കൊച്ചി: അര്‍ഹരായവര്‍ക്ക് പാസ്പോര്‍ട്ടിലെ ജനനത്തീയതി തിരുത്താന്‍ സമയം അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈകോടതി. അഞ്ച് വര്‍ഷം മുമ്പ് വിതരണം ചെയ്ത പാസ്പോര്‍ട്ടിലെ ജനനത്തീയതി തിരുത്താനുള്ള അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ളെന്ന ഉത്തരവിനെ തുടര്‍ന്ന് അര്‍ഹതപ്പെട്ടവരുടെ അപേക്ഷ പോലും നിരസിക്കപ്പെടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറ ഉത്തരവ്.
സ്കൂള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ജനനത്തീയതി പാസ്പോര്‍ട്ടില്‍ ചേര്‍ത്തവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റിന്‍െറ അടിസ്ഥാനത്തില്‍ തിരുത്തല്‍ വരുത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഉത്തരവ് കര്‍ശനമായി നടപ്പാക്കും മുമ്പ് അര്‍ഹരായവര്‍ക്ക് അപേക്ഷ നല്‍കാനും തിരുത്താനും നിശ്ചിത സമയം അനുവദിക്കണമെന്ന നിരീക്ഷണത്തോടെയാണ് ഉത്തരവ്.
തൃശൂര്‍ മേലഡൂര്‍ സ്വദേശി റോജോ ജോര്‍ജ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2006ല്‍ ഹരജിക്കാരന് ലഭിച്ച പാസ്പോര്‍ട്ടിലെ ജനനത്തീയതി സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്‍െറ അടിസ്ഥാനത്തിലായിരുന്നു. ജനന മരണ രജിസ്ട്രാറില്‍നിന്ന് ജനന സര്‍ട്ടിഫിക്കറ്റ് എടുത്തപ്പോള്‍ പാസ്പോര്‍ട്ടിലും സ്കൂള്‍ രേഖയിലുമുള്ള 1985 മാര്‍ച്ച് 18ന് പകരം 84 മാര്‍ച്ച് 18 ആണ് യഥാര്‍ഥത്തിലുള്ളതെന്ന് വ്യക്തമായി. സ്കൂള്‍ രേഖകളില്‍ ഇതിന്‍െറ അടിസ്ഥാനത്തില്‍ തിരുത്തല്‍ വരുത്തി. എന്നാല്‍, പാസ്പോര്‍ട്ടിലെ ജനനത്തീയതി തിരുത്താന്‍ നല്‍കിയ അപേക്ഷ പാസ്പോര്‍ട്ട് ഓഫിസര്‍ നിരസിക്കുകയായിരുന്നു.
അഞ്ച് വര്‍ഷം മുമ്പ് വിതരണം ചെയ്ത പാസ്പോര്‍ട്ടിലെ ജനനത്തീയതി തിരുത്താനുള്ള അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ളെന്ന 2015 നവംബര്‍ 26ന് ചീഫ് പാസ്പോര്‍ട്ട് ഓഫിസര്‍ കൂടിയായ വിദേശകാര്യ മന്ത്രാലയം ജോ. സെക്രട്ടറിയുടെ പേരില്‍ പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു ഇത്.
1989 ജനുവരി 26 മുതലാണ് ജനന സര്‍ട്ടിഫിക്കറ്റിന്‍െറ അടിസ്ഥാനത്തില്‍ പാസ്പോര്‍ട്ടില്‍ ജനന തീയതി ചേര്‍ക്കണമെന്ന വ്യവസ്ഥ നിലവില്‍ വന്നത്.
സര്‍ക്കാര്‍ ഉത്തരവിന് മുമ്പ് രണ്ടുവര്‍ഷം വരെ പഴക്കമുള്ളവയുടെ കാര്യത്തില്‍ പാസ്പോര്‍ട്ട് ഓഫിസര്‍ക്ക് തന്നെ തിരുത്താന്‍ അധികാരമുണ്ടായിരുന്നു. അതിന് മുകളിലേക്ക് പഴക്കമുള്ളവയുടെ കാര്യത്തില്‍ സിവില്‍ കോടതി ഉത്തരവിലൂടെയും തിരുത്താമായിരുന്നു.
എന്നാല്‍, ഇത് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈകോടതിയുടെ തന്നെ മറ്റൊരു സിംഗ്ള്‍ബെഞ്ച് പുതിയ ഉത്തരവിടാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചപ്രകാരമാണ് തീരുമാനം വന്നത്. അര്‍ഹതപ്പെട്ടവരുടെ ന്യായമായ അപേക്ഷ പോലും പരിഗണിക്കാനാവാത്ത സാഹചര്യത്തില്‍ അത്തരക്കാര്‍ക്ക് തിരുത്താനുള്ള അവസരം നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഉത്തരവ് നടപ്പാക്കുന്നതിന് മുമ്പ് നിശ്ചിതസമയം അനുവദിച്ചാല്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്‍െറ അടിസ്ഥാനത്തില്‍ ജനനത്തീയതി ചേര്‍ത്തവര്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റിന്‍െറ അടിസ്ഥാനത്തില്‍ തിരുത്താനുള്ള അവസരം ലഭിക്കുമെന്ന് വ്യക്തമാക്കിയ കോടതി കേസ് ഒരു മാസം കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.