ഓട്ടോ-ടാക്സി നിരക്കിലും കൊള്ള

കോട്ടയം: ഇന്ധനവിലയ്ക്ക് പുറമേ വാഹനവിലയും കൂടിയെന്ന് ചൂണ്ടിക്കാട്ടി വര്‍ധിപ്പിച്ച ഓട്ടോ-ടാക്സി നിരക്കുകള്‍ പുന$പരിശോധിക്കാനും സര്‍ക്കാര്‍ തയാറാകുന്നില്ല. വാഹനങ്ങളുടെ ഇന്ധനക്ഷമതയും ഗുണനിലവാരവും വര്‍ധിക്കുകയും പെട്രോള്‍-ഡീസല്‍വില കുറയുകയും റോഡുകള്‍ അത്യാധുനിക നിലവാരത്തില്‍ എത്തുകയും ചെയ്ത സാഹചര്യത്തില്‍ കൂലി കുറച്ചാലും ഓട്ടോ-ടാക്സികള്‍ക്ക് ലാഭമാണ്.

നിരക്ക് കുറക്കുകയും ഷെയര്‍ ഓട്ടോകള്‍ ആരംഭിക്കുകയും ചെയ്താല്‍ സ്വകാര്യവാഹനങ്ങളുടെ ഉപയോഗം പിടിച്ചുനിര്‍ത്താനുമാകും. ഇന്ധനവില വര്‍ധന ചൂണ്ടിക്കാട്ടി വര്‍ധിപ്പിച്ച നിരക്കുവിലയില്‍ കുത്തനെ കുറവുണ്ടായിട്ടും പുന$പരിശോധിച്ചിട്ടില്ല. ബഹുഭൂരിപക്ഷം ഓട്ടോകളും പെട്രോളില്‍നിന്ന് ഡീസലിലേക്ക് മാറിയതും ലിറ്ററിന് 30 മുതല്‍ 35വരെ കി.മീ ഇന്ധനക്ഷമത കിട്ടുന്നതും കണക്കിലെടുത്തിട്ടില്ളെന്ന് അന്നേ ആക്ഷേപമുയര്‍ന്നിരുന്നു.

2014 ഒക്ടോബര്‍ ഒന്നിനാണ് ഓട്ടോ-ടാക്സി നിരക്ക് കൂട്ടിയത്. ഓട്ടോകളുടെ മിനിമം 20 രൂപയായും ഏഴു സീറ്റ് വരെയുള്ള മോട്ടോര്‍ കാബുകളുടെ നിരക്ക് 150 രൂപയുമായാണ് വര്‍ധിപ്പിച്ചത്. 2012 നവംബര്‍ 30 മുതല്‍ ഇത് യഥാക്രമം 15ഉം 100ഉം രൂപയായിരുന്നു. ഓട്ടോകളില്‍ മിനിമംനിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം 1.25 കിലോമീറ്ററില്‍നിന്ന് 1.50 കിലോമീറ്ററായത് മാത്രമാണ് നേരിയ ആശ്വാസം. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുതിയനിരക്ക് നിശ്ചയിച്ചത്.

മുനിസിപ്പാലിറ്റികളും ടൗണുകളും ഒഴികെയുള്ള സ്ഥലങ്ങളിലും ഹൈറേഞ്ചിലും അഞ്ചു കിലോമീറ്ററിന് മുകളിലുള്ള യാത്രക്ക് 50 ശതമാനം അധികനിരക്ക് വാങ്ങാനും അനുമതിനല്‍കി. കോര്‍പറേഷന്‍ അതിര്‍ത്തിയില്‍ രാത്രി 10നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ മീറ്ററില്‍ കാണുന്ന തുകയുടെ പകുതികൂടി വാങ്ങാം. മോട്ടോര്‍ കാബുകള്‍ നാലു മണിക്കൂര്‍ കാത്തുനില്‍ക്കുന്നതിന് മിനിമംനിരക്കിന് തുല്യമായ തുക ഈടാക്കാം. ഉയര്‍ന്നശ്രേണിയിലുള്ള വാഹനങ്ങളില്‍ വാടകയുടെ 10 ശതമാനം അധികം വാങ്ങാമെന്നും നിര്‍ദേശിച്ചിരുന്നു.

മോട്ടോര്‍ കാബുകളുടെ മിനിമം നിരക്കും നാലു മണിക്കൂര്‍ കാത്തുനില്‍ക്കുന്നതിനുള്ള നിരക്കും 200 രൂപയാക്കണമെന്നാണ് രാമചന്ദ്രന്‍ കമ്മിറ്റി നിര്‍ദേശിച്ചതെങ്കിലും സര്‍ക്കാര്‍ തള്ളി. ടാക്സികളായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ വിലയിലടക്കം വന്‍ വര്‍ധനയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിരക്ക് ശിപാര്‍ശ ചെയ്തത്.

എന്നാല്‍, യാത്രക്കാര്‍ക്കൊപ്പം ചരക്കും കയറ്റാവുന്ന നിലയിലാണ് മിക്ക ഓട്ടോകളും നിര്‍മിക്കുന്നത്. മൂന്നുപേര്‍ക്ക് കയറാവുന്ന ഓട്ടോയില്‍ ഒരാള്‍മാത്രം യാത്ര ചെയ്യുന്നത് പതിവായതിനാല്‍ ഷെയര്‍ ഓട്ടോകള്‍ക്ക് അനുമതി നല്‍കണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചിരുന്നുവെങ്കിലും  പരിഗണിച്ചില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.