തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം മത്സരത്തില്‍ ഒന്നാമതത്തെിയ ‘മൃതസഞ്ജീവനി തേടി’ എന്ന കവിത സമകാലീനാവസ്ഥയെ തികവുറ്റ രൂപത്തില്‍ ആവിഷ്കരിക്കുന്ന വരികളായി. കോഴിക്കോട് ചേന്ദമംഗലൂര്‍ എച്ച്.എസ്.എസിലെ നാദിയ ജമാലിനെയാണ് കാവ്യലോകത്തെ പ്രതീക്ഷയുടെ പുതുനാമ്പായി ഈ കലോല്‍സവം സമ്മാനിച്ചത്. ‘തോറ്റവരുടെ കൂടാരം’ എന്നായിരുന്നു കവിതയുടെ വിഷയം. അറബി കവിതാ രചനയില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഒന്നാമതായിരുന്ന നാദിയ പാലക്കാട് നടന്ന സംസ്ഥാന കലോത്സവത്തില്‍ എച്ച്.എസ് മലയാളം കവിതയില്‍ രണ്ടാമതത്തെിയിരുന്നു. പ്ളസ് ടു സയന്‍സ് വിദ്യാര്‍ഥിയായ നാദിയയുടെ 15 കവിതകളുള്‍പ്പെടുത്തി ആദ്യ സമാഹാരവും പണിപ്പുരയിലാണ്. സ്കൂളിലെ വിദ്യാര്‍ഥി മാഗസിന്‍ ആയ ദിശയുടെ എഡിറ്റര്‍ കൂടിയായ നാദിയയുടെ ഇഷ്ടകവി സച്ചിദാനന്ദനാണ്.
മൃതസഞ്ജീവനി തേടി...
തോറ്റവരുടെ
കൂടാരം തേടി
യാത്രപോയതാണു ഞാന്‍
ഗലികളും ചേരികളും
അഭയാര്‍ഥിക്യാമ്പുകളും
പിന്നിട്ട്,
കാന്‍സര്‍ വാര്‍ഡും
അന്ധവിദ്യാലയവും
കടന്ന്,
ശവമഞ്ചങ്ങള്‍ക്കു
പൂക്കളര്‍പ്പിക്കവേ,
ബുദ്ധഗയയിലെ
കാറ്റാണെന്നെ
ഇവിടെയത്തെിച്ചത്!
ബോധിയുടെ
ശേഷിച്ച തണലില്‍
ഇപ്പൊഴും
ഭിക്ഷതേടി ബുദ്ധന്‍!
തുരുമ്പെടുത്ത
പഴയൊരു വില്ലിന്‍െറ
ഞാണ്‍ മുറുക്കുന്നു, -
അര്‍ജുനന്‍!
‘കറകറ’... തിരിയുന്ന
ചര്‍ക്കയും...!
പൊട്ടിയ കണ്ണടക്കൂട്ടില്‍
ഗാന്ധിയും...!
നീലിച്ച സാരിത്തുമ്പാല്‍
കണ്ണുതുടച്ചു,
മൗനം തുടര്‍ന്നു, -
മദര്‍ തെരേസ!
ചോരയിറ്റുന്ന മുള്‍ക്കിരീടവും
കാലമഴിച്ചുവെച്ച
രുദ്രാക്ഷവും
ചിതലരിച്ച
ഓലക്കെട്ടും എഴുത്താണിയും
അവിടവിടെ
ചിതറിക്കിടന്നു.
ഭഗീരഥനും ബ്രഹ്മാവും
അന്യരെപ്പോലെയിരുന്നു!
പഴയൊരു
റേഡിയോവില്‍
ഓണപ്പാട്ടു മുഴങ്ങി
അരികില്‍, -
ആദര്‍ശം പൊടിതട്ടി
ഗുരുദേവനും,
വിപ്ളവത്തിന്നീരടി മൂളി
അയ്യങ്കാളിയും.
ഞാന്‍
ഒന്നു മുരടനക്കി,
ഉടന്‍ ഒരശരീരി:
‘പോകൂ,
പോയി ജയിച്ചുവരൂ;
ഇതു ജയിച്ചിട്ടും തോറ്റവരുടെ അള്‍ത്താരയാണ്’-
ജയിച്ചതെന്തിനെന്നാണ്
തോറ്റവരിപ്പോള്‍
ആലോചിക്കുന്നത്,-
ഞാനും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.