മൈക്രോ ഫിനാൻസ്: വെള്ളാപ്പള്ളിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് വായ്പ ക്രമക്കേടില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രാഥമികാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പ്രാഥമികാന്വേഷണത്തില്‍ തെളിവ് ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ജഡ്ജി ജോണ്‍ കെ.ഇല്ലിക്കാടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
വെള്ളാപ്പള്ളിക്കുപുറമെ യോഗം പ്രസിഡന്‍റ് ഡോ.എം.എന്‍. സോമന്‍, യോഗം മൈക്രോ ഫിനാന്‍സ് സംസ്ഥാന കോഓഡിനേറ്റര്‍ കെ.കെ. മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍. നജീബ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദത്തിനിടെ വിജിലന്‍സ് അനുകൂലനിലപാട് സ്വീകരിച്ചിരുന്നു. എസ്.എന്‍.ഡി.പിക്ക് കീഴിലെ സ്വാശ്രയസംഘങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നെടുത്ത 15 കോടിരൂപയില്‍ ക്രമക്കേട് നടന്നെന്നാരോപിച്ചാണ് വി.എസ് കോടതിയെ സമീപിച്ചത്. 2003 മുതല്‍ 2015വരെയുള്ള കാലയളവിലെ ക്രമക്കേട് അന്വേഷിക്കാനാണ് കോടതി നിര്‍ദേശം.
അഞ്ചുശതമാനം പലിശക്ക് സംഘങ്ങള്‍ നല്‍കേണ്ട വായ്പ 12 മുതല്‍ 18 ശതമാനം പലിശക്ക് വിതരണം ചെയ്തതായി വി.എസ് സമര്‍പ്പിച്ച രേഖകളില്‍ നിന്ന് വ്യക്തമായതായി ഉത്തരവില്‍ പറയുന്നു. പിന്നാക്കവികസന കോര്‍പറേഷന്‍ ജില്ലാ മാനേജര്‍മാര്‍ക്ക് ധനവിനിയോഗ റിപ്പോര്‍ട്ട് എല്ലാവര്‍ഷവും നല്‍കിയിട്ടില്ല. ഗുണഭോക്താക്കളെന്ന പേരില്‍ വ്യാജരേഖകളുണ്ടാക്കി പണം തട്ടി തുടങ്ങിയ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ തെളിഞ്ഞതായും ഉത്തരവിലുണ്ട്. കോടിക്കണക്കിന് രൂപ യോഗം പിന്നാക്ക വികസന കോര്‍പറേഷന് മടക്കിനല്‍കാനുണ്ടെന്നും ഇത് തിരിച്ചുപിടിക്കാന്‍ റവന്യൂ റിക്കവറി നടപടി സ്വീകരിച്ച സാഹചര്യത്തില്‍ അന്വേഷണം അനിവാര്യമാണെന്നും ഉത്തരവില്‍ പറയുന്നു. മാര്‍ച്ച് അഞ്ചിന് റിപ്പോര്‍ട്ട് ഹാജരാക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.