കേരളം ‘യാത്ര’യിലാണ്; സെക്രട്ടേറിയറ്റില്‍ ഉത്തരവ് ഒപ്പ് കാത്തുകിടക്കുന്നതറിയാതെ

മംഗളൂരു: കേരളത്തില്‍ ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം, ആസന്നമാവുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഉന്നമിട്ട് ‘യാത്ര’കളിലാണ്. അതിനിടെ,  സംസ്ഥാന ഭരണ സിരാകേന്ദ്രത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച നിര്‍ണായക ഉത്തരവ് ഒപ്പ് കാത്തുകിടക്കുന്നത് ആരും അറിയുന്നില്ല. ത്രിതല പഞ്ചായത്ത്, നഗരസഭകളുടെ 2016-17 വാര്‍ഷിക പദ്ധതി രേഖയാണ് വിട്ട ഭാഗം പൂരിപ്പിക്കുക എന്ന പരീക്ഷാ ചോദ്യക്കടലാസ് അനുസ്മരിപ്പിക്കും വിധം കിടക്കുന്നത്. വിട്ട ഭാഗങ്ങളില്‍ ഉത്തരവ് നമ്പറും തീയതിയും ചേര്‍ക്കണം. അടിയില്‍ ഗവര്‍ണര്‍ക്കുവേണ്ടി ഒപ്പിടണം. അതുവരെ ഇത് കരടാണ്.  അയല്‍സഭകളും അനുബന്ധ സമിതികളുമായി അധികാര വികേന്ദ്രീകരണം അടിത്തട്ടില്‍ നിന്ന് തുടങ്ങാനുള്ള പുതിയ നിര്‍ദേശങ്ങളടങ്ങിയതാണ് മാര്‍ഗരേഖ. ഇതനുസരിച്ച് പ്ളാന്‍ കോഓഡിനേറ്റര്‍മാരെ  നിയമിക്കേണ്ടത് ഈ മാസം 11നായിരുന്നു.

വര്‍ക്കിങ് ഗ്രൂപ്പുകള്‍ രൂപവത്കരിക്കാനുള്ള തീയതി 16ന് കടന്നുപോയി. നടപ്പ് പദ്ധതിയുടെ ദ്രുതവിശകലനം 18നാണ് നടത്തേണ്ടത്. അവസ്ഥാ വിശകലനം സ്റ്റാറ്റസ് റിപ്പോര്‍ട്ട് തയാറാക്കല്‍, ബാങ്കുകളും സഹകരണ സ്ഥാപനങ്ങളുമായി ചര്‍ച്ച, ബന്ധപ്പെട്ടവരുമായി കൂടിയാലോചന എന്നിവ 21നാണ് നടത്തേണ്ടത്. പദ്ധതി ആസൂത്രണം, അയല്‍സഭാ യോഗങ്ങള്‍, വാര്‍ഡുതല കമ്യൂണിറ്റി പ്ളാന്‍ തയാറാക്കല്‍ എന്നിവ 27നും കമ്യൂണിറ്റി പ്ളാനുകളുടെ ക്രോഡീകരണം 28നും നടത്തേണ്ടതുണ്ട്. അടുത്ത മാസം 10നാണ് ഗ്രാമസഭകളും വാര്‍ഡ് സഭകളും ചേരേണ്ടത്. 12ന് സമഗ്ര പദ്ധതി തയാറാക്കണം. വികസന-പദ്ധതി രേഖകള്‍ തയാറാക്കേണ്ടത് 14 നാണ്. 18ന് വികസന സെമിനാര്‍ നടത്തണം.

പദ്ധതി അടങ്കലും വകയിരുത്തലും തീരുമാനിക്കേണ്ടത് 19നാണ്. 23ന് പ്രോജക്ട് തയാറാക്കണം. അടുത്ത ദിവസം പദ്ധതികള്‍ക്ക് സ്ഥിരം സമിതികള്‍ അംഗീകാരം നല്‍കണം. പിറ്റേന്ന്  പദ്ധതിക്ക് അന്തിമ രൂപം നല്‍കാനുള്ളതാണ്. പദ്ധതികള്‍ക്ക് ഭരണസമിതി അംഗീകാരം നല്‍കേണ്ട തീയതി 27. മാര്‍ച്ച് അഞ്ചിന് ജില്ലാ ആസൂത്രണ സമിതിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പദ്ധതികളും രേഖകളും പരിശോധിക്കും.15നാണ് പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കേണ്ടത്. മാര്‍ച്ച് 25ന് ബജറ്റ് അവതരിപ്പിക്കണം. ‘കില’യിലെ വിദഗ്ധര്‍ വിശദപഠനങ്ങര്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം തയാറാക്കിയ മാര്‍ഗരേഖ ആസൂത്രണ ബോര്‍ഡ് അംഗം സി.പി. ജോണിന്‍െറ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി പരിശോധിച്ച് അംഗീകരിച്ചിരുന്നു.

ഇത് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓഡിനേഷന്‍ സമിതി അംഗീകരിച്ചു. തുടര്‍ന്നാണ് ഉത്തരവിറക്കാനായി സര്‍ക്കാറിന് സമര്‍പ്പിച്ചത്. ഈ നടപടി വൈകുന്തോറും മാര്‍ഗരേഖയുടെ ക്രമം തെറ്റും. മാര്‍ച്ച് 25 ബജറ്റവതരണത്തിനുള്ള അവസാന ദിവസമാണ്. അതിനകം മറ്റു കാര്യങ്ങള്‍ പൂര്‍ത്തിയാവേണ്ടതുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം തലക്ക് മുട്ടിയാല്‍ ബജറ്റവതരണം നടക്കില്ല. പുതിയ തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതികളുടെ പ്രഥമവര്‍ഷം കടുത്ത പ്രതിസന്ധി നേരിടും.

അതിനിടെ, നടപ്പുവര്‍ഷത്തെ ഫണ്ട് വിനിയോഗം മന്ദഗതിയിലാണ്. ഈ പശ്ചാത്തലത്തില്‍ പഞ്ചായത്ത്-സാമൂഹിക നീതി മന്ത്രി മേഖല തിരിച്ച് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചര്‍ച്ച നടത്തുന്നു. ഉത്തരമേഖലാ യോഗം തിങ്കളാഴ്ച കോഴിക്കോട് ടാഗോര്‍ സെന്‍റിനറി ഹാളില്‍ നടക്കും. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം ശേഷിക്കെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം 29.03 ശതമാനം മാത്രമാണ്. ഗ്രാമപഞ്ചായത്തുകള്‍-1037.84 കോടി രൂപ (32.64 ശതമാനം), ബ്ളോക് പഞ്ചായത്തുകള്‍-232.58 കോടി (31.75), ജില്ലാ പഞ്ചായത്തുകള്‍-215.90 കോടി (23.77), നഗരസഭകള്‍-165.88 കോടി (25.90), കോര്‍പറേഷനുകള്‍-115.29 കോടി (18.12) എന്നിങ്ങനെയാണ് വിനിയോഗിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.