍ അനാവശ്യമായി പിടിച്ചെടുക്കുക, മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പരിശോധിച്ച വാഹനങ്ങള്‍ വിട്ടുകൊടുക്കാതിരിക്കുക, വാഹന പരിശോധനയും കേസന്വേഷണവും പൂര്‍ത്തിയാക്കിയിട്ടും വാഹനം വിട്ടുകൊടുക്കാതിരിക്കുക, ട്രാഫിക് കുറ്റങ്ങള്‍ കണ്ടുപിടിച്ചശേഷം നോട്ടീസ് അയക്കാതിരിക്കുക, പിഴ കുറച്ച് ഈടാക്കുക, കുറ്റക്കാര്‍ക്ക് നിശ്ചിത കാലാവധിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി കുറ്റപത്രം യഥാസമയം സമര്‍പ്പിക്കാതിരിക്കുക, ഈടാക്കിയ പിഴ യഥാസമയം ഡി.പി.ഒയിലോ ട്രഷറിയിലോ അടയ്ക്കാതിരിക്കുക തുടങ്ങിയവ സംബന്ധിച്ചാണ് മിന്നല്‍ പരിശോധന നടത്തിയത്.
മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടത്തെിയിട്ടുണ്ട്.  ഇരുചക്ര വാഹനങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താതെയും റെക്കോഡുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ നടപടി സ്വീകരിക്കാതെയും സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിക്കുന്നതായും MV Petty Register, TR 5 Issue Register എന്നിവ ശരിയായ വിധത്തില്‍ എഴുതി സൂക്ഷിക്കാത്തതായും കണ്ടത്തെി. പല സ്ഥലങ്ങളിലും ഉദ്യോഗസ്ഥരാരുംതന്നെ പേഴ്സനല്‍ / കാഷ് ഡിക്ളറേഷന്‍ ചെയ്ത് കാണുന്നില്ല. അന്വേഷണത്തില്‍ ഇരിക്കുന്ന കേസുകളുടെ സി.ഡി ഫയലുകളില്‍  പലതിലും ശരിയായ അന്വേഷണം നടത്താതെ കാണുന്നു. പലതും എഫ്.ഐ.ആര്‍ സ്ഥിതിയിലാണ്. ആക്സിഡന്‍റുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ശരിയായ രീതിയില്‍ റെക്കോഡുകളില്‍ രേഖപ്പെടുത്തുന്നില്ല. അന്വേഷണത്തിലിരിക്കുന്ന പല കേസുകളിലും പ്രതി സഞ്ചരിച്ചിരുന്ന വാഹനം പിടിച്ചെടുത്തിട്ടില്ല.  
ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ ചില ഉദ്യോഗസ്ഥരുടെ മേശകള്‍ക്കുളളില്‍നിന്നും അസ്സല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് എന്നിവ കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായ വളരെ അധികം ആക്സിഡന്‍റ് കേസുകള്‍ തീര്‍ച്ച റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാതെ കാണപ്പെടുന്നു. വാഹന പരിശോധനാ സമയത്ത് നല്‍കുന്ന ചെക് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പിഴ ഒടുക്കാത്ത ആള്‍ക്കാരുടെ പേരില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളാതെ ചെക് റിപ്പോര്‍ട്ടുകള്‍ അതേപടി സൂക്ഷിക്കുന്നതായും കാണുന്നു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.